പ്രതിപക്ഷ നേതാവില്ല; വിഴിഞ്ഞം ഉദ്ഘാടനത്തിന് ബി ജെ പി പ്രസിഡന്റിന് ക്ഷണം

പ്രതിപക്ഷ നേതാവില്ല; വിഴിഞ്ഞം ഉദ്ഘാടനത്തിന് ബി ജെ പി പ്രസിഡന്റിന് ക്ഷണം


തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്ഘാടനച്ചടങ്ങിലേക്ക് ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരനെ ക്ഷണിച്ചത് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശപ്രകാരമാണെന്ന് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

രാജീവ് ചന്ദ്രശേഖറിനെ ഉള്‍പ്പെടുത്തിയത് ബി ജെ പി അധ്യക്ഷന്‍ എന്ന നിലയില്‍ അല്ലെന്നും പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണെന്നും പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്ന് ഇത്തരമൊരു കാര്യം പറയുമ്പോള്‍ നിരാകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

നേരത്തെ കൊച്ചി മെട്രോ ഉദ്ഘാടനത്തില്‍ പട്ടികയിലില്ലാതിരുന്ന ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പ്രധാനമന്ത്രിയോടൊപ്പം പങ്കെടുത്തത് വിവാദമായിരുന്നു. ഔദ്യോഗിക പരിപാടികളില്‍ ഇത്തരത്തില്‍ പാര്‍ട്ടി നേതാക്കളെ ക്ഷണിക്കുന്ന പതിവില്ലെങ്കിലും പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ട് ബി ജെ പി സംസ്ഥാന പ്രസിഡന്റിനെ ഉള്‍പ്പെടുത്തുകയായിരുന്നു.

വിഴിഞ്ഞം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അറിയിച്ചു. ഉദ്ഘാടന ദിവസം രാവിലെ പത്തരയ്ക്ക് കോഴിക്കോട് യു ഡി എഫ് യോഗം നിശ്ചയിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവാണ് യോഗത്തിന്റെ അധ്യക്ഷന്‍. ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്നു പട്ടിക കിട്ടിയ ഉടന്‍ പ്രതിപക്ഷ നേതാവിനു കത്തയച്ചിട്ടും മറുപടി ലഭിച്ചില്ലെന്ന് മന്ത്രി പറഞ്ഞു.

ഉദ്ഘാടനവുമായി ബന്ധപ്പെട്ട് 21ന് സംഘാടകസമിതി യോഗം ചേര്‍ന്നപ്പോള്‍ എം എല്‍ എയെയും എം പിയെയും ക്ഷണിച്ചിരുന്നുവെങ്കിലും  യു ഡി എഫ് പ്രതിനിധികളായ ഇരുവരും പങ്കെടുത്തിരുന്നില്ലെന്നും 23ന് സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനത്തിനും അവര്‍ എത്തിയില്ലെങ്കിലും അവരുടെ പേര് ഉള്‍പ്പെടുത്തിയാണ് പട്ടിക കൊടുത്തതെന്നും ഇതില്‍ രാഷ്ട്രീയം നോക്കിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവിനെ ചടങ്ങിലേക്ക് ക്ഷണിച്ചു എന്ന് വരുത്തുകയായിരുന്നു സര്‍ക്കാര്‍ എന്നാണ് കോണ്‍ഗ്രസിന്റേയും യു ഡി എഫിന്റേയും പൊതുവികാരം. അപമാനിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് നിന്നു കൊടുക്കേണ്ടെന്നാണ് തീരുമാനം. പ്രതിപക്ഷ നേതാവിനെ ഉദ്ഘാടനത്തിലേക്ക് ക്ഷണിക്കാത്തത് വിവാദമായതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ക്ഷണിച്ചതെന്നുമാണ് യു ഡി എഫ് നേതാക്കള്‍ പറയുന്നത്.