കേരളത്തിന് അനുവദിച്ച 600 കോടി അഡ്വാന്‍സ് മാത്രം; ഇനിയും സഹായം നല്‍കും: ഗവര്‍ണറോട് പ്രധാനമന്ത്രി

Sun,Aug 26,2018


ന്യൂഡല്‍ഹി: കേരളത്തിനുള്ള പ്രളയ ദുരിതാശ്വാസം 600 കോടിയില്‍ ഒതുക്കില്ലെന്നും ഇത് അഡ്വാന്‍സ് മാത്രമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി.
കേരളത്തിനുള്ള തുടര്‍ സഹായങ്ങള്‍ ഉറപ്പാക്കുമെന്നും തന്നെ സന്ദര്‍ശിച്ച ഗവര്‍ണര്‍ പി സദാശിവത്തിന് പ്രധാനമന്ത്രി ഉറപ്പുനല്‍കി.
പ്രളയം മൂലം കേരളത്തിലെ ജനങ്ങള്‍ നേരിട്ട യാതനയെയും സംസ്ഥാനത്തെ രക്ഷാ, പുനരധിവാസപ്രവര്‍ത്തനങ്ങളെയും പറ്റി ഗവര്‍ണര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് യാതൊരു മടിയും കൂടാതെ സമയോചിതമായി തന്നെയാണ് സഹായം നല്‍കിയിട്ടുള്ളതെന്നും ഓഗസ്റ്റ് 17, 18 തീയതികളിലെ കേരള സന്ദര്‍ശനത്തിനുശേഷം രക്ഷാപ്രവര്‍ത്തനം താന്‍ കൃത്യമായി എന്നും നിരീക്ഷിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ഗവര്‍ണറെ അറിയിച്ചു. തന്റെ നിര്‍ദേശപ്രകാരം തന്നെയാണ് കാബിനറ്റ് സെക്രട്ടറി അദ്ധ്യക്ഷനായ ദേശീയ ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി നിത്യേന യോഗം ചേര്‍ന്ന് ഓഗസ്റ്റ് 16 മുതല്‍ 21 വരെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്തത്. ഉയര്‍ന്ന സൈനിക, സിവില്‍ ഉദ്യോഗസ്ഥരും ദേശീയ ദുരന്തനിവാരണസേനാ പ്രതിനിധികളും മറ്റുമടങ്ങിയ ഈ സമിതിയില്‍ കേരള ചീഫ് സെക്രട്ടറി വീഡിയോ കോണ്‍ഫറന്‍സിങ്ങ് വഴി പങ്കെടുത്തിരുന്നു.
ഈ യോഗങ്ങളുടെ പശ്ചാത്തലത്തിലാണ് 40 ഹെലിക്കോപ്റ്റര്‍ 31 വിമാനം, 182 രക്ഷാടീമുകള്‍, 18 സൈനിക മെഡിക്കല്‍ സംഘങ്ങള്‍, 58 ദേശീയ ദുരന്തനിവാരണസേനാ ടീമുകള്‍ , ഏഴു കമ്പനി കേന്ദ്ര സായുധസേന , നേവി , കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍, രക്ഷാസന്നാഹങ്ങളുള്ള 500 ബോട്ടുകള്‍ എന്നിവയെ വിന്യസിച്ചുകൊണ്ട് കേന്ദ്രം ഒരു വിപുലമായ രക്ഷാപ്രവര്‍ത്തനം നടത്തിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
നോട്ടിഫൈ ചെയ്യപ്പെട്ട ഏത് ദുരന്തത്തിലും രക്ഷാപ്രവര്‍ത്തനത്തിനായി ധനസഹായമനുവദിക്കുന്നത് ദേശീയ, സംസ്ഥാന പ്രതികരണനിധിയുടെ മാനദണ്ഡം അനുസരിച്ചാണ്. സംസ്ഥാന ദുരന്തപ്രതികരണനിധിഎന്ന നിലയില്‍ ഓരോ സംസ്ഥാനത്തിനും അനുവദിച്ച ഫണ്ടിന്റെ 75% തുകയും ധനകാര്യ കമ്മീഷന്‍ അനുമതിപ്രകാരം കേന്ദ്രം നല്‍കിയിട്ടുള്ളതാണ്. പ്രത്യേക പരിഗണയര്‍ഹിക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് സംസ്ഥാന ദുരന്ത പ്രതികരണനിധിയിലേക്ക് 90% ആണ് കേന്ദ്രം നല്‍കുക.
സംസ്ഥാനത്ത് വെള്ളപ്പൊക്കമുണ്ടായപ്പോള്‍ ജൂലൈ 21ന് സര്‍ക്കാര്‍ ഒരു ഇടക്കാല മെമ്മോറാണ്ടം കേന്ദ്രത്തിന് നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് 12 ന് ഒരു കേന്ദ്ര ഇന്റര്‍ മിനിസ്റ്റീരിയല്‍ ടീം കേരളം സന്ദര്‍ശിച്ച് നഷ്ടത്തിന്റെ കണക്കെടുത്തിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ രാജ്‌നാഥ് സിംഗ്, സഹമന്ത്രി ശ്രീ കിരണ്‍ റിജിജു എന്നിവരുടെ സന്ദര്‍ശനവും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
ഇപ്പോഴത്തെ പ്രളയം വരുത്തിയ നഷ്ടത്തെക്കുറിച്ചുള്ള ഒരു അഡീഷണല്‍ മെമോറാണ്ടം രക്ഷാപ്രവര്‍ത്തനം തീരുന്നമുറയ്ക്ക് സംസ്ഥാനം നല്‍കുമെന്നാണ് അറിയുന്നത്. എന്നാല്‍, ഇതിനുള്ള കാലതാമസം പരിഗണിച്ചാണ് 600 കോടി രൂപ സഹായമായി അനുവദിച്ചത്. ഇതാകട്ടെ, സംസ്ഥാന ദുരന്ത പ്രതികരണനിധിയിലേക്ക് കേരളത്തിന് നല്‍കിയിട്ടുള്ള 562.45 കോടി രൂപയ്ക്കു പുറമേയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ സാമ്പത്തിക സഹായത്തിനുപുറമേ ആഹാരം, ജലം, മരുന്നുകള്‍, ധാന്യങ്ങള്‍ തുടങ്ങിയവയും കേരളത്തിന്റെ ആവശ്യമനുസരിച്ച് എത്തിക്കാന്‍ കഴിഞ്ഞു. കേരളത്തിലെ അടിയന്തരസാഹചര്യം പരിഗണിച്ച നടപടിക്രമങ്ങള്‍ ഒഴിവാക്കിയാണ് സഹായം എത്തിച്ചത്.
ഇപ്പോള്‍ അനുവദിച്ചിട്ടുള്ള 600 കോടി രൂപ കേരളത്തിനുള്ള സഹായത്തിന്റെ അഡ്വാന്‍സ് മാത്രമാണ്. ദേശീയ ദുരന്ത പ്രതികരണനിധിയുടെ മാനദണ്ദമനുസരിച്ച് അധിക ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി ഗവര്‍ണര്‍ക്ക് ഉറപ്പുനല്‍കി.
പ്രധാനമന്ത്രിയെ കണ്ടശേഷം ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ രാജ് നാഥ് സിംഗിനെയും സന്ദര്‍ശിച്ച് സംസ്ഥാനത്തെ ക്രമസമാധാനത്തെയും അതിനെക്കാള്‍ പ്രധാനമയി രക്ഷാ , പുനരധിവാസ പ്രവര്‍ത്തനത്തെയും കുറിച്ച് ധരിപ്പിച്ചു. നഷ്ടങ്ങളുടെ കണക്കെടുപ്പ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് അധിക ധനസഹായം ലഭ്യമാക്കുമെന്ന് അദ്ദേഹവും ഉറപ്പുനല്‍കി.

Other News

  • റഫേല്‍ യുദ്ധവിമാന ഇടപാടിന്റെ വിലവിവരങ്ങള്‍ കേന്ദ്രം സുപ്രീം കോടതിയില്‍ നല്‍കി
  • മദ്യപരിശോധനയില്‍ പരാജയപ്പെട്ടു; എയര്‍ ഇന്ത്യ ഓപ്പറേഷന്‍സ് ഡയറക്ടറെ വിമാനം പറത്താന്‍ അനുവദിച്ചില്ല
  • പതിനാറുകാരിയെ പതിനേഴുകാരനായ കാമുകന്‍ കൊന്ന് കത്തിച്ചു; കൊലപാതകം ഗര്‍ഭിണി ആയെന്ന സംശയത്തെ തുടര്‍ന്ന്
  • മുസ്ലീം പള്ളിയ്ക്ക് മഹാവിഷ്ണുവിന്റെ പേരിടുമെന്ന് ബിജെപി വക്താവ് സംബിത് പത്ര ടെലിവിഷന്‍ ചര്‍ച്ചയില്‍
  • കശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
  • അയോധ്യയില്‍ ബുദ്ധന്റെ പ്രതിമയും വേണമെന്ന് ബിജെപി എംപി
  • താലിബാനുമായി ചര്‍ച്ച നടത്തുന്നുവെന്ന വാർത്ത തള്ളി ഇന്ത്യ; പങ്കെടുക്കുന്നത് നിരീക്ഷകരായി
  • തെലങ്കാനയില്‍ അധികാരത്തില്‍ വന്നാല്‍ ഹൈദരാബാദിന്റെ പേര് മാറ്റുമെന്ന് ബിജെപി
  • റഷ്യയില്‍ നടക്കുന്ന അഫ്ഗാന്‍ സമാധാന ചര്‍ച്ചയില്‍ താലിബാനുമായി ഇതാദ്യമായി ഇന്ത്യ വേദി പങ്കിടുന്നു
  • ആര്‍ബിഐ 'പിടിച്ചെടുക്കാന്‍' ഗവണ്‍മെന്റ് ശ്രമിക്കുന്നു: പി ചിദംബരം
  • അയോദ്ധ്യയില്‍ രാമന്റെ പ്രതിമ സ്ഥാപിക്കാനൊരുങ്ങി യോഗി ആദിത്യനാഥ്
  • Write A Comment

     
    Reload Image
    Add code here