മുന്‍ പ്രധാനമന്ത്രി വാജ്‌പേയ് വിടവാങ്ങി

Thu,Aug 16,2018


ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ അടല്‍ ബിഹാരി വാജ്പേയ് അന്തരിച്ചു. 94 വയസായിരുന്നു.
അസുഖബാധയെ തുടര്‍ന്ന് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഏറെക്കാലമായി ആരോഗ്യസ്ഥിതി മോശമായിരുന്ന വാജ്‌പേയിയെ തിങ്കളാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂത്രാശയ സംബന്ധമായ അണുബാധയുള്ളതായി ബുധനാഴ്ച ആശുപത്രി അധികൃതര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ ഇരു വൃക്കകളുടെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം തീര്‍ത്തും മോശമായിരുന്നു.
വ്യാഴാഴ്ച ആരോഗ്യസ്ഥിതി കൂടുതല്‍ മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. അവിവാഹിതനാണ്.
മൂന്നു തവണ ഇന്ത്യന്‍ പ്രധാനമന്ത്രിയായ വാജ്‌പേയി, ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഭരണത്തില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്ന കോണ്‍ഗ്രസുകാരനല്ലാത്ത പ്രധാനമന്ത്രിയാണ്.
1996ല്‍ 13 ദിവസവും 1998ല്‍ 13 മാസവും അധികാരത്തിലിരുന്ന അദ്ദേഹം 1999-2004 കാലത്ത് പ്രധാനമന്ത്രിയായി അഞ്ചുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കി. 1977ല്‍ മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ രണ്ടുവര്‍ഷം വിദേശകാര്യ മന്ത്രിയുമായിരുന്നു.
ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ ദിവസം മാത്രം പ്രധാനമന്ത്രി പദവിയിലിരുന്നയാള്‍ എന്ന പദവിയും വാജ്പേയിക്കാണ്. ആദ്യവട്ടം അധികാരത്തിലെത്തിയ വാജ്പേയ് പതിമൂന്ന് ദിവസം മാത്രമാണ് അധികാരത്തിലിരുന്നത്. 1996 മെയ് 16ന് പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ ആദ്യ മന്ത്രിസഭ 13 ദിവസത്തിനു ശേഷം രാജിവെച്ചു.
1998ല്‍ വീണ്ടും അധികാരത്തിലെത്തിയെങ്കിലും 1999ല്‍ എ. ഐ. എ. ഡി. എം. കെ പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്ന് നടന്ന വിശ്വാസവോട്ട് അതിജീവിക്കാന്‍ കഴിഞ്ഞില്ല. 1999ല്‍ നടന്ന പൊതുതിരഞ്ഞടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ ഭൂരിപക്ഷം നേടിയപ്പോള്‍ വീണ്ടും പ്രധാനമന്ത്രിയായി.
2004ലെ പൊതുതിരഞ്ഞെടുപ്പ് വരെ തല്‍സ്ഥാനത്ത് തുടര്‍ന്നു. ജവഹര്‍ലാല്‍ നെഹ്്റുവിനു ശേഷം തുടര്‍ച്ചയായി രണ്ടു തവണ പ്രധാനമന്ത്രിയായ ആദ്യ നേതാവാണ് വാജ്പേയി. കാലാവധി പൂര്‍ത്തിയാക്കുന്ന ആദ്യ കോണ്‍ഗ്രസിതര സര്‍ക്കാറും ഇതായിരുന്നു. പൊഖ്റാന്‍ ആണവ പരീക്ഷണവും(മേയ് 1998) കാര്‍ഗില്‍ യുദ്ധവും 2001ലെ പാര്‍ലിമെന്റ് ആക്രമണവും നടന്നത് വാജ്പേയിയുടെ ഭരണകാലത്തായിരുന്നു.
ഉത്തര്‍പ്രദേശില്‍ നിന്നും മധ്യപ്രദേശിലെ ഗ്വാളിയോറിലേക്ക് കുടിയേറിയ ഒരു ഇടത്തരം ബ്രാഹ്മണകുടുംബത്തില്‍ കൃഷ്ണ ദേവിയുടെയും കൃഷ്ണ ബിഹാരി വാജ്പേയിയുടെയും മകനായി 1924 ഡിസംബര്‍ 25നാണ് വാജ്പേയി ജനിച്ചത്. ഗ്വാളിയറിലെ വിക്ടോറിയ കോളേജില്‍ നിന്ന് സംസ്‌കൃതം, ഹിന്ദി, ഇംഗ്ലീഷ് എന്നിവയില്‍ ഡിസ്റ്റിങ്ഷനോടെ ബിരുദവും കാണ്‍പൂര്‍ ഡി.എ.വി. കോളേജില്‍ (ദയാനന്ദ് ആന്‍ഗ്ലോ വൈദിക് മഹാവിദ്യാലയം) നിന്ന് രാഷ്ട്രതന്ത്രത്തില്‍ ഒന്നാം ക്ലാസ്സോടെ ബിരുദാനന്തര ബിരുദവും നേടി. 1942 ലെ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിലൂടെ ദേശീയ രാഷ്ട്രീയത്തില്‍ പ്രവേശിച്ച വാജ്പേയി സ്വതന്ത്ര ഇന്ത്യയുടെ ആഭ്യന്തരവും വൈദേശികവുമായ പല നയങ്ങളും രൂപപ്പെടുത്തുന്നതില്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
1951ല്‍ ഭാരതീയ ജന സംഘത്തിന്റെയും പിന്നീട് 1977-80 കാലഘട്ടത്തില്‍ ജനതാ പാര്‍ട്ടിയുടെയും സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു. 1979ല്‍ മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനത പാര്‍ട്ടി മന്ത്രിസഭ രാജിവെച്ചപ്പോള്‍ മറ്റു ചില നേതാക്കള്‍ക്കൊപ്പം ഭാരതീയ ജനതാ പാര്‍ട്ടി എന്ന പുതിയ സംഘടന ഉണ്ടാക്കി. 1980-86 കാലയളവില്‍ അദ്ദേഹം ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രസിഡന്റായിരുന്നു.
1957ലെ രണ്ടാം ലോകസഭ മുതല്‍ ഒന്‍പതു തവണ ലോകസഭയിലേക്കും രണ്ടു തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. പ്രഭാഷകനെന്ന നിലയിലും കവിയായും പ്രശസ്തി നേടി.
2005 ഡിസംബറില്‍ മുംബൈയില്‍ നടന്ന റാലിയില്‍ വെച്ച് സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ചതായി പ്രഖ്യാപിച്ചു. 2009 മുതല്‍ സ്മൃതിനാശവും അവശതയും അനുഭവിച്ച അദ്ദേഹം, ദല്‍ഹി കൃഷ്ണന്‍മാര്‍ഗിലെ 6എ വസതിയില്‍ ശയ്യാവലംബിയായിരുന്നു. ഏതാനും ദിവസം മുമ്പാണ് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് എയിംസിലേക്ക് മാറ്റിയത്. 2004-ല്‍ രാജ്യം ഭാരതരത്ന നല്‍കി ആദരിച്ചു. നിരവധി കവിതാ സമാഹാരങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Other News

 • പുല്‍വാമ സംഭവത്തില്‍ ഇന്ത്യ തുടങ്ങിയ സൈനിക നടപടി നിറുത്തിവെച്ചില്ലെങ്കില്‍ തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാന്റെ മുന്നറിയിപ്പ്
 • പുല്‍വാമ ഭീകരാക്രമണം; മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയം യു.എന്‍ രക്ഷാസമിതിയില്‍ ഫ്രാന്‍സ് അവതരിപ്പിക്കും
 • ബംഗളൂരുവില്‍ വ്യോമസേനയുടെ വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഒരു പൈലറ്റ് കൊല്ലപ്പെട്ടു; അപകടം പരിശീലനത്തിനിടയില്‍
 • ഇന്ത്യയിലെ നയതന്ത്ര പ്രതിനിധിയെ പാക്കിസ്ഥാന്‍ തിരികെ വിളിച്ചു; ഹൈക്കമ്മീഷണര്‍ സുഹൈല്‍ മുഹമ്മദ് ഇന്ത്യവിട്ടു
 • പുല്‍വാമ ഭീകരാക്രമണം; വീരമൃത്യു വരിച്ച സൈനികരുടെ മക്കള്‍ക്ക് വിദ്യാഭ്യാസവും ജോലിയും നല്‍കാന്‍ തയാറെന്ന് റിലയന്‍സ് ഫൗണ്ടേഷന്‍
 • കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; നാലു സൈനികര്‍ക്ക് കൂടി വീരമൃത്യു; ഒരു ഗ്രാമീണനും കൊല്ലപ്പെട്ടു
 • പുല്‍വാമ ആക്രണം: കൊലയാളികള്‍ക്ക് തിരിച്ചടി നല്‍കി ഇന്ത്യന്‍ സേന; രണ്ട് ഭീകരരെ വധിച്ചു
 • പാക്കിസ്ഥാനിലെ പട്ടാള ഹോസ്പിറ്റലില്‍ നിന്ന് പുല്‍വാമ ഭീകരാക്രമണത്തിനു നിര്‍ദേശം നല്‍കിയത് മസൂദ് അസര്‍
 • പുല്‍വാമ ഭീകരാക്രമണം; പാക്കിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ സാധനങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി 200 ശതമാനമാക്കി
 • ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; ലക്ഷ്യം തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: രജനീകാന്ത്
 • കശ്മീരിലെ അഞ്ച് വിഘടന വാദി നേതാക്കള്‍ക്ക് നല്‍കിയിരുന്ന സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു; രാജ്യമെമ്പാടും കശ്മീരികള്‍ക്കുനേരെ ആക്രമണം
 • Write A Comment

   
  Reload Image
  Add code here