രാഷ്ട്രീയവും, സാഹിത്യവും, സിനിമയും സമന്വയിപ്പിച്ച അപൂര്‍വ പ്രതിഭ

Tue,Aug 07,2018


ചെന്നൈ: മലയാളി അറിയുന്ന കരുണാനിധി കടുംപിടുത്തക്കാരനായ രാഷ്ട്രീയക്കാരനാണ്; മക്കള്‍ രാഷ്ട്രീയത്തിന്റെ വക്താവും. എന്നാല്‍ ഈ ധാരണകള്‍ക്ക് അപ്പുറമുളള വ്യക്തിത്വം അദ്ദേഹത്തിനുണ്ടായിരുന്നു. രാഷ്ട്രീയവും കവിതയും ചലച്ചിത്ര സാഹിത്യവും ഇഴയിട്ട അപൂര്‍വ പ്രതിഭ. വാക്കുകളില്‍ കവിത ചാലിച്ച പ്രഭാഷകന്‍. പതിനൊന്നു വട്ടം നിയമസഭയിലെത്തി, അവിടെ 50 വര്‍ഷം പിന്നിട്ട തമിഴ്‌നാട്ടിലെ ഏക നേതാവ്.
തമിഴകത്ത് രാഷ്ട്രീയത്തിലേക്കുളള എളുപ്പ വഴികളിലൊന്ന് സിനിമയാണ്. അഭ്രപാളികളില്‍നിന്ന് അധികാരത്തിലേക്കുളള കുറുക്കുവഴിയാണ് അവിടെ രാഷ്ട്രീയം. ഇത് നന്നായി അറിഞ്ഞവരായിരുന്നു ഡിഎംകെ നേതാക്കളായ സി.എന്‍. അണ്ണാദുരെയും എം.കരുണാനിധിയും. ഇരുവരും സിനിമയെ പിന്‍തുടര്‍ന്ന് രാഷ്ട്രീയത്തില്‍ വേരുറപ്പിച്ചവര്‍. അണ്ണായാകട്ടെ കരുണാനിധിക്ക് രാഷ്ട്രീയ ഗുരുവും. നിരക്ഷരരായ തമിഴ് മക്കള്‍ക്കു മേല്‍ തന്റെ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം സിനിമയാണെന്ന് കണ്ടെത്തിയ അണ്ണായാണ് പ്രസംഗപാടവവും രചനാവൈഭവവും ഒരു രാഷ്ട്രീയ ആയുധമാക്കാന്‍ കരുണാനിധിയെ പഠിപ്പിച്ചത്.
നാടകത്തിലൂടെ ആയിരുന്നു കലാരംഗത്ത് കരുണാനിധിയുടെ തുടക്കം. ഇരുപതാം വയസ്സില്‍ ജൂപ്പിറ്റര്‍ പിക്‌ചേഴ്‌സിന്റെ 'രാജകുമാരി' എന്ന സിനിമയ്ക്കു വേണ്ടി ആദ്യമായി സംഭാഷണമെഴുതി. ഈ ചിത്രത്തിന്റെ സെറ്റില്‍വച്ചാണ് എംജിആറുമായി പരിചയപ്പെടുന്നതും സൗഹൃദത്തിലാകുന്നതും. അന്നു കോണ്‍ഗ്രസുകാരനായിരുന്ന എംജിആറിനെ ദ്രാവിഡ പ്രസ്ഥാനത്തിലേക്കു കൊണ്ടുവന്നതും കലൈജ്ഞര്‍ തന്നെ. കന്നിച്ചിത്രം തന്നെ വന്‍വിജയം. കരുണാനിധിക്കു മികച്ച തിരക്കഥാകൃത്ത് എന്ന ലേബലും എംജിആറിനു വെള്ളിത്തിരയില്‍ ഉയരങ്ങളിലേക്കുളള ചവിട്ടുപടിയുമായി ആ ചിത്രം.
കരുണാനിധിയുടെ പേരുവച്ച് പുറത്തിറങ്ങിയ ആദ്യചിത്രം 'മരുതനാട്ട് ഇളവരശി'യായിരുന്നു. (ആദ്യ ചിത്രമായ രാജകുമാരിക്ക് സംഭാഷണം എഴുതിയെങ്കിലും പടം റിലീസായപ്പോള്‍ മറ്റൊരാളുടെ പേരാണ് പ്രത്യക്ഷപ്പെട്ടത്.) 1950 ല്‍ റിലീസുചെയ്ത 'മരുതനാട്ട് ഇളവരശി'യിലെ നായികാനായകന്മാര്‍ എംജിആറും ജാനകിയുമായിരുന്നു. അവരുടെ പ്രണയം മൊട്ടിട്ടതും ചിത്രത്തിന്റെ ഈ സെറ്റില്‍. 1954 ല്‍ എംജിആറിനെ സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ത്തിയ 'മാലൈ കളളന്‍' എന്ന വമ്പന്‍ ഹിറ്റിനു പിന്നിലും കരുണാനിധി തന്നെ.
ഓരോ സിനിമയിലൂടെയും കരുണാനിധി ഒരു രാഷ്ട്രീയ സന്ദേശം നല്‍കിയിരുന്നു. മൊത്തം എഴുപതോളം തിരക്കഥകളും നൂറോളം പുസ്തകങ്ങളും കലൈജ്ഞരുടെ തൂലികയില്‍ പിറന്നു. തമിഴ് ക്ലാസിക്കായ ചിലപ്പതികാരത്തെ ആസ്പദമാക്കി രചിച്ച പൂം പുഹാര്‍, മന്ത്രികുമാരി, പരാശക്തി (ശിവാജി ഗണേശനെ താരമാക്കിയത് ഈ ചിത്രമാണ്), മനോഹര, തിരുമ്പിപ്പാര്‍, തായില്ലാപിളള, രാജാ റാണി, പൂക്കാരി, കണ്ണമ്മ... അങ്ങനെ എത്രയോ ചിത്രങ്ങള്‍. തിരക്കഥാകൃത്ത്, സംഭാഷണ രചയിതാവ്, ഗാനരചയിതാവ്, നിര്‍മാതാവ് എന്നീ നിലകളിലെല്ലാം അദ്ദേഹം തിളങ്ങി. കരുണാനിധി പാര്‍ട്‌നറായ മേഖലാ പിക്‌ചേഴ്‌സാണ് 'മറക്കമുടിയുമാ', 'വാലിബ വിരുന്ന്' എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചത്. അദ്ദേഹത്തിന്റെ അടുത്ത ബന്ധുവും പില്‍ക്കാലത്ത് കേന്ദ്രമന്ത്രിയുമായ മുരശൊലി മാരന്‍ സംവിധായകനായതും വാലിബ വിരുന്നിലൂടെ തന്നെ. സിനിമയിലെത്തും മുന്‍പേ കലൈജ്ഞര്‍ രാഷ്ട്രീയത്തില്‍ ഹരിശ്രീ കുറിച്ചു. ഇ.വി. രാമസ്വാമി പെരിയോറിന്റെ ശിഷ്യനായാണ് പൊതുപ്രവര്‍ത്തനം തുടങ്ങിയത്. 1949 ല്‍ സി.എന്‍.അണ്ണാദുരൈ ഡിഎംകെ സ്ഥാപിച്ചപ്പോള്‍ ഒപ്പംചേര്‍ന്ന അദ്ദേഹം 1957 ല്‍ കുളിത്തലൈയിലെ ആദ്യ പോരാട്ടത്തില്‍ വിജയിച്ചു. 1961 ല്‍ പാര്‍ട്ടി ട്രഷററായ അദ്ദേഹം പിന്നീട് പ്രതിപക്ഷ നേതാവായി. 1967 ല്‍ മന്ത്രി, 1969ല്‍ അണ്ണാ മരിച്ചപ്പോള്‍ മുഖ്യമന്ത്രി.
1971 ല്‍ വീണ്ടും മുഖ്യമന്ത്രിയായി. 1972 ല്‍ അടുത്ത സുഹൃത്തും രാഷ്ട്രീയ തോഴനുമായിരുന്ന എം.ജി.ആറുമായി തെറ്റിപ്പിരിഞ്ഞു. ഡിഎംകെയില്‍ നിന്നു പുറത്തായ എം.ജി.ആര്‍. എഡിഎംകെ (അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം പിന്നീട് അത് എഐഎഡിഎംകെ ആയി) രൂപീകരിച്ചു. 1975 ല്‍ കരുണാനിധി മന്ത്രിസഭയെ ഇന്ദിരാഗാന്ധി പിരിച്ചുവിട്ടു. എംജിആറുമായി തെറ്റിയതു മുതല്‍ രാഷ്ട്രീയ ഗ്രഹണത്തിന്റെ കാലമായിരുന്നു കരുണാനിധിക്ക്. 1977 മുതല്‍ 1987 ല്‍ അന്ത്യംവരെയും എംജിആര്‍ മുഖ്യമന്ത്രി, കരുണാനിധി പ്രതിപക്ഷ ബെഞ്ചിലും. എംജിആറിന്റെ മരണശേഷമാണ് കരുണാനിധിക്ക് മുഖ്യമന്ത്രിക്കസേര വീണ്ടുകിട്ടിയത്. രാഷ്ട്രീയഅതിജീവനത്തിന്റെ കനല്‍പ്പാതകളില്‍ എണ്ണമറ്റ പ്രതിസന്ധികളെ മറികടന്ന ചരിത്രം കരുണാനിധിക്കുണ്ട്. കരുണാനിധി ഇല്ലാത്ത ഡിഎംകെക്ക് ആ കഴിവുണ്ടോയെന്നാണ് ഇനി അറിയേണ്ടതും.

Other News

  • ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ജാവാ ബൈക്കുകള്‍ പുനരവതരിക്കുന്നു
  • റഫേല്‍ ഇടപാട്: വ്യോമസേന ഉദ്യോഗസ്ഥര്‍ ഉടന്‍ഹാജരാകണമെന്ന് സുപ്രീംകോടതി
  • മുംബൈയിലെ ഫ്‌ലാറ്റില്‍ തീപ്പിടിത്തം; രണ്ടുപേര്‍ മരിച്ചു
  • ദേശസ്‌നേഹം വളര്‍ത്താന്‍ റെയില്‍വെയും: രാജ്യത്തെ 75 റെയില്‍വെ സ്‌റ്റേഷനുകളില്‍ നൂറ് അടി പൊക്കത്തില്‍ ദേശീയ പതാകകള്‍ സ്ഥാപിക്കും
  • കൂടുതല്‍ മദ്യം നല്‍കിയില്ല; വിദേശ യാത്രക്കാരി എയര്‍ ഇന്ത്യ വിമാനത്തില്‍ അസഭ്യ വര്‍ഷം നടത്തി, ഫ്‌ളൈറ്റ് അറ്റന്‍ഡിനെ മര്‍ദിച്ചു
  • റഫേല്‍ യുദ്ധവിമാന ഇടപാടിന്റെ വിലവിവരങ്ങള്‍ കേന്ദ്രം സുപ്രീം കോടതിയില്‍ നല്‍കി
  • മദ്യപരിശോധനയില്‍ പരാജയപ്പെട്ടു; എയര്‍ ഇന്ത്യ ഓപ്പറേഷന്‍സ് ഡയറക്ടറെ വിമാനം പറത്താന്‍ അനുവദിച്ചില്ല
  • പതിനാറുകാരിയെ പതിനേഴുകാരനായ കാമുകന്‍ കൊന്ന് കത്തിച്ചു; കൊലപാതകം ഗര്‍ഭിണി ആയെന്ന സംശയത്തെ തുടര്‍ന്ന്
  • മുസ്ലീം പള്ളിയ്ക്ക് മഹാവിഷ്ണുവിന്റെ പേരിടുമെന്ന് ബിജെപി വക്താവ് സംബിത് പത്ര ടെലിവിഷന്‍ ചര്‍ച്ചയില്‍
  • കശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
  • അയോധ്യയില്‍ ബുദ്ധന്റെ പ്രതിമയും വേണമെന്ന് ബിജെപി എംപി
  • Write A Comment

     
    Reload Image
    Add code here