പ്രധാനമന്ത്രി നരേന്ദ്ര മോഡി റുവാണ്ടയിലെ ഗ്രാമീണര്‍ക്ക് 200 പശുക്കളെ സമ്മാനിച്ചു
Tue,Jul 24,2018

കിഗാലി: പ്രധാനമന്ത്രി നരേന്ദ്രമോഡി ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയിലെ ഗ്രാമവാസികള്‍ക്ക് 200 പശുക്കളെ സമ്മാനിച്ചു.
രണ്ടുദിവസത്തെ നയതന്ത്ര സന്ദര്‍ശനത്തിനായി തിങ്കഴാഴ്ചയാണ് മോഡി റുവാണ്ടയിലെത്തിയത്. റുവാണ്ടന്‍ സര്‍ക്കാരിന്റെ ഗ്രാമീണര്‍ക്കായുള്ള 'ഗിരിങ്ക' എന്ന പദ്ധതിയിലേക്കാണ് മോഡി പശുക്കളെ സമ്മാനമായി നല്‍കിയത്.
പാവപ്പെട്ട ഗ്രാമീണര്‍ക്ക് സര്‍ക്കാര്‍ ഓരോ പശുക്കളെ വീതം നല്‍കുന്നതാണ് ഗിരിങ്ക പദ്ധതി. ഇത്തരത്തില്‍ നല്കുന്ന പശുവിന്റെ ആദ്യ കിടാവിനെ കര്ഷകന് തന്റെ അയല്‍വാസിക്ക് നല്‍കണം.
റുവാണ്ടന്‍ പ്രസിഡന്റ് പോള്‍ കഗാമെയുടെ പ്രത്യേക പദ്ധതിയാണിത്. റുവാണ്ടയില്നിന്നുതന്നെ വാങ്ങിയ പശുക്കളെയാണ് മോദി പദ്ധതിയിലേക്ക് സംഭാവന ചെയ്തത്. റുവാണ്ട സന്ദര്‍ശന വേളയില്‍ ഗ്രാമീണര്‍ക്ക് 200 പശുക്കളെ നല്‍കുമെന്ന് നേരത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
1994ല്‍ റുവാണ്ടയിലുണ്ടായ കൂട്ടക്കൊലയില്‍ മരണമടഞ്ഞവരുടെ കിഗാലിയിലെ സ്മാരകത്തിലും മോഡി സന്ദര്‍ശനം നടത്തി. റുവാണ്ടയില്‍ സന്ദര്‍ശനം നടത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോഡി.