പഹല്‍ഗാം ഭീകരാക്രമണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി

പഹല്‍ഗാം ഭീകരാക്രമണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി


ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ ഹര്‍ജിക്കാര്‍ക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. രാജ്യം കടന്നുപോകുന്ന സാഹചര്യം മനസ്സിലാക്കണം. ഇത്തരത്തിലൊരു ഹര്‍ജി സമര്‍പ്പിക്കുന്നതിന് മുമ്പ് വിഷയത്തിന്റെ സെന്‍സിറ്റിവിറ്റി പരിഗണിക്കണമായിരുന്നു. സൈന്യത്തിന്റെ ആത്മവിശ്വാസം തകര്‍ക്കുന്ന ഹര്‍ജികള്‍ സമര്‍പ്പിക്കരുതെന്നും കോടതി അഭിപ്രായപ്പെട്ടു.

ഇത്തരം പൊതുതാല്‍പ്പര്യഹര്‍ജികള്‍ സമര്‍പ്പിക്കുമ്പോള്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണം. നിങ്ങള്‍ക്കും രാജ്യത്തോട് കടമയുണ്ട്. തീവ്രവാദത്തിനെതിരെ പോരാടാന്‍ ഓരോ ഇന്ത്യക്കാരനും കൈകോര്‍ത്ത നിര്‍ണായക സമയമാണിത്. സേനകളുടെ മനോവീര്യം തകര്‍ക്കരുതെന്നും ജസ്റ്റിസ് സൂര്യകാന്ത് ഹര്‍ജിക്കാരനോട് പറഞ്ഞു. ജസ്റ്റിസുമാരായ സൂര്യകാന്തും എന്‍ കോടീശ്വര്‍ സിങ്ങും ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

വിരമിച്ച സുപ്രീം കോടതി ജഡ്ജിയോട് അന്വേഷിക്കാന്‍ നിങ്ങള്‍ ആവശ്യപ്പെടുകയാണ്. വിരമിച്ച ഹൈക്കോടതി, സുപ്രീം കോടതി ജഡ്ജിമാര്‍ എന്നുമുതലാണ് അന്വേഷണത്തില്‍ വിദഗ്ധരായത്? തര്‍ക്കങ്ങളിലാണ് കോടതി തീരുമാനമെടുക്കുന്നത് എന്നും കോടതി അഭിപ്രായപ്പെട്ടു. ഈ സമയത്ത് സൈന്യത്തിന്റെ മനോവീര്യം തകര്‍ക്കുന്ന ഒരു ഹര്‍ജിയും സമര്‍പ്പിക്കരുത്. അത് സ്വീകര്യമല്ലെന്നും കോടതി വ്യക്തമാക്കി. രൂക്ഷവിമര്‍ശനം ഉയര്‍ത്തിയ സുപ്രീംകോടതി, പരിഗണിക്കാന്‍ വിസമ്മതിച്ചതോടെ, ഹര്‍ജിക്കാര്‍ ഹര്‍ജി പിന്‍വലിച്ചു.