പൊതുസെന്‍സസിനൊപ്പം ജാതി സെന്‍സസും പ്രഖ്യാപിച്ച് കേന്ദ്രം

പൊതുസെന്‍സസിനൊപ്പം ജാതി സെന്‍സസും പ്രഖ്യാപിച്ച് കേന്ദ്രം


ന്യൂഡല്‍ഹി: പൊതുസെന്‍സസിനൊപ്പം ജാതി സെന്‍സസും നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കേന്ദ്ര മന്ത്രിസഭാ യോഗം കഴിഞ്ഞുള്ള വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി അശ്വിനി വൈഷ്ണവ് ഇക്കാര്യം അറിയിച്ചത്. 

സംസ്ഥാനങ്ങള്‍ നടത്തിയത് ജാതി സര്‍വേയാണെന്നും ജാതി സെന്‍സസ് നടത്താനുള്ള ഭരണഘടനാപരമായ അധികാരം കേന്ദ്ര സര്‍ക്കാറിനാണഎന്നും അശ്വനി വൈഷ്ണവ് വ്യക്തമാക്കി. 

പ്രതിപക്ഷ കക്ഷികള്‍ ഏറെക്കാലമായി ജാതി സെന്‍സസിന് ആവശ്യം ഉന്നയിക്കുന്നുണ്ട്. ജാതിക്ക് ഏറെ പ്രാധാന്യമുള്ള ബിഹാറില്‍ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് ജാതി സെന്‍സസ് കേന്ദ്രം പ്രഖ്യാപിച്ചതെന്നത് ശ്രദ്ധേയമാണ്. ബിഹാര്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കേന്ദ്രം ജാതി സെന്‍സസ് പ്രഖ്യാപിച്ചതെന്നും വളരെ വൈകി വന്ന തിരിച്ചറിവാണ് ഇതെന്നും കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ പ്രതികരിച്ചു. 

കേന്ദ്രത്തിന്റെ തീരുമാനത്തെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സ്വാഗതം ചെയ്തു. ബിഹാര്‍ 2023ല്‍ പുറത്തിറക്കിയ ജാതി സെന്‍സസ് പ്രകാരം സംസ്ഥാനത്തെ ജനസംഖ്യയുടെ 36 ശതമാനവും ഏറ്റവും പിന്നാക്കമായ ജനവിഭാഗങ്ങളാണുള്ളത്. സംസ്ഥാന ജനസംഖ്യയുടെ 27.13 ശതമാനമാണ് പിന്നാക്ക വിഭാഗത്തിലുള്ളത്.