ജാതി സെന്‍സസ്; പ്രഖ്യാപനത്തിന് പിന്നിലെ കാരണം മൂന്ന് സംസ്ഥാനങ്ങളിലെ കണക്കെടുപ്പ്

ജാതി സെന്‍സസ്; പ്രഖ്യാപനത്തിന് പിന്നിലെ കാരണം മൂന്ന് സംസ്ഥാനങ്ങളിലെ കണക്കെടുപ്പ്


ന്യൂഡല്‍ഹി: ജാതി സെന്‍സസ് നടത്തുമെന്ന കേന്ദ്ര സര്‍ക്കാറിന്റെ പ്രഖ്യാപനത്തിന് പിന്നില്‍ മൂന്ന് സംസ്ഥാനങ്ങള്‍ നടത്തിയ ജാതി സര്‍വേയും അതിന്റെ പശ്ചാതലത്തില്‍ നയരൂപീകരണം നടത്തുമെന്ന പ്രഖ്യാപനവും. കര്‍ണാടക, തെലങ്കാന, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലാണ് ജാതി സര്‍വേ നടത്തിയത്. ഈ സംസ്ഥാനങ്ങള്‍ നടത്തിയ ജാതി കണക്കെടുപ്പില്‍ ഭയന്നാണ് സെന്‍സസ് നടത്താന്‍ കേന്ദ്രത്തിനാണ് അധികാരമെന്നും സംസ്ഥാനങ്ങളുടേത് സര്‍വേ മാത്രമാണെന്നും പ്രഖ്യാപനം നടത്തിയത്. 

ജാതി സര്‍വേ നടത്തിയ സംസ്ഥാനങ്ങളില്‍ കര്‍ണാടകയും തെലങ്കാനയും കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ ബിഹാറില്‍ ഇപ്പോള്‍ ബി ജെ പി സഖ്യത്തിലുള്ള നിതീഷ് കുമാറായിരുന്നു ഭരണത്തിലുണ്ടായിരുന്നത്. പക്ഷേ, അക്കാലത്ത് കോണ്‍ഗ്രസുമായിട്ടായിരുന്നു സഖ്യമുണ്ടായിരുന്നത്. 

രാജ്യവ്യാപകമായി ജാതി സെന്‍സസ് നടത്തണമെന്ന് ആവശ്യപ്പെട്ട് 2020 ഫെബ്രുവരിയിലാണ് ബിഹാര്‍ നിയമസഭ ഐക്യകണ്‌ഠേന പ്രമേയം പാസാക്കിയത്. അന്നത്തെ മഹാഗത്ബന്ധന്‍ സര്‍ക്കാരിന് നേതൃത്വം നല്‍കിയ മുഖ്യമന്ത്രി നിതീഷ് കുമാറായിരുന്നു  അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. അന്ന് കേന്ദ്രം ഈ വിഷയത്തിന് ആവശ്യമായ പ്രാധാന്യം നല്‍കിയില്ല. എന്നാല്‍ ജാതി സെന്‍സസ് നടത്തണമെന്ന് ആവശ്യപ്പെട്ട് 2021ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കണ്ട ബിഹാറിലെ പ്രതിനിധി സംഘത്തില്‍ ബി ജെ പിയും  ഉണ്ടായിരുന്നു.

ആവശ്യം കേന്ദ്രം പരിഗണിക്കാതിരുന്നതോടെയാണ് മഹാഗത്ബന്ധന്‍ സര്‍ക്കാര്‍ സംസ്ഥാന വ്യാപകമായി ജാതി സര്‍വേ നടത്താന്‍ തീരുമാനിച്ചത്. 2023 ഒക്ടോബര്‍ 2-ന് പുറത്തിറങ്ങിയ ജാതി സെന്‍സസിന്റെ കണ്ടെത്തലുകള്‍ പ്രകാരം മറ്റ് പിന്നാക്ക വിഭാഗങ്ങളും (ഒ ബി സി) അങ്ങേയറ്റം പിന്നാക്ക വിഭാഗങ്ങളും (ഇ ബി സി) ചേര്‍ന്നാല്‍ ബീഹാര്‍ ജനസംഖ്യയുടെ 63 ശതമാനത്തില്‍ അധികം വരുമെന്നാണ്.

ബിഹാറിലെ ജനസംഖ്യ 13.07 കോടിയാണ്. ഇതില്‍ 3.54 കോടി (27 ശതമാനം) ഒ ബി സിയും 4.7 കോടി (36 ശതമാനം) ഇ ബി സിയുമാണ്.  

ജനസംഖ്യയുടെ 15.5 ശതമാനമാണ് 'മുന്നേതര' ജാതികള്‍ അല്ലെങ്കില്‍ 'പൊതു' വിഭാഗം. പട്ടികജാതിക്കാരുടെ എണ്ണം 20 ശതമാനവും പട്ടികവര്‍ഗക്കാരുടേത് (എസ് ടി) 1.6 ശതമാനവുമാണ്. 

ബീഹാറിലെ മൂന്നിലൊന്നില്‍ കൂടുതല്‍ കുടുംബങ്ങളും ജീവിക്കുന്നത് പ്രതിദിനം ശരാശരി 200 രൂപ വരുമാനത്തിലാണ്. സംസ്ഥാനത്തെ ഏകദേശം 2.97 കോടി കുടുംബങ്ങളില്‍ 94 ലക്ഷത്തിലധികം (34.13 ശതമാനം) പേര്‍ പ്രതിമാസം ആറായിരം രൂപയോ അതില്‍ കുറവോ വരുമാനത്തിലാണ് ജീവിക്കുന്നത്.

സംസ്ഥാനത്തെ ജനസംഖ്യയുടെ 7 ശതമാനം പേര്‍ മാത്രമാണ് ബിരുദധാരികള്‍. ഇത് സംസ്ഥാനത്തെ തൊഴിലില്ലായ്മയെ കൂടുതല്‍ ബാധിക്കുന്നതായി സര്‍വേ കണ്ടെത്തി. 

തെലങ്കാന സാമൂഹിക സാമ്പത്തിക, വിദ്യാഭ്യാസ, തൊഴില്‍, രാഷ്ട്രീയ, ജാതി സര്‍വേ റിപ്പോര്‍ട്ടും പിന്നോക്ക വിഭാഗങ്ങളുടെ (ബി സി) അവസ്ഥ എടുത്തുകാണിക്കുന്നുണ്ട്. ജാതി സര്‍വേ റിപ്പോര്‍ട്ട് അനുസരിച്ച് തെലങ്കാനയിലെ ജനസംഖ്യയുടെ 56.33 ശതമാനമാണ് പിന്നാക്ക വിഭാഗങ്ങള്‍. 

സര്‍വേ പ്രകാരം ജനസംഖ്യയുടെ 17.43 ശതമാനം പട്ടിക ജാതിക്കാരും 10.45 ശതമാനം പട്ടികവര്‍ഗ്ഗക്കാരുമാണ്. ജനസംഖ്യയുടെ 15.79 ശതമാനമാണ് മറ്റ് ജാതികള്‍ (ഒ സി).

സംസ്ഥാനത്തെ ജനസംഖ്യയില്‍ 1,99,85,767 പേര്‍ പിന്നാക്ക വിഭാഗക്കാരാണ്. ഇതില്‍ 35,76,588 പിന്നാക്ക വിഭാഗ മുസ്‌ലിംകളും ഉള്‍പ്പെടുന്നു. പട്ടികജാതി ജനസംഖ്യ 61,84,319ഉം പട്ടികവര്‍ഗ ജനസംഖ്യ 37,05,929ഉം ആണ്. സംസ്ഥാനത്തെ ഒ സി ജനസംഖ്യ 44,21,115 ആണ്.

സര്‍വേ പ്രകാരം സംസ്ഥാനത്തെ മുസ്‌ലിം ജനസംഖ്യ 44,57,012 ആണ്. സംസ്ഥാന ജനസംക്യയുടെ ഏകദേശം 12.56 ശതമാനമാണ് മുസ്‌ലിംകള്‍. ഇതില്‍ 10.08 ശതമാനം ബിസി മുസ്‌ലിംകളും 2.48 ശതമാനം ഒ സി മുസ്‌ലിംകളും ഉള്‍പ്പെടുന്നു.

2023ലെ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങളിലൊന്നായിരുന്നു ജാതി സര്‍വേ. അതിനു പിന്നാലെയാണ് ഭാരത് രാഷ്ട്ര സമിതിയെ (ബിആര്‍എസ്) പരാജയപ്പെടുത്തി പാര്‍ട്ടി അധികാരത്തിലെത്തിയത്. 

രാഷ്ട്രീയത്തില്‍ ഉയര്‍ന്ന ബിസി പ്രാതിനിധ്യം വേണമെന്ന മുറവിളി ഉയര്‍ന്നതോടെ 119 അംഗ തെലങ്കാന നിയമസഭയിലേക്കുള്ള 2023ലെ തെരഞ്ഞെടുപ്പില്‍ ബി ആര്‍ എസ് ബിസികള്‍ക്ക് 22 ടിക്കറ്റുകള്‍ നല്‍കി. കോണ്‍ഗ്രസ് 34ഉം ബി ജെ പി  45ഉം ടിക്കറ്റുകള്‍ നല്‍കി.

വോട്ടിംഗ് ബ്ലോക്കായ ബിസികളുടെ ജനസംഖ്യ എല്ലാ പാര്‍ട്ടികളേയും ആകര്‍ഷിക്കുന്നതായിരുന്നു. ഗൗഡകള്‍, മുന്നൂറു കപുസ്, യാദവര്‍ തുടങ്ങിയ പ്രമുഖ ബിസി ഗ്രൂപ്പുകള്‍ കോണ്‍ഗ്രസിന് നല്‍കിയ പിന്തുണ 10 വര്‍ഷമായി അധികാരത്തിലിരുന്ന ബി ആര്‍ എസിനെ പരാജയപ്പെടുത്താന്‍ സഹായിച്ചതായി പറയപ്പെടുന്നു.

2015ല്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ആദ്യ ടേമിലാണ് കര്‍ണാടകയില്‍ ജാതി സര്‍വേ റിപ്പോര്‍ട്ട് അഥവാ സാമൂഹിക- സാമ്പത്തിക, വിദ്യാഭ്യാസ സര്‍വേ കമ്മീഷന്‍ ചെയ്തത്. എന്നാല്‍ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഭരണകാലത്ത് ഈ വര്‍ഷം ഫെബ്രുവരി 29ന് മാത്രമാണ് ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വൊക്കലിഗ, ലിംഗായത്ത് തുടങ്ങിയ പ്രബല സമൂഹങ്ങളില്‍ നിന്നുള്ള പ്രതികൂല പ്രതികരണങ്ങളെക്കുറിച്ച് കോണ്‍ഗ്രസിനുള്ളില്‍ ആശങ്കകള്‍ ഉണ്ടായിരുന്നതിനാലാണ് റിപ്പോര്‍ട്ട് ആദ്യം പരസ്യമാക്കാതിരുന്നത്. 'അശാസ്ത്രീയവും കാലഹരണപ്പെട്ടതുമാണ്' എന്നാണ് അവര്‍ വിശേഷിപ്പിച്ചത്. വൊക്കലിഗക്കാരനായ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പോലും സര്‍വേ പുറത്തുവിടുന്നതിനെ എതിര്‍ത്തിരുന്നു.

എന്നാല്‍ ഏപ്രില്‍ ആദ്യം അഹമ്മദാബാദില്‍ നടന്ന അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി സമ്മേളനത്തില്‍ സാമൂഹിക നീതിയോടുള്ള പ്രതിബദ്ധത കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ഊന്നിപ്പറഞ്ഞതോടെ തെലങ്കാനയില്‍ നടത്തിയ ജാതി സര്‍വേയെ ഉയര്‍ത്തിക്കാട്ടി ഏപ്രില്‍ 11ന് സിദ്ധരാമയ്യ മന്ത്രിസഭയ്ക്ക് മുന്നില്‍ സര്‍വേ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കര്‍ണാടക ജാതി സര്‍വേയില്‍ ഒബിസികളുടെ ജനസംഖ്യ 69.6 ശതമാനമാണെന്ന് കണ്ടെത്തി. നിലവിലുള്ള കണക്കുകളേക്കാള്‍ 38 ശതമാനം കൂടുതലാണത്. കൂടാതെ സംസ്ഥാനത്ത് അവരുടെ ക്വാട്ട നിലവിലുള്ള 32 ശതമാനത്തില്‍ നിന്ന് 51 ശതമാനമായി വര്‍ധിപ്പിക്കാനും ആവശ്യപ്പെട്ടു.

ഒബിസി സംവരണം ലഭിക്കുന്ന വൊക്കലിംഗകളുടെയും ലിംഗായത്തുകളുടെയും ജനസംഖ്യ യഥാക്രമം 12.2 ശതമാനവും 13.6 ശതമാനവുമാണെന്ന് കണ്ടെത്തി. ഇത് അവരുടെ പൊതു ജനസംഖ്യാ കണക്കായ 17 ശതമാനം, 15 ശതമാനം എന്നതിനേക്കാള്‍ വളരെ കുറവാണ്. 

വര്‍ഷങ്ങളായി ഒ ബി സി സമുദായങ്ങളുടെ വര്‍ധിച്ചുവരുന്ന സംവരണ ആവശ്യകത റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും അത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സര്‍വേ അവതരിപ്പിക്കുന്ന ജനസംഖ്യാ കണക്കുകള്‍ പ്രകാരം വിവിധ സമുദായങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യം മാറുമ്പോള്‍ സീറ്റ് കിട്ടാനുള്ള സാധ്യതയില്‍ ചില നേതാക്കള്‍ക്ക് ആശങ്കയുണ്ട്. പതിറ്റാണ്ടുകളായി കര്‍ണാടക രാഷ്ട്രീയത്തില്‍ ആധിപത്യം പുലര്‍ത്തുന്ന ഈ സമുദായങ്ങളെ അകറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസിന് ആഗ്രഹമില്ലാത്തതിനാല്‍ നിലവില്‍ ഇത് ബുദ്ധിമുട്ടുള്ള സാഹചര്യമാണ്. കര്‍ണാടകയിലെ 136 എം എല്‍ എമാരില്‍ 37 പേര്‍ ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ളവരും 23 പേര്‍ വൊക്കലിഗ വിഭാഗക്കാരുമാണ്. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി 51 ലിംഗായത്ത് സ്ഥാനാര്‍ഥികളെ നിര്‍ത്തി.

സര്‍വേയോടുള്ള എതിര്‍പ്പ് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഏപ്രില്‍ 17ന് നടന്ന പ്രത്യേക യോഗത്തില്‍ സിദ്ധരാമയ്യ മന്ത്രിസഭ റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്കായി എടുത്തെങ്കിലും അനിശ്ചിതത്വത്തിലാവുകയായിരുന്നു. റിപ്പോര്‍ട്ട് കൂടുതല്‍ ചര്‍ച്ച ചെയ്യാനും തീരുമാനമെടുക്കാനും മെയ് 9ന് മന്ത്രിസഭ യോഗം ചേരും.

വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈ എസ് ആര്‍ സി പിയുടെ കീഴിലുള്ള മുന്‍ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ 2024 ജനുവരി 19ന് സംസ്ഥാനത്തെ എല്ലാ ജാതികളെയും എണ്ണുന്നതിനായി സമഗ്ര സര്‍വേ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നു. ഇത് 'ജനങ്ങളുടെ ജീവിത നിലവാരം മാറ്റും' എന്ന് അവര്‍ പറഞ്ഞു.

എന്നിരുന്നാലും, നിലവിലെ തെലുങ്കുദേശം പാര്‍ട്ടിയുടെ (ടി ഡി പി) ഭാരവാഹികളെ ബന്ധപ്പെട്ടപ്പോള്‍ വൈ എസ് ആര്‍ സി പി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല എന്ന് അവര്‍ പറഞ്ഞു. സംസ്ഥാനത്തെ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളുടെ മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വന്നതിനാല്‍ റിപ്പോര്‍ട്ട് പരസ്യമാക്കാന്‍ കഴിയില്ലെന്ന് വൈ എസ് ആര്‍ സി പി അവകാശപ്പെട്ടു..