കേരളത്തില്‍ അഞ്ചില്‍ ഒരാള്‍ക്ക് കാന്‍സര്‍ ബാധിക്കാമെന്ന് കണക്കുകള്‍

Fri,Oct 19,2018


കേരളത്തില്‍ കാന്‍സര്‍ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നുണ്ടെന്ന് കണക്കുകള്‍.
നേരത്തെ എട്ടില്‍ ഒരാള്‍ക്ക് കാന്‍സര്‍ ബാധ സ്ഥിരീകരിച്ച സ്ഥാനത്ത് അത് അഞ്ചില്‍ ഒന്നെന്ന തോതിലാണ് വര്‍ധിച്ചത്. ഇന്ത്യയില്‍ കേരളത്തിലാണ് കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നത്.
മാറിയ ജീവിതശൈലിയും മദ്യത്തിന്റെയും പുകയിലയുടെയും അമിത ഉപയോഗവുമാണ് കാന്‍സര്‍ കൂടാന്‍ കാരണമാകുന്നതെന്ന് അമേരിക്കയിലെ ക്ലീവ് ലാന്‍ഡ് ക്ലിനിക്കിലെ സ്തനാര്‍ബുദ വിഭാഗം മേധാവി ഡോ. ജെയിം അബ്രഹാമും എംവിആര്‍ കാന്‍സര്‍ സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. നാരായണന്‍കുട്ടി വാര്യരും പറഞ്ഞു.
അമേരിക്കയില്‍ രണ്ടു പുരുഷന്മാരില്‍ ഒരാള്‍ക്ക് എന്ന തോതില്‍ കാന്‍സര്‍ ബാധയുണ്ട്. സ്ത്രീകളില്‍ മൂന്നില്‍ ഒരാള്‍ക്ക് വീതവും. ലോകത്ത് കാന്‍സര്‍ ബാധിതരില്‍ 70 ശതമാനവും ഇന്ത്യ, ചൈന രാജ്യങ്ങളിലാണ് കണ്ടുവരുന്നത്. കാന്‍സര്‍ കണ്ടുപിടിക്കാന്‍ വൈകുന്നതാണ് രോഗം മൂര്‍ഛിക്കാന്‍ കാരണമാകുന്നത്.
40 വയസ് കഴിഞ്ഞവര്‍ വര്‍ഷത്തിലൊരിക്കല്‍ കാന്‍സര്‍ പരിശോധന നിര്‍ബന്ധമാക്കണം. ഇതിന് സര്‍ക്കാരും മതിയായ ബോധവല്‍ക്കരണം നടത്തണം. സ്ത്രീകളില്‍ സ്തനാര്‍ബുദമാണ് വര്‍ധിക്കുന്നത്.
വിദേശ രാജ്യങ്ങളില്‍ 45 വയസ് പിന്നിട്ട സ്ത്രീകളിലാണ് സ്തനാര്‍ബുദം കാണുന്നത്. എന്നാല്‍ ഇന്ത്യയില്‍ യുവതികളിലും സ്തനാര്‍ബുദം കൂടുന്നതായി കണ്ടുവരുന്നു. ഇതേക്കുറിച്ച് കൂടുതല്‍ പഠനം ആവശ്യമാണ്. പുരുഷന്മാരില്‍ ശ്വാസകോശ കാന്‍സറാണ് കൂടുതല്‍ കാണപ്പെടുന്നത്.
വായക്കുള്ളിലെ കാന്‍സറും ആമാശയ കാന്‍സറുമുണ്ട്. തുടക്കത്തിലേ കണ്ടുപിടിച്ചാല്‍ ചികിത്സയിലൂടെ പൂര്‍ണമായി ഭേദമാക്കാനാകുമെന്ന് ഇരുവരും പറഞ്ഞു.

Write A Comment

 
Reload Image
Add code here