കുട്ടികളെ ലക്ഷ്യബോധമുള്ളവരായി വളര്‍ത്തേണ്ടത് രക്ഷിതാക്കളുടെ ബാധ്യത: ഡോ. ഷൈജു കാരയില്‍

Wed,Oct 10,2018


ദോഹ: കുട്ടികളെ ലക്ഷ്യബോധമുള്ളവരായി വളര്‍ത്തേണ്ടത് രക്ഷിതാക്കളുടെ ബാധ്യതയാണെന്ന് പ്രശസ്ത മൈന്‍ഡ് പവര്‍ ട്രെയിനറും കൗണ്‍സിലറുമായ ഡോ. ഷൈജു കാരയില്‍ അഭിപ്രായപ്പെട്ടു.
ലോക മാനസിക ദിനാചരണത്തിന്റെ ഭാഗമായി മീഡിയ പ്ളസ് സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികള്‍ ആവശ്യപ്പെടുന്ന എന്തും നിരുപാധികം വാങ്ങി കൊടുക്കുന്ന രക്ഷിതാക്കളാണ് അവരുടെ മാനസികാരോഗ്യം നശിപ്പിക്കുന്നത്. പ്രായോഗിക ജീവിത സാഹചര്യങ്ങള്‍ ബോധ്യപ്പെടുത്തി അത്യാവശ്യമല്ലാത്ത ആവശ്യങ്ങള്‍ നിരാകരിക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകുമ്പോള്‍ കുട്ടികള്‍ മാനസികമായി ശക്തരാവുകയാണ് ചെയ്യുക.
ജീവിതത്തിലെ ഏത് സാഹചര്യവും അഭിമുഖീകരിക്കുവാന്‍ ഇത് അവരെ സജ്ജമാക്കും. ഈ രംഗത്ത് അധ്യാപകരും രക്ഷിതാക്കളും കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ആത്മഹത്യാ പ്രവണതകളും ലഹരി ഉപഭോഗവുമൊക്കെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. കാരണമറിഞ്ഞുകൊണ്ടുള്ള ചികില്‍സ മാത്രമേ ഫലം ചെയ്യുകയുളളൂവെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ജീവിത പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ടുപോകുന്നതിന് ലക്ഷ്യബോധവും ക്രിയാത്മകമായ മനസ്ഥിതിയും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം പ്രസിഡണ്ട് ഡേവിസ് എടക്കുളത്തൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സാമൂഹ്യ സേവന പരിപാടികള്‍ സജീവമായി മാനസികാരോഗ്യം ശക്തമായി നിലനിര്‍ത്താനാകുമെന്ന് അദ്ദേഹം പറഞ്ഞു.
ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീലാ ഫിലിപ്പോസ്, ഇന്ത്യന്‍ മീഡിയ ഫോറം ട്രഷറര്‍ മുഹമ്മദ് ഷഫീഖ് അറക്കല്‍ സംസാരിച്ചു. ആന്റി സ്മോക്കിംഗ് സൊസൈറ്റി ഗ്ളോബല്‍ ചെയര്‍മാന്‍ ഡോ. മുഹമ്മദുണ്ണി ഒളകര, നുസ്റത്തുല്‍ അനാം ട്രസ്റ്റ് ചെയര്‍മാന്‍ അനസ് അബ്ദുല്‍ ഖാദര്‍, ഡ്രീം ഫൈവ് മാനേജിംഗ് ഡയറക്ടര്‍ ആലു. കെ. മുഹമ്മദ്, സ്പീഡ് ലൈന്‍ പ്രിന്റിംഗ് പ്രസ്സ് മാനേജിംഗ് ഡയറക്ടര്‍ ഉസ്മാന്‍ മുഹമ്മദ്, അല്‍ സുവൈദ് ഗ്രൂപ്പ് ട്രാന്‍സ്പോര്‍ട്ട് മാനേജര്‍ ബഷീര്‍ ആലുങ്ങല്‍ എന്നിവര്‍ വിശിഷ്ട അതിഥികളായി സംബന്ധിച്ചു. മുത്തലിബ് കണ്ണൂരിന്റെ പാട്ടുകള്‍ പരിപാടിക്ക് കൊഴുപ്പേകി.
മീഡിയ പ്ളസ് സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. കൗമാരം ജീവിതത്തില്‍ ശാരീരികവും മാനസികവുമായ ഒട്ടേറെ മാറ്റങ്ങള്‍ സംഭവിക്കുന്ന കാലമാണ്. ഈ കാലഘട്ടത്തില്‍ അകാരണമായ സമ്മര്‍ദ്ധവും ആശങ്കകളും കുട്ടികളില്‍ കാണാറുണ്ട്. ഇത് തിരിച്ചറിയുകയും തക്ക സമയത്ത് ഇടപെട്ട് ആവശ്യമായ പരിഹാര നടപടികള്‍ സ്വീകരിക്കമെന്നാണ് ഈ വര്‍ഷത്തെ ലോക മാനമസിക ദിനാചരണ പ്രമേയം നമ്മെ ഓര്‍മപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ലോകാരോഗ്യ സംഘടനയും ലോക മാനസികാരോഗ്യ ഫെഡറേഷനും സംയുക്തമായി ആചരിക്കുന്ന മാനസികാരോഗ്യദിനത്തിന്റെ ഈ വര്‍ഷത്തെ പ്രമേയം മാറുന്ന ലോകത്ത് ചെറുപ്പക്കാരും മാനസികാരോഗ്യവുമെന്നതാണ്.

Write A Comment

 
Reload Image
Add code here