മാതളം മഹാരോഗങ്ങളെ തടയും

Thu,Oct 19,2017


ഔഷധ സമൃദ്ധവും പോഷക സമ്പുഷ്ടവുമായ ഒരു ഫലമാണ് മാതളം അഥവാ ഉറുമാമ്പഴം. പുരാതന ഭാരതത്തിലെ ആയുര്‍വേദാചാര്യന്‍മാര്‍ മാതളത്തെ ഹൃദയത്തെ ഉത്തേജിപ്പിക്കുന്ന ഫലമായി വിശേഷിപ്പിച്ചിരുന്നു. യൂനാനി വൈദ്യത്തില്‍ ഇത് ആമാശയവീക്കവും ഹൃദയസംബന്ധമായ വേദനയും മാറ്റാന്‍ ഉപയോഗിച്ചു പോന്നിട്ടുണ്ട്.
ഫലങ്ങളുടെ കൂട്ടത്തില്‍ പെട്ടെന്ന് ദഹിക്കുന്ന ഒന്നാണ് മാതളം. ഇത് വിശപ്പ് കൂട്ടുകയും ദഹനക്കേടും രുചിയില്ലായ്മയും വയറുപെരുക്കവും മാറ്റുകയും ചെയ്യുംപിത്തരസം ശരീരത്തില്‍ അധികമായി ഉണ്ടാകുന്നതുമൂലമുള്ള ഛര്‍ദില്‍, നെഞ്ചരിച്ചില്‍, വയറുവേദന എന്നിവ മറ്റാന്‍ ഒരു സ്പൂണ്‍ മാതളച്ചാറും സമം തേനും കലര്‍ത്തി സേവിക്കാന്‍ ശുപാര്‍ശ ചെയ്യപ്പെടുന്നു.
അതിസാരത്തിനു വയറുകടിക്കും മാതളം നല്ലൊരു ഔഷധമാണ്. ഈ അവസ്ഥകളില്‍ മാതളച്ചാര്‍ കുടിക്കാന്‍ നല്‍കിയാല്‍ വയറിളക്കം കുറയുകയും ശരീരക്ഷീണം കുറയുകയും ചെയ്യും.
മാതളത്തോടോ പൂമൊട്ടോ ശര്‍ക്കര ചേര്‍ത്ത് കഴിക്കുന്നതും അതിസാരരോഗങ്ങള്‍ക്കെതിരെ ഫലവത്താണ്.
മാതളത്തിന്റെ തണ്ടിന്റെയും വേരിന്റെയും തൊലി വിരനാശക ഔഷധമായി ഉപയോഗിക്കുന്നു. ' പ്യൂണിസിന്‍' എന്ന ആല്‍കലോയ്ഡിന്റെ സാന്നിധ്യമാണ് ഇതിനു നിദാനം. വേരിന്റെ തൊലിയിലാണ് പ്യൂണിസിന്‍ അധികം അടങ്ങിയിട്ടുള്ളതെന്നതിനാല്‍ ഇതാണ് കൂടുതല്‍ ഫലപ്രദം. ഇത് കഷായം വെച്ച് സേവിച്ച ശേഷം വയറിളക്കു വഴി നാടവിരകളെയും മറ്റും നശിപ്പിച്ച് പുറന്തള്ളാം. മാതളത്തിന്റെ കുരുന്നില ഉണക്കിപ്പൊടിച്ച് കഴിക്കുന്നത് ഉരുളന്‍ വിരകളെ നശിപ്പിക്കാന്‍ സഹായിക്കും.
മാതളപ്പഴത്തിന്റെ ചാറ് ജ്വരവും മറ്റുമുണ്ടാകുമ്പോള്‍ ദാഹം മാറാന്‍ സേവിച്ച് പോരുന്നു. ഇതുപയോഗിച്ച് ഉണ്ടാക്കുന്ന സര്‍ബത്ത് മൂത്ര തടസ്സം, മൂത്രാശയ വീക്കം, ദഹനസംബന്ധമായും ആസ്തമയോടും അനുബന്ധിച്ചുണ്ടാകുന്ന പനി എന്നിവ മാറാന്‍ കുടിക്കുന്നുണ്ട്.
ശരീരത്തെ മാതളം നന്നായി തണുപ്പിക്കും. കൃമിശല്യം കൊണ്ടുണ്ടാകുന്ന ചൊറിച്ചില്‍ മാറാന്‍ മാതളത്തോട് കറുപ്പ് നിറമാകുന്നതു വരെ വറുത്ത ശേഷം പൊടിച്ച് എണ്ണയില്‍ കുഴച്ച് പുരട്ടുന്നത് ഫലപ്രദമാണ്. മാതളം കഴിക്കുന്നതിലൂടെ ഗര്‍ഭിണികളിലെ ഛര്‍ദിയും വിളര്‍ച്ചയും ഒരു പരിധി വരെ മാറ്റാം.
മാതളത്തിന്റെ കുരുക്കള്‍ പാലില്‍ അരച്ച് കുഴമ്പാക്കി സേവിക്കുന്നത് കിഡ്‌നിയിലും മൂത്രാശയത്തിലുമുണ്ടാകുന്ന കല്ലുകളെ ലയിപ്പിച്ച് കളയാന്‍ സഹായിക്കുമെന്ന് കരുതപ്പെടുന്നു.
മാതളത്തിലുള്ള നീരോക്‌സീകാരികള്‍ കോശങ്ങളുടെ നശീകരണം തടയുകയും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. ക്ഷയരോഗത്തിനെതിരെ പ്രതിരോധം പകരാന്‍ ഇതിനുള്ള കഴിവ് തെളിഞ്ഞിട്ടുണ്ട്. മാതളമൊട്ട് അരച്ച് തേനില്‍ സേവിക്കുന്നത് കഫത്തിനും ചുമക്കുമെതിരെ ഫലവത്താണ്.
മാതളത്തിന്റെ തോട് നന്നായി ഉണക്കിപ്പൊടിച്ച് കുരുമിളകു പൊടിയും ഉപ്പും ചേര്‍ത്ത് പല്ല് തേക്കാനും ഉപയോഗിക്കുന്നു. ഇത് ദന്തക്ഷയം തടയാനും മോണയിലെ രക്തസ്രാവം നിറുത്താനും മോണയെ ബലപ്പെടുത്താനുമൊക്കെ സഹായകരമാണ്.
വേരിന്റെ തൊലി ഉപയോഗിച്ചുണ്ടാകുന്ന കഷായം വായില്‍ കൊള്ളുക വഴി തൊണ്ടയിലെ അസ്വാസ്ഥ്യം അകറ്റാം.

Other News

 • കേരളത്തില്‍ അഞ്ചില്‍ ഒരാള്‍ക്ക് കാന്‍സര്‍ ബാധിക്കാമെന്ന് കണക്കുകള്‍
 • കുട്ടികളെ ലക്ഷ്യബോധമുള്ളവരായി വളര്‍ത്തേണ്ടത് രക്ഷിതാക്കളുടെ ബാധ്യത: ഡോ. ഷൈജു കാരയില്‍
 • സംശുദ്ധ ഹൃദയാരോഗ്യം സന്തുഷ്ട ജീവിതത്തിന്. ഡോ. അബ്ദുല്‍ സമദ് എം.ഡി
 • ജീവിത ശൈലിയില്‍ മാറ്റം വരുത്തൂ, ഹൃദ്രോഗം പ്രതിരോധിക്കൂ. പി.എന്‍. ബാബുരാജന്‍
 • അമിത വണ്ണം കുറക്കാന്‍ മഞ്ഞള്‍ ചായ
 • ഇനി കളര്‍ എക്‌സറേയും!
 • ചക്കയില്‍ എല്ലാം ഉണ്ട്‌
 • മഴക്കാലരോഗങ്ങള്‍ തടയാന്‍ സബര്‍ജില്ലി ഉത്തമം
 • ഓറഞ്ചുപോലെ പ്രധാനമാണ് ഓറഞ്ചിന്റെ തോടും
 • പപ്പായ കഴിക്കണം എന്നുപറയുന്നതിന്റെ കാരണങ്ങള്‍ അറിയാമോ...?
 • വേനല്‍ക്കാല രോഗങ്ങളെ കരുതിയിരിക്കുക
 • Write A Comment

   
  Reload Image
  Add code here