സുഖമായുറങ്ങണോ? ഇതാ അഞ്ചു വഴികള്‍

Tue,Sep 12,2017


ഉറക്കം- പകല്‍ മുഴുവന്‍ കഠിനാധ്വാനം ചെയ്യുന്ന തലച്ചോറിനും നമുക്കും വിശ്രമിക്കാന്‍ കിട്ടുന്ന ഏക സമയം. എല്ലാവര്‍ക്കും അത്യാവശ്യം വേണ്ട ഒന്നും ഉറക്കമാണ്. ശരിയായി ഉറങ്ങാന്‍ കഴിയുന്നില്ല, രാത്രി വെറുതേ കിടക്കുകയാണ് എന്നൊക്കെ പരാതി പറയുന്ന ഏറെപ്പേരുണ്ട്. താഴെപ്പറയുന്ന കാര്യങ്ങള്‍ ഒന്നു ശ്രദ്ധിച്ചു നോക്കൂ.. എന്നിട്ട് ഉറക്കത്തെ ക്രമപ്പെടുത്താന്‍ ശ്രമിക്കൂ... വിജയം ഉറപ്പ്
1) സമയം ക്രമീകരിക്കുക
ആഴ്ചയില്‍ അഞ്ചു ദിവസവും കൃത്യ സമയത്ത് ഉറങ്ങാന്‍ കിടക്കും, എന്നാല്‍ അവധി ദിവസങ്ങളില്‍ വൈകി എഴുന്നേറ്റാല്‍ മതിയല്ലോ എന്ന ന്യായം പറഞ്ഞു നമ്മള്‍ ഉറക്കമിളയ്ക്കും. എന്നാല്‍ ഇത് ഉറക്കത്തിന്റെ താളത്തെ തീവ്രമായി ബാധിക്കുന്നുണ്ടെന്ന് നമ്മള്‍ അറിയുന്നില്ല. സമയത്ത് ഉറങ്ങാന്‍ കിടക്കുന്നതിനു പിന്നില്‍ കൃത്യമായ ശാസ്ത്രീയവശം ഉണ്ട്. അതുവഴി നമ്മുടെ ശരീരത്തിന്റെ 'സ്ലീപ് സൈക്കിള്‍' ക്രമീകരിപ്പെടുകയാണു ചെയ്യുന്നത്. ഇത് താളം തെറ്റാതെ സൂക്ഷിക്കേണ്ടതുണ്ട്.
2) ഒഴിവാക്കാം ലഹരിവസ്തുക്കള്‍
രണ്ടു പെഗ് അകത്തു പോയാലേ ചിലര്‍ക്ക് ഉറക്കം വരൂ. അത്താഴം കഴിഞ്ഞ് ഒരു സിഗരറ്റ് വലിച്ചാലേ ചിലര്‍ക്ക് സമാധാനം ഉള്ളൂ. മദ്യവും സിഗരറ്റും മാത്രമല്ല എല്ലാ ലഹരിപദാര്‍ഥങ്ങളും ഉറക്കത്തിനു ഹാനികരമാണ്. മദ്യം ഉറക്കത്തിന് ഒരു തരത്തിലും ഗുണവും ചെയ്യില്ലെന്ന് മദ്യം സംബന്ധിച്ചു നടന്ന 27 ഗവേഷണങ്ങളുടെ സംയുക്ത പഠനം അടിവരയിട്ടു പറയുന്നു. ഉറക്കത്തിലേക്കു പെട്ടന്നു വഴുതി വീഴാന്‍ മദ്യം സഹായിച്ചേക്കാം എന്നാല്‍ അതിനു ശേഷം ലഭിക്കേണ്ട ഗാഢനിദ്രയെ മദ്യം തടസ്സപ്പെടുത്തും. അതുകൊണ്ടുതന്നെയാണ് മദ്യം കഴിച്ച് ഉറങ്ങുന്നവര്‍ക്ക് അടുത്ത ദിവസം ക്ഷീണവും ഏകാഗ്രതക്കുറവും അനുഭവപ്പെടുന്നത്. സ്ഥിരം ഉപയോഗം മദ്യത്തിന് അടിമപ്പെടുത്തുകയും ചെയ്യും. ഒടുവില്‍ മദ്യമില്ലാതെ ഉറങ്ങാന്‍ കഴിയില്ല എന്ന അവസ്ഥയില്‍ കൊണ്ടുചെന്നെത്തിക്കുകയും ചെയ്യും.
3) ഫോണും കംപ്യൂട്ടറും കട്ടിലിനു പുറത്ത്
ഉറക്കം വരാത്തപ്പോള്‍ പലരും നേരെ തിരിയുന്നത് ഫോണിലേക്കാണ്. എന്നാല്‍ ഉറക്കത്തിനു സഹായിക്കുന്ന ഹോര്‍മോണായ മേലടോണിന്റെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കാന്‍ ശേഷിയുള്ള വെളിച്ചമാണ് ഫോണ്‍ പ്രസരിപ്പിക്കുന്നത്. കാരണം പകല്‍ വെളിച്ചത്തോടു സാമ്യമുള്ള നീല ഹ്രസ്വതരംഗങ്ങളാണ് ഫോണ്‍ പുറപ്പെടുവിക്കുന്നത്. ഉറങ്ങാന്‍ ഉദ്ദേശിക്കുന്നതിനു രണ്ട് മണിക്കൂര്‍ മുന്‍പേ ഫോണും കംപ്യൂട്ടറും ഉപയോഗിക്കുന്നത് നിര്‍ത്തുന്നതാണ് അഭികാമ്യം .
4) അമിതാഹാരം അരുത്
രാത്രി അരവയര്‍ ഭക്ഷണം എന്ന് പഴമക്കാര്‍ പറഞ്ഞിരിക്കുന്നത് വെറുതെയല്ല. വയറു നിറയെ ഭക്ഷണം കഴിച്ചാല്‍ അത് ദഹിപ്പിക്കേണ്ട അധിക ആയാസം ശരീരത്തിന് ഉണ്ടാകും. തടി കൂടാനും ഇത് ഇടയാക്കും. നെഞ്ചെരിച്ചില്‍, ഉറക്കമില്ലായ്മ എന്നിവയ്ക്കും ഇതു കാരണമാകും. ഉറങ്ങുന്നതിനു മൂന്നു മണിക്കൂര്‍ മുന്‍പേ എങ്കിലും ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം .
5) ഉറക്കത്തിനു ബെസ്റ്റ് ചൂടുപാല്‍
ഇളം ചൂടുള്ള പാല്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും. പാലിലും തേനിലും അടങ്ങിയിരിക്കുന്ന ട്രിപ്‌ടോഫാന്‍ നല്ല ഉറക്കം ലഭിക്കാന്‍ മെലടോണിന്‍ ഉത്പാദിപ്പിച്ചു ശരീരത്തെ സഹായിക്കുന്നു.

Write A Comment

 
Reload Image
Add code here