ഹോര്‍മോണ്‍ മാറ്റചികിത്സ നടത്തുന്ന സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത കൂടുന്നു

Fri,Jul 14,2017


ന്യൂയോര്‍ക്ക്: ആര്‍ത്തവവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് മോചനം നേടാന്‍ ഹോര്‍മോണ്‍ മാറ്റിവെക്കല്‍ ചികിത്സയെ ആശ്രയിക്കുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം ചികില്‍സകള്‍ക്കു വിധേയരാകുന്നവരില്‍ സ്തനാര്‍ബുദത്തിനുള്ള സാധ്യത കൂട്ടുമെന്ന് റിപ്പോര്‍ട്ട്. സ്ത്രീ ഹോര്‍മോണുകള്‍ ഉത്തേജിപ്പിക്കുന്ന തെറാപ്പികള്‍ അര്‍ബുദത്തിനു കാരണമാകുന്ന കലകളെ വളര്‍ത്തുകയും ശരീരത്തില്‍ പടര്‍ത്തുകയും ചെയ്യുന്നു. യുഎസില്‍ നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശരീര സൗന്ദര്യവര്‍ധനത്തിനായി സ്റ്റിറോയ്ഡ് ഹോര്‍മോണുകളുടെ ഉപയോഗം അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെയും വികാസത്തെയും പ്രോല്‍സാഹിപ്പിക്കുന്നുവെന്ന് മിസ്സൗറി സര്‍വകലാശാലയിലെ സല്‍മാന്‍ ഹൈദര്‍ ചൂണ്ടിക്കാട്ടുന്നു. സ്വാഭാവിക ഹോര്‍മോണുകളും കൃത്രിമ ഹോര്‍മോണുകളും കോശങ്ങള്‍ ക്രമാതീതമായി പെരുകുന്നതിനു കാരണമാകും. സി ഡി 44 എന്ന പ്രത്യേകതരം കൊഴുപ്പുകളാണ് ഇതിനു കാരണം. ഇതിന്റെ ഫലമായി സൃഷ്ടിക്കപ്പെടുന്ന തന്മാത്രകള്‍ കോശങ്ങളുടെ വിഭജനത്തിനും പടരലിനും കാരണമാകും. സ്ത്രീ ഹോര്‍മോണുകളുടെ സാന്നിധ്യത്തില്‍ മേല്‍പ്പറഞ്ഞ ഘടകങ്ങള്‍ അര്‍ബുദ കോശങ്ങള്‍ക്കു സമാനമായ മൂലകോശങ്ങളുണ്ടാക്കുമെന്നാണു കണ്ടെത്തിയത്. ഇങ്ങനെ സൃഷ്ടിക്കപ്പെടുന്നവ വളരെ കുറവായിരിക്കുമെങ്കിലും അവ അതിവേഗം പെരുകുകയും പടരുകയും ചെയ്യുന്നു. കാന്‍സര്‍ കോശങ്ങള്‍ സ്ത്രീ ഹോര്‍മോണുകളുടെ സാന്നിധ്യത്തില്‍ പുഷ്ടിപ്പെടുമെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവ രോഗപ്രതിരോധ ചികില്‍സയില്‍ വഴിത്തിരവാകുമെന്നു ഗവേഷകര്‍ പ്രത്യാശിക്കുന്നു.

Write A Comment

 
Reload Image
Add code here