കണ്ണിന്റെ കാര്യമാണ് ഉപേക്ഷ വിചാരിക്കരുത് പ്രശ്‌നം ഗ്‌ളോക്കോമ ആണെങ്കിലോ

Mon,Jul 03,2017


കണ്ണില്‍നിന്ന് തലച്ചോറിലേക്ക് കാഴ്ചാസിഗ്‌നലുകള്‍ എത്തിക്കുന്ന ഒപ്റ്റിക് ഞരമ്പിന് സംഭവിക്കുന്ന തകരാര്‍മൂലം ഉണ്ടാകുന്ന നേത്രരോഗമാണ് ഗ്‌ളോക്കോമ. ആദ്യഘട്ടങ്ങളില്‍ ഗ്‌ളോക്കോമയ്ക്ക് വളരെ ചുരുക്കം ലക്ഷണങ്ങള്‍ മാത്രമേ ഉണ്ടാകൂ.
ചിലപ്പോള്‍ഒരു ലക്ഷണവും ഉണ്ടാകുകയില്ല. ഒരു മുന്നറിയിപ്പും കൂടാതെതന്നെ ക്രമേണ കാഴ്ച കവര്‍ന്നെടുക്കുകയും ചെയ്യും. ഇതിനാലാണ് ഗ്‌ളോക്കോമ കാഴ്ചയുടെ നിശബ്ദ കവര്‍ച്ചക്കാരനെന്ന് അറിയപ്പെടുന്നത്.യഥാര്‍ഥത്തില്‍ ഗ്‌ളോക്കോമ ബാധിതരായ പലരും അത് യഥാസമയം അറിയുകയില്ല. കണ്ടുപിടിക്കപ്പെടാതെയും ചികിത്സിക്കാതെയും വന്നാല്‍ ഗ്‌ളോക്കോമ അന്ധതയിലേക്ക് വഴിതെളിക്കാം. ഡബ്‌ള്യുഎച്ച്ഒയുടെ കണക്കുപ്രകാരം ലോകത്താകെ 60 മില്യണ്‍ ഗ്‌ളോക്കോമ രോഗികളുണ്ട്.
തിമിരം കഴിഞ്ഞാല്‍ ഏറ്റവും കൂടതല്‍ അന്ധതയ്ക്ക് കാരണമാകുന്നത് ഗ്‌ളോക്കോമയാണ്. ഇന്ത്യയിലാകമാനം 12 മില്യണ്‍ ആളുകള്‍ ഗ്‌ളോക്കോമ ബാധിതരാണ്. ഇവരില്‍ ഭൂരിഭാഗംപേരും അതെക്കുറിച്ച് അജ്ഞരാണ്.

എന്താണ് ഗ്‌ളോക്കോമ
ഗ്‌ളോക്കോമയുടെ പ്രധാന ഘടകം കണ്ണിനകത്തെ ഉയര്‍ന്ന ഐ ഒ പി (ഇന്‍ട്രാ ഒകുലര്‍ മര്‍ദം) ആണ്. ആരോഗ്യമുള്ള കണ്ണ് അക്വസ്ഹ്യൂമര്‍ എന്ന ദ്രാവകം വറ്റുന്നതിനനുസരിച്ച് നിര്‍മിച്ചുകൊണ്ടിരിക്കും. ഇത് സാധാരണ കണ്ണിന്റെ മുന്‍വശത്തുള്ള അറയിലൂടെ പോയി ഡ്രെയ്‌നേജ് ആംഗിളിലൂടെ ഒഴുകി രക്തത്തിലെത്തുന്നു.ഈ സംവിധാനം തടസ്സപ്പെടുമ്പോള്‍ അക്വസ് ഹ്യൂമര്‍ കൃത്യമായി ഒഴുകിപ്പോകാതെ അത് കെട്ടിനിന്ന് കണ്ണിന്റെ മര്‍ദം കൂടുകയും ഇത് ഒപ്റ്റിക് ഞരമ്പിന് സമ്മര്‍ദം ഉണ്ടാക്കുകയും നാഡീ തന്തുക്കളെ തകരാറിലാക്കുകയും ചെയ്യുന്നു. കൃത്യസമയത്ത് ചികിത്സതേടിയില്ലെങ്കില്‍ കുറച്ചുകാലത്തിനകം സ്ഥിരമായിത്തന്നെ കാഴ്ച നഷ്ടപ്പെടാന്‍ കാരണമാകും.

ഗ്‌ളോക്കോമ പലതരം
1. ഓപ്പണ്‍ ആംഗിള്‍ ഗ്‌ളോക്കോമ 2. ആംഗിള്‍ ക്‌ളോഷര്‍ ഗ്‌ളോക്കോമ ഇതുകൂടാതെ നവജാതശിശുക്കളില്‍ അപൂര്‍വമായി കണ്‍ജനിറ്റല്‍ ഗ്‌ളോക്കോമ ഉണ്ടാകാം.

ലക്ഷണങ്ങള്‍
ഓപ്പണ്‍ ആംഗിള്‍ ഗ്‌ളോക്കോമ വേദനരഹിതവും കാഴ്ചയെ ആദ്യഘട്ടങ്ങളില്‍ ബാധിക്കാത്തതുമാണ്. നേത്രനാഡിക്ക് തകരാറുണ്ടാകുമ്പോള്‍ കാഴ്ചയുടെ പരിധിയില്‍ ശൂന്യമേഖലകള്‍ ഉണ്ടാകുന്നു. ഇത് തുടക്കത്തില്‍ കാഴ്ചയെ കാര്യമായി ബാധിക്കില്ല. എന്നാല്‍ രോഗം സങ്കീര്‍ണമാകുമ്പോള്‍ കാഴ്ചയുടെ പരിധി ചുരുങ്ങി ഒരു തുരങ്കത്തിലൂടെ കാണുന്ന അവസ്ഥയിലേക്കു പോകുന്നു. ഇതിനെയാണ് ടണല്‍ വിഷന്‍ എന്നു പറയുന്നത്. അപ്പോഴേക്കും കാഴ്ച മങ്ങിത്തുടങ്ങും.

* ആംഗിള്‍ക്‌ളോഷര്‍ * ഗ്‌ളോക്കോമ
ലക്ഷണങ്ങള്‍
*കടുത്ത തലവേദന, കണ്ണുകഴപ്പ്, പ്രകാശസ്രോതസ്സുകള്‍ക്കുചുറ്റും പ്രകാശവലയം കാണുന്നതായി തോന്നുക. കണ്ണു ചുവപ്പ്, മനംപിരട്ടല്‍, ഛര്‍ദി, പെട്ടെന്ന് കാഴ്ച മങ്ങുക എന്നിവയാണ് ലക്ഷണങ്ങള്‍.
കണ്ണിന്റെ മര്‍ദം വളരെ കൂടുതലാകാം. (>30) ഇത് അടിയന്തരമായി വൈദ്യസഹായം വേണ്ട അവസ്ഥയാണ്. ഇല്ലെങ്കില്‍ കാഴ്ച പൂര്‍ണമായും നഷ്ടപ്പെടാം.

നോര്‍മല്‍ ടെന്‍ഷന്‍ ഗ്‌ളോക്കോമ
ചില വ്യക്തികള്‍ക്ക് കണ്ണിന്റെ മര്‍ദം സാധാരണ അളവിലാണെങ്കിലും നേത്രനാഡിക്ക് ക്ഷതം സംഭവിക്കാം. നേത്രനാഡിയുടെ മൃദുസ്വഭാവമാണ് ഇതിനു കാരണം. അല്ലെങ്കില്‍ നേത്രനാഡിയിലേക്കുള്ള രക്തപ്രവാഹം കുറയുന്നതുമാകാം.

ഗ്‌ളോക്കോമ വരാന്‍ സാധ്യതയുള്ളവര്‍ ആരെല്ലാം
1. ഗ്‌ളോക്കോമയുടെ കുടുംബപശ്ചാത്തലമുള്ളവര്‍
2. 40 വയസ്സിനു മേലെയുള്ളവര്‍
3. പ്രമേഹം, സിക്കിള്‍സെല്‍ അനീമിയ എന്നീ രോഗങ്ങളുള്ളവര്‍
4. മയോപ്പിയ അഥവാ ഷോര്‍ട്ട്‌സൈറ്റ് ഉള്ള വ്യക്തികള്‍
5. വളരെക്കാലം സ്റ്റീറോയ്ഡ് മരുന്ന് ഉപയോഗിച്ചവര്‍
6. കണ്ണിന് എന്തെങ്കിലും പരിക്കോ ശസ്ത്രക്രിയയോ ചെയ്തിട്ടുള്ളവര്‍.
ഇങ്ങനെയുള്ളവര്‍ എല്ലാ വര്‍ഷവും കൃത്യമായി നേത്രപരിശോധന നടത്തേണ്ടതാണ്.

ഗ്‌ളോക്കോമ എങ്ങനെ കണ്ടെത്താം
1. വിശദമായ നേത്രപരിശോധന. കാഴ്ചശക്തി പരിശോധിക്കുക മാത്രമല്ല, കണ്ണിന്റെ ഞരമ്പ് പൂര്‍ണമായും പരിശോധിച്ച് ഗ്‌ളോക്കോമയുടെ ലക്ഷണമായ കപ്പിങ് (Cupping) എത്രത്തോളമുണ്ടെന്ന് രേഖപ്പെടുത്തണം.
2. ടോണോ മെട്രി. കണ്ണിന്റെ നോര്‍മല്‍ പ്രഷര്‍ 12-20 mmHg ആണ്. ടോണോമീറ്റര്‍ എന്ന ഉപകരണത്തിലൂടെ കണ്ണിന്റെ പ്രഷര്‍ അളക്കുക.
3. പെരിമെട്രി അഥവാ വിഷ്വല്‍ ഫീല്‍ഡ്. കാഴ്ചയുടെ പരിധി അഥവാ വിഷ്വല്‍ ഫീല്‍ഡ് ചുരുങ്ങിവരുന്നതാണ് ഗ്‌ളോക്കോമയുടെ പ്രധാന ലക്ഷണം. ഈ ടെസ്റ്റിലൂടെ കാഴ്ചയുടെ പരിധി രേഖപ്പെടുത്തുന്നു.
4. പാക്കിമെട്രി (Pachymery) കോര്‍ണിയയുടെ കട്ടി അളക്കല്‍
5. ഗോണിയോസ്‌കോപ്പി (Goniocyospy). കണ്ണിന്റെ ഡ്രെയ്‌നേജ് ആംഗിള്‍ പരിശോധിക്കുക എന്നീ ടെസ്റ്റുകളും ആവശ്യമാണ്.

എങ്ങനെ ചികിത്സിക്കാം
ജീവിതശൈലി രോഗങ്ങളായ പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിവപോലെത്തന്നെ ജീവിതകാലം മുഴുവന്‍ ചികിത്സ വേണ്ട രോഗമാണ് ഗ്‌ളോക്കോമ. തുള്ളിമരുന്നുകള്‍ ഉപയോഗിച്ച് കണ്ണിന്റെ പ്രഷര്‍ കുറയ്ക്കുക എന്നതാണ് പ്രധാന ചികിത്സ. ചിലപ്പോള്‍ ഒന്നിലധികം തുള്ളിമരുന്നുകള്‍ ഉപയോഗിക്കേണ്ടിവന്നേക്കാം.
മരുന്ന് കൃത്യമായി ഉപയോഗിച്ചുകൊണ്ടിരുന്നാല്‍ മാത്രമേ ഗ്‌ളോക്കോമമൂലമുള്ള അന്ധത തടയാനാകൂ.ലേസര്‍ ചികിത്സ: കണ്ണിന്റെ ഡ്രെയ്‌നേജ് ആംഗിളിലേക്ക് വേദനരഹിതമായ ലേസര്‍രശ്മി കടത്തിവിട്ട് സുഷിരങ്ങള്‍ ഉണ്ടാക്കുന്നു. ഇത് അക്വസ് ഹ്യൂമര്‍ ഒഴുകാന്‍ സഹായകമാകും. ഈ ചികിത്സ ലേസര്‍ ട്രാബെക്കുലോ പ്‌ളാസ്റ്റി എന്ന് അറിയപ്പെടുന്നു.ശസ്ത്രക്രിയ: തുള്ളിമരുന്നും ലേസറും ഫലപ്രദമല്ലെങ്കില്‍ ശസ്ത്രക്രിയവഴി ഡ്രെയ്‌നേജ് ചാനല്‍ സൃഷ്ടിച്ച് കണ്ണിന്റെ മര്‍ദം കുറയ്ക്കാം. പ്രഷര്‍ കുറഞ്ഞാലും പിന്നീട് തുള്ളിമരുന്നുകള്‍ ഉപയോഗിക്കേണ്ടിവരാം.ആംഗിള്‍ ക്‌ളോഷര്‍ ഗ്‌ളോക്കോമാ രോഗികള്‍ 24 മണിക്കൂറിനകം ചികിത്സതേടേണ്ടത് അത്യാവശ്യമാണ്.
തുള്ളിമരുന്നിനോടൊപ്പം ലേസര്‍ചികിത്സയും വേണ്ടിവരാം. ഇതോടൊപ്പം ചിലപ്പോള്‍ പ്രഷര്‍ പെട്ടെന്ന് കുറയ്ക്കുന്നതിനായി ഇന്‍ജക്ഷനും വേണ്ടിവരാം. ഉടനെ ചികിത്സ തേടിയില്ലെങ്കില്‍ കാഴ്ച പൂര്‍ണമായും നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.പ്രത്യേകിച്ച് അപായസൂചനകളൊന്നും ഇല്ലാതെ കാഴ്ച അപഹരിക്കുന്ന രോഗമാണ് ഗ്‌ളോക്കോമ. എന്നാല്‍ കൃത്യമായി പരിശോധനനടത്തി രോഗം നേരത്തെ നിര്‍ണയിക്കാന്‍ കഴിഞ്ഞാല്‍ ശരിയായ ചികിത്സയിലൂടെ രോഗത്തെ തടയാനാകും. അങ്ങനെ കാഴ്ച സംരക്ഷിക്കാം.
(വിവരങ്ങള്‍ക്ക് കടപ്പാട് പട്ടം എസ്.യു.ടി ആശുപത്രി ഓഫ്താല്‍മളോജി വിഭാഗം)

Write A Comment

 
Reload Image
Add code here