പഴവര്‍ഗങ്ങളിലെയും പച്ചക്കറികളിലെയും വിഷാംശവും അണുക്കളും ഒഴിവാക്കാന്‍ പത്തു മാര്‍ഗങ്ങള്‍

Fri,Jun 23,2017


വിഷമില്ലാത്ത പഴങ്ങളും പച്ചക്കറികളും കഴിക്കാനാവുകയെന്നതു നമുക്കു സ്വപ്‌നമായി അവശേഷിക്കുന്ന കാര്യമാണ്. രാസവളങ്ങളും കീടനാശിനികളുമുപയോഗിച്ചാണ് പച്ചക്കറികളും പഴവര്‍ഗങ്ങളും കൃഷി ചെയ്യുന്നത്. അതു കൂടാതെ പലതും പറിക്കുമ്പോള്‍ത്തന്നെ കേടാകാതിരിക്കാനുള്ള കീടനാശിനികള്‍ തളിക്കുന്നു. പെട്ടെന്നു പഴുത്തു ചീഞ്ഞുപോകാതിരിക്കാനും പഴുക്കുമ്പോള്‍ നല്ല നിറമുണ്ടാകാനുമൊക്കെ മറ്റു കീടനാശിനികള്‍.
തമിഴ്‌നാട്ടിലെ മുന്തിരിത്തോപ്പുകളില്‍ വിളവെടുക്കുന്നതു കണ്ടാല്‍ നമുക്ക് അതു കഴിക്കാന്‍ തോന്നില്ല, മുന്തിരിക്കുലകള്‍ പറിച്ചെടുത്തു വീപ്പയിലെ കീടനാശിനിയടങ്ങിയ വെള്ളത്തില്‍ മുക്കുന്നതു കാണാം. ഇതു കൂടാതെ, പറിച്ചെടുത്ത പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും പറ്റിപ്പിടിക്കുന്ന അണുക്കളും അഴുക്കുകളും നമ്മുടെ ആരോഗ്യം നശിപ്പിച്ചെന്നും വരാം.
നാം കടകളില്‍നിന്നു വാങ്ങുന്ന പച്ചക്കറികളിലെയും പഴവര്‍ഗങ്ങളിലെയും മാലിന്യവും വിഷാംശങ്ങളും പൂര്‍ണമായി ഒഴിവാക്കാന്‍ സാധിക്കില്ല. എങ്കിലും അവയുടെ പുറത്തുള്ളവ ഒരു പരിധിവരെ ഒഴിവാക്കാന്‍ പല മാര്‍ഗങ്ങളുമുണ്ട്. അവയേതൊക്കെയെന്നു നോക്കാം.
1 വെള്ളമൊഴിച്ചു നന്നായി കഴുകുക. തണുത്തവെള്ളത്തില്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും കുറെ നേരമെടുത്തു കഴുകിയാല്‍ അവയുടെ തൊലിപ്പുറത്തുള്ള അണുക്കളും മാലിന്യങ്ങളും ഒഴിവാക്കാന്‍ പറ്റും.
2. ഉപ്പുവെള്ളത്തില്‍ മുക്കിവയ്ക്കുക. പച്ചക്കറികളും പഴവര്‍ഗങ്ങളും കുറെനേരം ഉപ്പുവെള്ളത്തില്‍ മുക്കിവച്ചാല്‍ അതിനു പുറത്തെ രാസവസ്തുക്കളും ബാക്ടീരിയകളും കീടനാശിനിയംശങ്ങളും ഇല്ലാതാകും. ഉപ്പുവെള്ളത്തിനു ബാക്ടീരിയകളെ നശിപ്പിക്കാനുള്ള കഴിവുണ്ട്.
3. തൊലി കളയുക: പഴങ്ങളുടെയും പച്ചക്കറികളുടെയും തൊലിപ്പുറത്താണ് കൂടുതല്‍ മാലിന്യവും അണുക്കളും രാസവസ്തുക്കളും ഒട്ടിപ്പിടിക്കുന്നത്. അതിനാല്‍ തൊലി ചെത്തിക്കളഞ്ഞാല്‍ അവയിലെ വിഷാംശങ്ങള്‍ ഒരു പരിധിവരെ ഒഴിവാക്കാനാവും.
4. തിളച്ച വെള്ളത്തിലിടുക: വെള്ളം നന്നായി തിളപ്പിച്ച ശേഷം പഴങ്ങളും പച്ചക്കറികളും അവയില്‍ 15 സെക്കന്‍ഡ് മുതല്‍ ഒരു മിനിട്ട് വരെ മുക്കിവച്ചശേഷം അവിടെനിന്നെടുത്തു നന്നായി തണുത്തവെള്ളത്തില്‍ വയ്ക്കുക. ഇത് അവയിലെ മാലിന്യങ്ങളും അണുക്കളും ഇല്ലാതാക്കാന്‍ സഹായിക്കും.
5. നാരങ്ങാനീരിലോ സിട്രിക് ആസിഡിലോ കഴുകുക. പകുതി മുറിച്ച നാരങ്ങയുടെ നീരോ അല്പം സിട്രിക് ആസിഡോ വെള്ളത്തില്‍ കലക്കിയ ശേഷം പച്ചക്കറിയോ പഴങ്ങളോ അതില്‍ മുക്കിയാല്‍ അതിലെ മാലിന്യവും അണുക്കളും ഇല്ലാതാകും.
6. കടകളില്‍നിന്നു വാങ്ങുന്ന പല പഴങ്ങളിലും, പ്രത്യേകിച്ച് ആപ്പിളില്‍ മെഴുകിന്റെ ആവരണമുണ്ടാകാം. അത് അകത്തു ചെല്ലുന്നത് ശരീരത്തിന് അപകടമുണ്ടാക്കും. അതിനാല്‍ കത്തിയോ നഖമോ ഉപയോഗിച്ച് അത് ചുരണ്ടിക്കളയണം. അതിനു പറ്റിയ ബ്രഷുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമായേക്കാം.
7. ഏറ്റവും സാമ്പത്തികലാഭമുണ്ടാക്കുന്ന മാര്‍ഗമിതാണ്- നമ്മുടെ അടുക്കളയില്‍ നാം തന്നെ ഒരു ലായനി ഉണ്ടാക്കിവയ്ക്കുക. നാരങ്ങാനീരും ബേക്കിംഗ് സോഡയും വെള്ളത്തില്‍ കലര്‍ത്തിയ ലായനി. ഇതു പഴങ്ങളിലോ പച്ചക്കറികളിലോ സ്േ്രപ ചെയ്ത് 8-10 മിനിറ്റിനു ശേഷം വെള്ളത്തിലിട്ടു കഴുകി ഉപയോഗിക്കുക. അവയ്ക്കു പുറത്തുള്ള കീടനാശിനി അംശങ്ങള്‍ ഇല്ലാതാകും.
8. കടകളില്‍ കിട്ടുന്ന സ്‌പ്രേകള്‍. എന്നാല്‍, മിതമായി മാത്രമേ അതുപയോഗിക്കാവൂ. കാരണം അതിലെ രാസവസ്തുക്കള്‍ ചിലപ്പോള്‍ ദോഷകരമായേക്കാം.
9. മഞ്ഞള്‍വെള്ളം. പുരാതനകാലം മുതല്‍ മഞ്ഞള്‍ വിവിധ ഔഷധങ്ങള്‍ക്കായും മാലിന്യവും വിഷാംശവും അണുക്കളും നീക്കാനും ഉപയോഗിക്കുന്നുണ്ട്. ഒരു ടീസ്പൂണ്‍ മഞ്ഞള്‍പൊടി വെള്ളത്തിലിട്ടു കലക്കിയ ശേഷം അതില്‍ പഴങ്ങളും പച്ചക്കറികളും മുക്കിവയ്ക്കുക.
10. വിനാഗിരി. പത്തു ശതമാനം വിനാഗിരി ലായനി 90 ശതമാനം വെള്ളത്തിലിട്ടു കലക്കിയശേഷം പഴങ്ങളും പച്ചക്കറികളും 15- 20 മിനിട്ടുനേരം അതില്‍ മുക്കിവയ്ക്കുക. തുടര്‍ന്നു നന്നായി കഴുകിയെടുക്കുക. വിനാഗിരിയുള്ളതിനാല്‍ രാസവസ്തുക്കളും അണുക്കളുമൊക്കെ ഒരു പരിധി വരെ ഇല്ലാതാകും.
എന്നാല്‍ മേല്‍പറഞ്ഞവയൊന്നും പച്ചക്കറികളിലെയും പഴവര്‍ഗങ്ങളിലെയും കീടനാശിനി അംശത്തെ പൂര്‍ണമായി ഒഴിവാക്കുന്നില്ലെന്നതാണു സത്യം.

Write A Comment

 
Reload Image
Add code here