ഉപ്പുകൂടുതല്‍ കഴിച്ച് ആരോഗ്യം കേടാക്കരുതേ

Fri,Jun 23,2017


ആഹാരത്തിന്റെ രുചിക്ക് ഉപ്പ് അത്യാവശ്യമാണെങ്കിലും ഉപയോഗം വളരെ ശ്രദ്ധിച്ചു വേണം. അമിതമായാല്‍ അത് ആരോഗ്യത്തെ ഗുരുതരമായ പ്രശ്‌നങ്ങളിലെത്തിക്കും. രക്തസമ്മര്‍ദം കൂടും: ഉപ്പ് അമിതമായി ശരീരത്തിലെത്തിയാല്‍ വൃക്കയ്ക്ക് അതിനെ പുറന്തള്ളാന്‍ കഴിയില്ല. അപ്പോള്‍ രക്തത്തില്‍ ഉപ്പ് അടിയും.
കറിയുപ്പിലുള്ള സോഡിയം വെള്ളത്തെ ആകര്‍ഷിക്കാന്‍ മിടുക്കനാണ്. അങ്ങനെ, രക്തത്തിലുള്ള സോഡിയം പ്ലാസ്മയിലേക്കും കോശങ്ങള്‍ക്കു പുറത്തുള്ള ദ്രവങ്ങളിലേക്കുമൊക്കെ വെള്ളത്തെ വലിച്ചെത്തിക്കും.
ഇതോടെ രക്തത്തിന്റെ അളവ് കൂടും, ഇതു പമ്പ് ചെയ്യാന്‍ ഹൃദയം കൂടുതല്‍ ജോലി ചെയ്യും, അങ്ങനെ രക്തസമ്മര്‍ദം കൂടും. മറ്റൊന്നു കൂടിയുണ്ട്. സോഡിയം കാല്‍സ്യത്തെയും ആകര്‍ഷിക്കും. ഇതു രക്തക്കുഴലുകളിലെ പേശികള്‍ മുറുകാനിടയാക്കും. അങ്ങനെയും രക്തസമ്മര്‍ദം കൂടും

ഹൃദ്രോഗം: രക്താതിമര്‍ദം (ഹൈപ്പര്‍ ടെന്‍ഷന്‍) ഹൃദയത്തിന്റ ജോലി കൂട്ടുന്നതിനു പുറമെ, രക്തധമനികളുടെ സങ്കോചത്തിനും കാരണമാകും. ഇതു ഹൃദ്രോഗത്തിനും വഴിതെളിക്കും.

പക്ഷാഘാതം: ഹൈപ്പര്‍ ടെന്‍ഷനും രക്തധമനികളുടെ സങ്കോചവും തലച്ചോറിനെ ബാധിക്കുമെന്നു പ്രത്യേകം പറയേണ്ടല്ലോ. അതിന്റെ ഫലമായി പക്ഷാഘാതവും ഉണ്ടാകാം.

അസ്ഥിക്ഷയം: ഉപ്പ് കൂടുതലായാല്‍ വൃക്കകള്‍ കാല്‍സ്യത്തെ കൂടുതല്‍ പുറന്തള്ളും. അങ്ങനെ അസ്ഥികളുടെ ആരോഗ്യവും നശിക്കും.

വൃക്കയില്‍ കല്ല്: കാല്‍സ്യം ഇങ്ങനെ കൂടുതലായി പുറന്തള്ളുന്നതു വൃക്കയിലെ കല്ലിനു കാരണമാകും.

ചെയ്യേണ്ടത്: ചോറിലും മറ്റും ഉപ്പൊഴിച്ചു കഴിക്കാന്‍ കുഞ്ഞുങ്ങളെ ശീലിപ്പിക്കരുത്. ഒരാള്‍ക്ക് ഒരുദിവസം ചെറിയ ടീസ്പൂണ്‍ ഉപ്പ് മാത്രം മതിയെന്നോര്‍ക്കണം.

പപ്പടവും അച്ചാറും ഉണക്കമീനുമൊക്കെ നന്നായി നിയന്ത്രിക്കുക. ടിന്‍ ഫൂഡ് പരമാവധി ഒഴിവാക്കുക. അഥവാ വാങ്ങുകയാണെങ്കില്‍ സോഡിയം ഫ്രീ, ലോ സോഡിയം എന്നിങ്ങനെ രേഖപ്പെടുത്തിയതു നോക്കി വേണം വാങ്ങാന്‍.

Write A Comment

 
Reload Image
Add code here