കിടക്കയില്‍ മൂത്രമൊഴിക്കുന്നത് ഒഴിവാക്കാന്‍ മാര്‍ഗങ്ങള്‍

Sat,Jun 03,2017


കുഞ്ഞുങ്ങള്‍ കിടക്കയില്‍ മൂത്രമൊഴിക്കുന്നതു സര്‍വസാധാരണമാണ്. അഞ്ചു വയസിനു ശേഷം ഈ സ്വഭാവമുള്ള കുട്ടികള്‍ അപഹാസ്യരായെന്നു വരും. അവര്‍ക്കും മാതാപിതാക്കള്‍ക്കും ഇതുണ്ടാക്കുന്ന ബുദ്ധിമുട്ട് നിസാരമല്ല.
മൂത്രം പിടിച്ചു നിര്‍ത്താനുള്ള കഴിവു കുറയുകയോ ആ കഴിവ് വികസിക്കാത്തതോ ആവാം കാരണം. പനിയും ജലദോഷവും വന്നാല്‍ മാതാപിതാക്കള്‍ അതു വളരെ ഗൗരവത്തോടെയെടുക്കും. എന്നാല്‍ കുട്ടി കിടക്കയില്‍ മൂത്രമൊഴിക്കുന്ന സ്വഭാവം ഇല്ലാതാക്കാന്‍ ആരും മിനക്കെടാറില്ല. എന്നാല്‍ ഉറക്കത്തില്‍ മൂത്രമൊഴിക്കുന്നത് അത്ര നിസാരമായി തള്ളിക്കളയാവുന്ന സ്വാഭാവമല്ല. മുംബൈ നഗരത്തില്‍ അഞ്ചുവയസില്‍ താഴെയുള്ള 15 ശതമാനം കുട്ടികള്‍ക്ക് കിടക്കയില്‍ മൂത്രമൊഴിക്കുന്ന സ്വഭാവമുണ്ടെന്നാണ് കണക്കുകള്‍. അഞ്ചുവയസിനു ശേഷവും ഈ സ്വഭാവം മാറിയില്ലെങ്കില്‍ വിദഗ്ധഡോക്ടറുടെ അഭിപ്രായം തേടേണ്ടതാണ്. ഉറക്കത്തില്‍ മൂത്രമൊഴിക്കുന്നതിന്റെ കാരണങ്ങള്‍ തേടി നിരവധി പഠനങ്ങള്‍ നടന്നുവരുന്നുണ്ട്.
പല കുട്ടികളിലും മൂത്രസഞ്ചിയില്‍ മൂത്രം നിയന്ത്രിച്ചു നിര്‍ത്താനുള്ള കഴിവ് പരിമിതമാണെന്നതാണു കാരണമാകുന്നത്. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയാണ് പലപ്പോഴും ഇതിനു വഴിമരുന്നിടുന്നത്, പ്രത്യേകിച്ചു ആന്റിഡ്യൂറെറ്റിക് ഹോര്‍മോണ്‍(എഡിഎച്ച്). ഈ പ്രശ്‌നത്തിനു പരിഹാരം കിടക്കയില്‍ മൂത്രമൊഴിക്കലിന്റെ കാരണം തിരിച്ചറിയുകയും അതിനു കൃത്യമായ മരുന്നു നല്‍കുകയും ജീവിതശൈലി മാറ്റുകയും ചെയ്യുകയെന്നതാണ്. സോഷ്യല്‍ മീഡിയയെ ആശ്രയിക്കുന്നതും അക്രമങ്ങള്‍ക്കുമൊക്കെ കിടക്കയിലെ മൂത്രമൊഴിക്കലുമായി ബന്ധമുള്ളതായി പല പഠനങ്ങളും വ്യക്തമാക്കുന്നുണ്ട്.
ഏതായാലും കുട്ടികളുടെ ജീവിതശൈലിയിലുണ്ടാക്കുന്ന മാറ്റങ്ങള്‍ ഒരു പരിധിവരെ ഈ പ്രശ്‌നം ഇല്ലാതാക്കാന്‍ സാധിക്കും.
1 കുട്ടികള്‍ കിടക്കയില്‍ മൂത്രമൊഴിച്ചാല്‍ ഒരിക്കലും അവരെ വഴക്കു പറയരുത്. മൂത്രമൊഴിക്കല്‍ അറിഞ്ഞുകൊണ്ടു ചെയ്യുന്ന കുറ്റമല്ലെന്നും അവര്‍ക്കു നിയന്ത്രിക്കാനാവാത്തതുകൊണ്ടാണെന്നും മനസിലാക്കുക.
2. ഏതെങ്കിലും ദിവസം മൂത്രമൊഴിക്കുന്നില്ലെങ്കില്‍ അന്ന് അവനെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
3. ഉറങ്ങാന്‍ പോകുന്നതിനു തൊട്ടുമുമ്പ് കുട്ടി മൂത്രമൊഴിച്ചെന്ന് ഉറപ്പു വരുത്തുക.
4. കിടക്കുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പെങ്കിലും ചൂടു പാലോ ചൂടുവെള്ളമോ കുടിക്കാന്‍ കൊടുക്കുക.
5. ഉറങ്ങാന്‍ പോകും മുമ്പു ചായ, കാപ്പി, കോളാ തുടങ്ങിയവ കുട്ടിക്കു കൊടുക്കരുത്.
6. പാതിരാത്രിയില്‍ ഉറക്കത്തെ ഭംഗപ്പെടുത്തി മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ടായതുകൊണ്ട് കിടക്കയില്‍ത്തന്നെ മൂത്രമൊഴിക്കാനുള്ള പ്രവണത കാട്ടും. അത്തരം സാഹചര്യത്തില്‍ അലാറം വച്ചുകൊണ്ട് നിശ്ചിതസമയത്തില്‍ കുഞ്ഞുങ്ങളെ എണീപ്പിച്ചു മൂത്രമൊഴിക്കാന്‍ പ്രേരിപ്പിക്കാം.
7. എസി മുറിക്കുള്ളില്‍ മൂത്രമൊഴിക്കാനുള്ള പ്രവണത കൂടുതലാണ്. നിങ്ങളുടെ കുഞ്ഞിനു അസഹ്യമായ തണുപ്പ് അനുഭവപ്പെടുന്നില്ലെന്ന് ഉറപ്പു വരുത്തുക.
8. ആഴ്ചയില്‍ 2-3 ദിവസം കിടക്കയില്‍ മൂത്രമൊഴിക്കുന്നുണ്ടെങ്കില്‍ ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്.

Write A Comment

 
Reload Image
Add code here