കാന്‍സര്‍ ചികിത്സയില്‍ നിര്‍ണായകവഴിത്തിരിവ്: കാന്‍സര്‍ രോഗം വ്യാപിക്കാനുള്ള കാരണം കണ്ടെത്തി, മരുന്നുകള്‍ ഉടന്‍

Tue,May 30,2017


മേരിലാന്‍ഡ്: നാം വളരെ തിരക്കുള്ള റസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ കയറുന്നു. തീന്‍ മേശ ഒഴിയാന്‍ കാത്തുനിന്നു മടുക്കുമ്പോള്‍ നമുക്കൊരറിയിപ്പു കിട്ടുന്നു, വിശപ്പു പോകണമെങ്കില്‍ മറ്റൊരു റസ്‌റ്റോറന്റിനെ ആശ്രയിക്കുന്നതാവും നല്ലതെന്ന്...ഇതുപോലെയാണ് കാന്‍സര്‍ കോശങ്ങള്‍ ഒരിടത്തുനിന്നു മറ്റിടങ്ങളിലേക്കു വ്യാപിക്കുന്നതെന്നു ശാസ്ത്രജ്ഞര്‍.
ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ശാസ്ത്രജ്ഞരാണ് കാന്‍സര്‍ രോഗം പെട്ടെന്നു വ്യാപിക്കുന്നതിന്റെ കാരണങ്ങള്‍ ആദ്യമായി കണ്ടെത്തിയിരിക്കുന്നത്. 90 ശതമാനം കാന്‍സര്‍ മരണങ്ങള്‍ക്കും കാരണമാകുന്നത് കാന്‍സര്‍ കോശങ്ങള്‍ തുടങ്ങിയിടത്തുനിന്നു മറ്റൊരു അവയവത്തിലേക്കു വ്യാപിക്കുന്നതാണ്. കാന്‍സര്‍ മെറ്റാസ്റ്റാസിസ് എന്നറിയപ്പെടുന്ന ഈ വ്യാപനം തടയാന്‍ നിലവില്‍ മരുന്നുകളൊന്നുമില്ല.
ഒരു അവയവത്തില്‍ കാന്‍സര്‍ കോശങ്ങള്‍ ഇടതിങ്ങി കൂടിച്ചേരുമ്പോള്‍ അവ രണ്ടു തരം പ്രോട്ടീനുകള്‍ പുറപ്പെടുവിക്കും. ഇവിടം വിട്ടുപോവുക എന്ന സന്ദേശമാകും ഈ പ്രോട്ടീനുകള്‍ നല്‍കുക. ഇതോടെ കാന്‍സര്‍കൂട്ടത്തില്‍നിന്ന് കോശങ്ങള്‍ വേര്‍പിരിയുകയും രക്തപ്രവാഹത്തിലൂടെയോ ലിംഫ് ശൃംഖലയിലൂടെയോ ഒഴുകി മറ്റ് അവയവങ്ങളിലേക്കു പടര്‍ന്ന് അവിടെ പുതുതായി കൂട്ടം കൂടുകയും ചെയ്യുന്നു.
കാന്‍സര്‍ ചികിത്സയില്‍ നിര്‍ണായകമാകുന്ന ഈ കണ്ടുപിടിത്തം പുതിയ ലക്കം നേച്ചര്‍ മാസികയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ശ്രീലങ്കക്കാരനായ ഹസിനി ജയതിലകയാണ് ഈ ലേഖനത്തിന്റെ കര്‍ത്താവ്. ഒരു കാന്‍സര്‍ മുഴയുടെ വലുപ്പമല്ല അതിന്റെ വ്യാപനം നിര്‍ണയിക്കുന്നത്. പ്രത്യുത, കാന്‍സര്‍ മുഴയില്‍ കാന്‍സര്‍ കോശങ്ങള്‍ എത്രമാത്രം ഇടതിങ്ങിയാണ് നില്‍ക്കുന്നത് എന്നതനുസരിച്ചാണ്.
കോശങ്ങള്‍ വിട്ടുപോകാനുള്ള സന്ദേശം തടയുന്നതിനു വഴിമരുന്നിടുന്ന മരുന്നു മിശ്രിതം ജയതിലകയും സംഘവും വികസിപ്പിച്ചിട്ടുണ്ട്. മൃഗങ്ങളില്‍ മാത്രമേ ഇതു പരീക്ഷിച്ചു നോക്കിയിട്ടുള്ളൂ. ഏറെ താമസിയാതെ ഇതു കാന്‍സര്‍ രോഗികളില്‍ പരീക്ഷിക്കാനാവുമെന്നും കാന്‍സര്‍കോശങ്ങളുടെ വ്യാപനം തടയുന്നതില്‍ ആധുനിക വൈദ്യശാസ്ത്രത്തിനു സഹായകമാകുമെന്നും ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നു.
കാന്‍സര്‍ കോശങ്ങള്‍ തുടങ്ങിയേടത്തുതന്നെ നശിപ്പിച്ചു കാന്‍സര്‍വ്യാപനം തടയുന്ന ചികിത്സാരീതിയാണ് ഇപ്പോഴുള്ളത്. നിലവില ഉപയോഗിച്ചുവരുന്ന രണ്ടു മരുന്നുകള്‍- ടോസിലിസുമാബ്, റിപ്പറാക്‌സിന്‍- കൂട്ടിക്കലര്‍ത്തിയാല്‍ കാന്‍സര്‍ കോശങ്ങള്‍ക്കു ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു വിട്ടുപോകാനുള്ള സന്ദേശം കൈമാറുന്നതു തടയാന്‍ സാധിക്കുമെന്ന് ഈ സംഘം പറയുന്നു. ഇവയില്‍ ടോസിലിസുമാബ്, റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസിന് അംഗീകരിക്കപ്പെട്ട മരുന്നാണ്. ഒവേറിയന്‍ കാന്‍സറിന് ഇതു പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചും വരുന്നു. റിപ്പറാക്‌സിനാകട്ടെ സ്തനാര്‍ബുദത്തിനു ഫലപ്രദമായ മരുന്നാണ്.
തങ്ങളുടെ എട്ട് ആഴ്ച നീണ്ട പഠനത്തിനിടെ ഈ രണ്ടു മരുന്നുകള്‍ കൂട്ടിക്കലര്‍ത്തി നല്‍കി പരീക്ഷിച്ചപ്പോള്‍ കാന്‍സര്‍ കോശങ്ങളില്‍ യാതൊരു മാറ്റവുമുണ്ടാക്കിയില്ലെങ്കിലും അതില്‍നിന്നു പുറത്തേക്കുള്ള വ്യാപനം തടയാനായെന്നു ജയതിലക അവകാശപ്പെടുന്നു. ഒരിടത്തു കൂട്ടമായി രൂപപ്പെടുന്ന കാന്‍സര്‍ കോശങ്ങള്‍ക്കു മറ്റൊരിടത്തേക്കു വിട്ടുപോകാനുള്ള സന്ദേശമെത്താതിരിക്കുന്നതോടെ കാന്‍സര്‍ വ്യാപനം തടയപ്പെടുമെന്നും ഇതു കാന്‍സര്‍ ചികിത്സയില്‍ നിര്‍ണായക വഴിത്തിരിവാകുമെന്നും ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു.

Other News

 • കേരളത്തില്‍ അഞ്ചില്‍ ഒരാള്‍ക്ക് കാന്‍സര്‍ ബാധിക്കാമെന്ന് കണക്കുകള്‍
 • കുട്ടികളെ ലക്ഷ്യബോധമുള്ളവരായി വളര്‍ത്തേണ്ടത് രക്ഷിതാക്കളുടെ ബാധ്യത: ഡോ. ഷൈജു കാരയില്‍
 • സംശുദ്ധ ഹൃദയാരോഗ്യം സന്തുഷ്ട ജീവിതത്തിന്. ഡോ. അബ്ദുല്‍ സമദ് എം.ഡി
 • ജീവിത ശൈലിയില്‍ മാറ്റം വരുത്തൂ, ഹൃദ്രോഗം പ്രതിരോധിക്കൂ. പി.എന്‍. ബാബുരാജന്‍
 • അമിത വണ്ണം കുറക്കാന്‍ മഞ്ഞള്‍ ചായ
 • ഇനി കളര്‍ എക്‌സറേയും!
 • ചക്കയില്‍ എല്ലാം ഉണ്ട്‌
 • മഴക്കാലരോഗങ്ങള്‍ തടയാന്‍ സബര്‍ജില്ലി ഉത്തമം
 • ഓറഞ്ചുപോലെ പ്രധാനമാണ് ഓറഞ്ചിന്റെ തോടും
 • പപ്പായ കഴിക്കണം എന്നുപറയുന്നതിന്റെ കാരണങ്ങള്‍ അറിയാമോ...?
 • വേനല്‍ക്കാല രോഗങ്ങളെ കരുതിയിരിക്കുക
 • Write A Comment

   
  Reload Image
  Add code here