സ്വന്തം ശരീരത്തില്‍ നാം അവഗണിച്ചുകളയുന്ന കാന്‍സര്‍ ലക്ഷണങ്ങള്‍, തിരിച്ചറിഞ്ഞു ചികിത്സ തേടാം

Mon,May 29,2017


നമ്മുടെ ശരീരത്തില്‍ രോഗം ബാധിച്ചാല്‍ അത് എത്രയും നേരത്തേ നിര്‍ണയിക്കുന്നോ അത്രയും ലളിതമായി രോഗം ചികിത്സിച്ചുമാറ്റാനാകും. രോഗം കാന്‍സര്‍ പോലെ മാരകമായ ഒന്നാണെങ്കില്‍ പ്രത്യേകിച്ചും.
ഏറ്റവും നേരത്തേ കാന്‍സര്‍ നിര്‍ണയിക്കാനാവുന്നോ അത്രയും എളുപ്പമാകും ചികിത്സ. പല കാന്‍സറുകളും നേരത്തേ തന്നെ നമുക്കു തിരിച്ചറിയാനാവുന്നതാണ്.
കൃത്യമായ ധാരണയും നിരീക്ഷണവുമുണ്ടെങ്കില്‍ ആദ്യ സ്റ്റേജുകളില്‍ത്തന്നെ കാന്‍സര്‍ നിര്‍ണയിക്കാനാവുകയും ഫലപ്രദമായ ചികിത്സയിലൂടെ രോഗവിമുക്തി നേടുകയും ചെയ്യാവുന്നതാണ്. മിക്ക കാന്‍സര്‍ മരണങ്ങള്‍ക്കും കാരണമാകുന്നത് അതു നേരത്തേ കണ്ടെത്താനാവാതെ അവസാന സ്റ്റേജില്‍ മാത്രം രോഗചികിത്സ തേടുന്നതാണ്. കാന്‍സര്‍ രോഗലക്ഷണങ്ങള്‍ പലതും നാം നിസാരമായിക്കണ്ട് അവഗണിക്കുന്നതു മൂലമാണ് പല കാന്‍സര്‍ മരണങ്ങള്‍ക്കും വഴിമരുന്നിടുന്നത്.
ഇങ്ങനെ അവഗണിക്കാന്‍ സാധ്യതയുള്ള പ്രധാന കാന്‍സര്‍ രോഗങ്ങളുടെ ലക്ഷണങ്ങളാണ് ഇവിടെ കൊടുക്കുന്നത്. നമ്മുടെ ശരീരത്തിന്റെ മെക്കാനിസത്തില്‍ കാര്യമായ എന്തോ പാകപ്പിഴയുണ്ടെന്നതിന്റെ സൂചനകള്‍ തരുന്നതാണ് ഈ ലക്ഷണങ്ങള്‍. അവ അവഗണിക്കാവുന്ന കാര്യങ്ങളായിരിക്കില്ല.
1. ശ്വാസകോശകാന്‍സര്‍
ശ്വാസകോശത്തിലുണ്ടാകുന്ന കാന്‍സര്‍ മറ്റ് അവയവങ്ങളിലേക്കു വ്യാപിക്കുമ്പോള്‍ മാത്രമേ എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങുകയുള്ളൂവെന്ന് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി വ്യക്തമാക്കുന്നു. എന്നാല്‍ ചില സംഭവങ്ങളില്‍ നേരത്തേതന്നെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും.
ശരീരഭാരം കുറയുക, തുടരെ ചുമയ്ക്കുക, ശബ്ദത്തില്‍ വ്യത്യാസം അനുഭവപ്പെടുക, സ്വരം പരുഷമാവുകയും തൊണ്ടയടച്ചപോലുള്ള ശബ്ദമുണ്ടാവുകയും ചെയ്യുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. നെഞ്ചില്‍ വേദനയനുഭവപ്പെടുകയും ശക്തമായി ശ്വസിക്കുമ്പോള്‍ വേദന കൂടുകയും ചെയ്യും. ചിരിക്കുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോഴും നെഞ്ചില്‍ കൂടുതലായി വേദനയനുഭവപ്പെടും.
രോഗം അവസാന സ്‌റ്റേജുകളിലെത്തുമ്പോള്‍ ചുമയ്ക്കുമ്പോള്‍ രക്തം പോവുകയും ശ്വാസതടസമുണ്ടാകുകയും ചെയ്യും. കൂടാതെ അസ്ഥിവേദന, തലവേദന, തളര്‍ച്ച, കഴുത്തിലും കഴുത്തിനു മുകള്‍ ഭാഗത്തോ മുഴയും കാണപ്പെടുന്നത് ശ്വാസകോശ കാന്‍സര്‍ മറ്റ് അവയവങ്ങളിലേക്കു വ്യാപിക്കുന്ന ഘട്ടത്തിലാണ്. കാന്‍സര്‍ കരളിലേക്കു പടരുമ്പോള്‍ ത്വക്കും കണ്ണുകളും വിളറുകയും ചെയ്യും. മേല്‍വിവരിച്ച ലക്ഷണങ്ങള്‍ കാണപ്പെടുമ്പോള്‍ത്തന്നെ ഡോക്ടറെ കാണിക്കേണ്ടതാണ്.
2 സ്തനാര്‍ബുദം
സ്തനകാന്‍സറിന്റെ പ്രധാനലക്ഷണം സ്തനത്തിലുണ്ടാകുന്ന മുഴകളാണ്. വേദനയില്ലാത്ത പിണ്ഡങ്ങള്‍ സ്തനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രൂപപ്പെടും. നമ്മുടെ സ്തനം സാധാരണ അവസ്ഥയിലെങ്ങനെയാണെന്നു നാം നേരത്തേ തന്നെ നിരീക്ഷിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ സ്തനത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ നാം എളുപ്പം തിരിച്ചറിയൂ. വേദനയോ ഏതെങ്കിലും തരത്തിലുള്ള സ്വാഭാവമാറ്റങ്ങളോ കണ്ടാല്‍ ഡോക്ടറെ കാണിക്കണം.
സ്തനാര്‍ബുദത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ ഇവയാണ്:
സ്തനത്തിലുള്ള തടിപ്പ്
സ്തനത്തിലും മുലഞെട്ടിലും വേദന
മുലഞെട്ട് അകത്തേക്കു കുഴിയുന്നു
മുലഞെട്ടില്‍നിന്നു സ്രവങ്ങള്‍ പോകുന്നു, അത് മുലപ്പാല്‍ ആയിരിക്കില്ല
സ്തനത്തിന്റെ ത്വക്കിനും ഞെട്ടിനും ചുവപ്പു നിറം
സ്തനഭാഗത്തെ ത്വക്കിനു ചൊറിച്ചിലും അസ്വസ്ഥതയും
3. ത്വക്കിനുണ്ടാകുന്ന കാന്‍സര്‍
നമ്മുടെ ശരീരത്ത് മറുകുകള്‍, മുഴകള്‍, പുണ്ണുകള്‍ തുടങ്ങിയവ പ്രത്യക്ഷപ്പെടുന്നു. ത്വക്കിനു നിറം മാറ്റവും കാണപ്പെടുന്നു. കക്ഷത്തില്‍ കുരുക്കുകളുണ്ടാകുക, ത്വക്കില്‍ അസ്വസ്ഥതയും വ്രണങ്ങളുമുണ്ടായെന്നുവരും. സാധാരണ അലര്‍ജി മൂലവും ഈ ലക്ഷണങ്ങളുണ്ടാവാറുണ്ട്. മൂന്നു തരം ത്വക്ക് കാന്‍സറുകളാണുള്ളത്: ബാസല്‍ സെല്‍ സ്‌കിന്‍ കാന്‍സര്‍, സ്‌ക്വാമസ് സെല്‍ സ്‌കിന്‍ കാന്‍സര്‍, മെലനോമ എന്നിവയാണവ.
സൂര്യപ്രകാശമേല്‍ക്കുന്ന തലയുടെ ഭാഗങ്ങളിലോ കഴുത്തിലോ ചുമലിലോ ഉണ്ടാകുന്ന മാര്‍ദവമുള്ള മുത്തുപോലുള്ള മുഴകള്‍ പ്രത്യക്ഷപ്പെടുന്നതാണ് ബാസല്‍സെല്‍ ത്വക്ക് കാന്‍സറിന്റെ ലക്ഷണങ്ങള്‍. മുഴ വലുതാകും തോറും അതിലെ കൊച്ചു രക്തധമനികള്‍ പുറമേ ദൃശ്യമാകും. ഈ കാന്‍സര്‍ ഏറ്റവും കുറവ് അപകടകാരികളാണ്. കൃത്യമായ ചികിത്സയിലൂടെ ഈ അസുഖം പൂര്‍ണമായി മാറ്റാവുന്നതേയുള്ളൂ.
സൂര്യപ്രകാശം ഏല്‍ക്കുന്ന ശരീരഭാഗങ്ങളില്‍ ചുവന്ന ശല്‍ക്കങ്ങള്‍ പോലുള്ള തടിച്ച പാടുകളാണ് സ്‌ക്വാമസ് സെല്‍ സ്‌കിന്‍ കാന്‍സറിന്റെ ലക്ഷണങ്ങള്‍. കടുപ്പമുള്ളതും ഉറച്ചതും താഴികക്കുടത്തിന്റെ ആകൃതിയുള്ളതുമായ നൊഡ്യൂളുകളാവും ഇവ. ഇവ ചികിത്സിച്ചില്ലെങ്കില്‍ വലിയ വ്രണമായി മാറുകയും അപകടകരമാകുകയും ചെയ്യും.
മെലനോമയാണ് ഏറ്റവും മാരകമായ ത്വക്ക് കാന്‍സര്‍. പ്രധാന ലക്ഷണം നമ്മുടെ ശരീരത്തിലെ മറുകുകളുടെയും മുഴകളുടെയുമൊക്കെ നിറം മാറുന്നതും അവയുടെ ആകൃതിയിലും വലുപ്പത്തിലും വ്യത്യാസം വരുന്നതുമാണ്. പ്രായപൂര്‍ത്തിയാകുന്ന സമയത്ത് പുതിയ മറുകുകള്‍ ഉണ്ടാകുക, മറുകുകളില്‍ ചൊറിച്ചിലും പുണ്ണുകളുമുണ്ടാകുക മറുകുകള്‍ക്കു ചുറ്റും ചുവപ്പുനിറം ബാധിക്കുക തുടങ്ങിയവയാണ്. ചിലപ്പോള്‍ രക്തം പൊടിഞ്ഞെന്നും വരും.
4. വൃക്കയിലെ കാന്‍സര്‍
കിഡ്‌നിയില്‍ കാന്‍സറുണ്ടെങ്കില്‍ മൂത്രത്തില്‍ കൂടി രക്തം പോയെന്നു വരും. കണങ്കാലിലും കാലിലും വീക്കം കാണപ്പെടുന്നു. അമിതരക്തസമ്മര്‍ദമുണ്ടാകും. തളര്‍ച്ച, വിശപ്പില്ലായ്മ, പെട്ടെന്നുള്ള ഭാരക്കുറവ്, ഇടയ്ക്കിടെ പനി, പുറകിലോ വശങ്ങളിലോ വേദനയും സമ്മര്‍ദവും. തുടങ്ങിയവയാണു ലക്ഷണങ്ങള്‍.
5. ഉദരത്തിലെ കാന്‍സര്‍
ഉദരത്തിലെ കാന്‍സര്‍ തുടക്കത്തിലേ നിര്‍ണയിക്കാനുള്ള ലക്ഷണങ്ങള്‍ കുറവായിരിക്കും. പലപ്പോഴും വിശപ്പില്ലായ്മ അനുഭവപ്പെടും. പെട്ടെന്നു തൂക്കം കുറയുന്നു. വയറ്റില്‍ നിരന്തരമായ വേദന, വയറ്റില്‍ അസ്വസ്ഥത, പ്രത്യേകിച്ചു പൊക്കിള്‍ ഭാഗത്തിനു മുകളില്‍. ലഘു ഭക്ഷണം കഴിച്ചാലും മുകള്‍ ഭാഗത്തു വയറു നിറഞ്ഞിരിക്കുന്ന അവസ്ഥ. ദഹനമില്ലായ്മയും നെഞ്ചെരിച്ചിലും തുടങ്ങിയവ ലക്ഷണങ്ങളാണ്. ഓക്കാനം, രക്തത്തോടെയോ ഇല്ലാതെയോ ഛര്‍ദി. ഉദരത്തില്‍ വീക്കവും ദ്രാവകം കെട്ടിക്കിടക്കുന്ന അവസ്ഥയും, ചുവന്ന രക്താണുക്കളുടെ അളവ് കൂറയുന്നു.
മേല്‍പറഞ്ഞ ലക്ഷണങ്ങള്‍ കണ്ടാല്‍ കാന്‍സര്‍ തന്നെയാണെന്ന് ഉറപ്പിക്കരുത്. വയറ്റില്‍ അള്‍സര്‍ ഉണ്ടാവുകയോ വയറ്റിലെ വൈറസ് ബാധയോ കൊണ്ട് ഇതേ ലക്ഷണങ്ങള്‍ കാണിക്കും. എന്തായാലും വിദഗ്ധഡോക്ടറെ കാണിച്ചു രോഗനിര്‍ണയം നടത്തുകയാണു വേണ്ടത്.

Write A Comment

 
Reload Image
Add code here