ദോഷചിന്തകള്‍ ശരീരത്തെ കാര്‍ന്നു തിന്നും, പ്രായം കൂട്ടും ആയുസ് കുറയ്ക്കും, മാരകരോഗങ്ങള്‍ക്കു സാധ്യത കൂടുതല്‍

Mon,May 15,2017


നമ്മുടെ മനസില്‍ ദോഷ ചിന്തകള്‍(നെഗറ്റീവ് തോട്‌സ്) നിറഞ്ഞാല്‍ നാം മനസിലാക്കുക നാം മരണത്തിലേക്കു കൂടുതല്‍ അടുക്കുകയാണെന്ന്. മോളിക്യൂലാര്‍ ബയോളജിസ്റ്റ് എലിസബേത്ത് ബ്ലാക്‌ബേണും ഹെല്‍ത്ത് സൈക്കോളജിസ്റ്റ് എലിസ എപെലും പറയുന്നതാണിത്.
ആത്മസംഘര്‍ഷവും വാര്‍ധക്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു പഠനം നടത്തുന്നവരാണിവര്‍. ഇവരില്‍ എലിസബേത്ത് ബ്ലാക്‌ബേണ്‍ വൈദ്യശാസ്ത്രത്തിനുള്ള 2009-ലെ നൊബേല്‍ പുരസ്‌കാരം നേടിയവരാണ്.
ആത്മസംഘര്‍ഷമനുഭവിക്കുക, മോശമായ കാര്യങ്ങളാണു സംഭവിക്കുന്നതെന്ന തോന്നലുണ്ടാവുക, ദു:ഖകരമായ ചിന്തകള്‍ മാത്രം മനസില്‍ നിറയുക, സംഭവിച്ച മോശമായ കാര്യങ്ങളെപ്പറ്റി ഓര്‍ത്തുകൊണ്ടിരിക്കുകയും അതിന്‍മേല്‍ അടയിരിക്കുകയും ചെയ്യുക തുടങ്ങിയ വിപരീത ചിന്തകള്‍ നമ്മുടെ ശരീരത്തിന്റെ ഡിഎന്‍എ യെ നശിപ്പിക്കുകയാണു ചെയ്യുന്നതെന്നു ദി ടെലോമിയര്‍ ഇഫക്ട് എന്ന പുതിയ പുസ്തകത്തില്‍ ഇരുവരും വിവരിക്കുന്നു.
ഒരാളുടെ സാമൂഹികബന്ധങ്ങളും പരിസ്ഥിതിയും ജീവിതശൈലിയും അയാളുടെ ജീനുകളെ ബാധിക്കുന്നുണ്ട്. നിങ്ങള്‍ പ്രത്യേക ജീനുകളുമായാണ് ജനിക്കുന്നതെങ്കിലും നിങ്ങള്‍ ജീവിക്കുന്ന സാഹചര്യങ്ങള്‍ നിങ്ങളുടെ ശരീരത്തെയും വ്യക്തിത്വത്തെയും സ്വാധീനിക്കുന്നതാണ്. നിങ്ങളുടെ ഡിഎന്‍എയിലെ ടെലോമിയര്‍ എന്ന ഘടകമാണ് നിങ്ങളുടെ കോശങ്ങളെ വാര്‍ധക്യത്തിലെത്തിക്കുന്നത്.
ഓരോ ഡിഎന്‍എ ശ്രേണിയുടെയും തുമ്പത്ത് ക്രോമോസോമുകളെ സംരക്ഷിക്കുന്ന ക്യാപ് പോലുള്ള ആവരണമാണ് ടെലോമിയര്‍. ഷൂവിലെ ദ്വാരത്തില്‍ എളുപ്പം കടത്താന്‍ ലെയ്‌സുകളുടെ തുമ്പത്തുള്ള പ്ലാസ്റ്റിക് ആവരണം പോലാണ് ഡിഎന്‍എയുടെ തുമ്പത്തുള്ള ടെലോമിയറുകള്‍. ഷൂ ലെയ്‌സുകളുടെ രണ്ടറ്റത്തും പ്ലാസ്റ്റിക് കോട്ടിംഗ് ഇല്ലെങ്കില്‍ ലെയ്‌സുകളുടെ തുമ്പുകള്‍ ചിതറിക്കിടക്കുകയും അത് ദ്വാരത്തിലൂടെ കടത്താനാവാതെ വരുകയും ചെയ്യുന്നതുപോലെയാണ് ഇവിടെയും. ടെലോമിയര്‍ നശിച്ചാല്‍ ഡിഎന്‍എ ശ്രേണി നശിച്ചുപോവുകയും കോശങ്ങള്‍ക്ക് അതിന്റെ ജോലി നിര്‍വഹിക്കാനാവാതെ വരുകയും ചെയ്യും.
നിങ്ങളുടെ കോശങ്ങള്‍ക്ക് എത്ര പെട്ടെന്നു വാര്‍ധക്യം ബാധിക്കുമെന്നു ടെലോമിയറാണു നിശ്ചയിക്കുകയെന്നു ബ്ലാക്‌ബേണും എപെലും പറയുന്നു. ചെറിയ ടെലോമിയര്‍ പെട്ടെന്നു നമ്മെ വാര്‍ധക്യത്തിലെത്തിക്കുന്നു. നമ്മുടെ ആയുസ് കൂട്ടുന്നതും ടെലോമീയറാണ്. കൂടുതല്‍ ദോഷചിന്തകളുമായി കഴിയുന്നവര്‍ക്കാണ് ഹൃദ്രോഗങ്ങളും മറ്റും കൂടുതലുണ്ടാകുന്നത്. അവരില്‍ ചെറിയ ടെലോമിയറുകളുടെ സാന്നിധ്യമാണുണ്ടാവുക. പെസിമിസം അല്ലെങ്കില്‍ ദോഷചിന്തയുള്ളവര്‍ക്കും ചെറിയ ടെലോമിയറാണുണ്ടാവുക. ഇക്കൂട്ടരില്‍ കാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയ വാര്‍ധക്യ രോഗങ്ങളുണ്ടാകുമ്പോള്‍ അവരുടെ രോഗം പെട്ടെന്നു വഷളാകുന്നതു കാണാം.
ദു:ഖകരമായ ചിന്തകള്‍ കൂടുതല്‍ അയവിറക്കുന്നതും നാശകാരിയാണ്. അയവിറക്കല്‍ ഒന്നിനും പരിഹാരമാകുന്നില്ല, പകരം ശരീരത്തിലാകെ സംഘര്‍ഷം നിറഞ്ഞിരിക്കും. ഇതുമൂലമുള്ള വിഷാദവും ഉത്കണ്ഠയും നിങ്ങളുടെ ടെലോമിയറുകളെ കൂടുതല്‍ ചെറുതാക്കും. എന്നാല്‍ ഇത്തരം ചിന്തകളെ കണ്ടമാനം നിയന്ത്രിക്കുന്നതും അടിച്ചമര്‍ത്തുന്നതും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയും ചെയ്യും. അതുകൊണ്ട് നെഗറ്റീവ് ചിന്തകള്‍ക്കു നമ്മുടെ മനസില്‍ ഇടം കൊടുക്കാതിരിക്കുക, നമുക്കു കൂടുതല്‍ ആയുസുണ്ടാകാന്‍ അതാണു നല്ലത്.

Write A Comment

 
Reload Image
Add code here