്ബീറ്റ് റൂട്ട് ജ്യൂസ് പിന്നെ വ്യായാമം... തലച്ചോറിന് യുവത്വം നിലനിര്‍ത്താം, മറവിരോഗവും പ്രതിരോധിക്കാം

Sat,Apr 22,2017


ബീറ്റ്‌റൂട്ട് ജ്യൂസ് കഴിക്കുക, പിന്നെ അല്പം വ്യായാമം...നിങ്ങളുടെ തലച്ചോറിനു യുവത്വം നിലനിര്‍ത്താനാവും. എക്‌സെര്‍സൈസിനു മുമ്പു ഒരു ഗ്ലാസ് ബീറ്റ് റൂട്ട് ജ്യൂസ് കഴിച്ചവരുടെ തലച്ചോറിന് എപ്പോഴും യുവത്വവും തലച്ചോറിലെ ചില ഭാഗങ്ങള്‍ക്കു നല്ല ബലവും പ്രദാനം ചെയ്യുമെന്നു ഗവേഷണത്തില്‍ തെളിഞ്ഞു. തലച്ചോറിലെ ഭാഗങ്ങള്‍ക്കു തകരാര്‍ സംഭവിക്കാതെ പ്രതിരോധമായി പ്രവര്‍ത്തിക്കുന്നുവെന്നും കണ്ടെത്തി.
തലച്ചോറിന്റെ ചില ഭാഗങ്ങള്‍ നശിക്കുന്നതിനെത്തുടര്‍ന്നുണ്ടാകുന്ന ഡിമെന്‍ഷ്യ എന്ന മറവിരോഗം കുടുംബപശ്ചാത്തലമായുളളവര്‍ക്ക് ഇതു പ്രതീക്ഷനല്‍കുന്നു. ബീറ്റ്‌റൂട്ട് ജ്യൂസിലെ നൈട്രിക് ഓക്‌സൈഡ് തലച്ചോറിലേക്കുള്ള രക്തപ്രവാഹം കൂട്ടുന്നു. ഒപ്പം അല്പം വ്യായാമം കൂടിയായാല്‍ കൂടുതല്‍ മെച്ചം.
നൈട്രിക് ഓക്‌സൈഡ് വളരെ ശക്തമായ തന്മാത്രയാണ്. ഓക്‌സിജന്‍ ആവശ്യമായിടങ്ങളില്‍ തലച്ചോറാണ് ഓക്‌സിജന്‍ നല്‍കുന്നത്. വ്യായാമവും ഒപ്പം ബീറ്റ്‌റൂട്ട് ജ്യൂസും ഉപയോഗിക്കുന്നവരുടെ തലച്ചോറിന്റെ പ്രവര്‍ത്തനം യുവാക്കളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തിനു സമാനമാണത്രേ.
നോര്‍ത്ത് കാരലൈനയിലെ വേക്ക്‌ഫോര്‍ട്ട് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ഇതു സംബന്ധിച്ച ഗവേഷണങ്ങള്‍ നടത്തിയത്. യുവാക്കളായ 26 പേരിലും അമിതരക്തസമ്മര്‍ദമുള്ളവരും വ്യായാമം ചെയ്യാത്തവരുമായ 55 വയസ് കഴിഞ്ഞ സ്ത്രീകളിലുമാണ് ഇവര്‍ പഠനം നടത്തിയത്. ട്രെഡ്മില്ലില്‍ 50 മിനിട്ട് നേരം നടക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പു ഇവരില്‍ ഒരു വിഭാഗത്തിന് ബീറ്റ് റൂട്ട് ജ്യൂസ് നല്‍കി. മറ്റൊരു വിഭാഗം ബീറ്റ് റൂട്ട് ജ്യൂസ് കഴിക്കാതെ അതേ വ്യായാമം മാത്രം ചെയ്തു. ആഴ്ചയില്‍ മൂന്നു ദിവസം വീതം ആറാഴ്ച ഈ പ്രയോഗം നടത്തി.
ബീറ്റ്‌റൂട്ട് ജ്യൂസ് കഴിച്ചവരുടെ തലച്ചോര്‍ കൂടുതല്‍ ആരോഗ്യകരമാണെന്നു കണ്ടെത്തി. മാത്രമല്ല, ജ്യൂസ് കഴിച്ചവരില്‍ ഉയര്‍ന്ന തലത്തിലുള്ള നൈട്രേറ്റും നൈട്രൈറ്റും കണ്ടെത്തി. ബീറ്റ് റൂട്ടിലെ നൈട്രേറ്റ് ശരീരത്തില്‍ ആദ്യം നൈട്രൈറ്റായും പിന്നീട് നൈട്രിക് ഓക്‌സൈഡായും മാറുന്നു. ദിവസവും 250 മില്ലി ലിറ്റര്‍ ബീറ്റ് റൂട്ട് ജ്യൂസ് കഴിക്കുന്നവര്‍ക്കു അമിത രക്തസമ്മര്‍ദം കാര്യമായി കുറയുന്നുവെന്നും ലണ്ടനിലെ ക്യൂന്‍മേരി യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നു.

Write A Comment

 
Reload Image
Add code here