പുരുഷന്മാരുടെ ശരീരത്തിലെ മാറ്റങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക; ചിലപ്പോള്‍ രോഗങ്ങളുടെ ലക്ഷണങ്ങളാവാം

Mon,Apr 10,2017


പുരുഷന്മാര്‍ അങ്ങനെയൊന്നും ഡോക്ടറെ കാണാന്‍ പോകാറില്ല, അല്ലെങ്കില്‍ അത്രയ്ക്കു പ്രകടവും ഗുരുതരവുമായ രോഗമോ അസൗകര്യമോ ഉണ്ടാകണം. സ്ത്രീകളെക്കാള്‍ വളരെക്കുറച്ചു തവണ മാത്രമേ പുരുഷന്മാര്‍ ഡോക്ടറെ കാണാന്‍ തയാറാകാറുള്ളൂ. എന്നാല്‍ പ്രായമാകുന്തോറും പുരുഷന്മാരുടെ ശരീരത്തു കാണുന്ന ചില വ്യതിയാനങ്ങള്‍ കാര്യമായ രോഗമുണ്ടെന്നുള്ള ലക്ഷണമാണെന്നറിയുക. അതു വകവയ്ക്കാതിരുന്നാല്‍ സൂചി കൊണ്ടെടുക്കേണ്ടത് തൂമ്പ കൊണ്ടെടുക്കുന്നതുപോലാവും. ഡോക്ടറെ കാണേണ്ട സമയമായി എന്നു നമ്മെ ബോധ്യപ്പെടുത്തുന്നതും ശരീരത്തില്‍ പ്രകടമാകുന്നതുമായ ചില രോഗലക്ഷണങ്ങളെന്തെന്നു നോക്കാം.
1. പുരുഷന്റെ സ്തനം മൂന്നു രോഗലക്ഷണങ്ങള്‍ കാട്ടും. സ്തനം വളരുന്നത് അമിതവണ്ണം കൊണ്ടാവാം, അല്ലെങ്കില്‍ കൂടുതല്‍ മദ്യം, പ്രത്യേകിച്ചു ബിയര്‍ കഴിക്കുന്നതുകൊണ്ടാവാം. ചിലപ്പോള്‍ ഇൗ രണ്ടുകാര്യവും സ്തനവളര്‍ച്ചയ്ക്കു കാരണങ്ങളാവാം. ഈ പ്രശ്‌നങ്ങള്‍ തടി കുറയ്ക്കുകയും ബിയര്‍ കുറയ്ക്കുകയും ചെയ്താല്‍ മാറുന്നതേയുള്ളു.
രണ്ടാമത്തെ ലക്ഷണം, ഗൈനക്കോ മസ്തിയ എന്നറിയപ്പെടുന്ന രോഗമാണ്. ഇത് ചികിത്സ വേണ്ടിവരുന്ന രോഗാവസ്ഥയാണ്. ഹോര്‍മോണുകളായ ടെസ്‌റ്റോസ്‌റ്റെറോണ്‍, ഈസ്ട്രജന്‍ എന്നിവയുടെ അസന്തുലിതാവസ്ഥ നമ്മുടെ ശരീരത്തുണ്ടാക്കുന്ന അവസ്ഥയാണിത്. പുരുഷന്മാരിലെ സ്തനവളര്‍ച്ചയ്ക്കു കാരണം ഈസ്ട്രജനാണ്. അതു തടയുന്നതു ടെസ്റ്റോസ്‌റ്റെറോണ്‍ എന്ന ഹോര്‍മോണാണ്. സ്തനവളര്‍ച്ച ഉണ്ടാകുന്നുണ്ടെങ്കില്‍ ഈ ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥയാണ് അതിനു കാരണം.
മൂന്നാമത്തെ ലക്ഷണം കരള്‍രോഗമാണ്. കരളിനു നാശം സംഭവിച്ചിട്ടുണ്ടെങ്കില്‍ ശരീരത്തിലെ ഹോര്‍മോണ്‍ സന്തുലിതാവസ്ഥ മാറുകയും ഗൈനക്കോ മസ്തിയ എന്ന രോഗാവസ്ഥയുണ്ടാവുകയും ചെയ്യും. കൂടുതല്‍ പ്രായമുള്ള പുരുഷന്മാരില്‍ സ്തനവളര്‍ച്ചയുണ്ടായാല്‍ വൃഷണങ്ങള്‍ രോഗബാധിതമാണെന്നര്‍ത്ഥം.
2. രാത്രിയില്‍ ഉറക്കത്തിനിടയില്‍ നിരവധി തവണ മൂത്രമൊഴിക്കാന്‍ പോകുന്നുണ്ടെങ്കില്‍ അതും രോഗലക്ഷണമാവാം. രാത്രിയില്‍ മൂത്രമൊഴിക്കല്‍ കൂടുക, ടോയ്‌ലെറ്റിലെത്തുംമുമ്പു മൂത്രം പോകുന്നതരത്തില്‍ നിയന്ത്രിക്കാനാവാതെ വരുക തുടങ്ങിയവ അനുഭവപ്പെടുന്നുണ്ടെങ്കില്‍ നിങ്ങളുടെ പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയില്‍ പ്രശ്‌നമുണ്ടെന്നാണ് സൂചന. 45 വയസിനു മുകളിലുള്ളവരിലാണ് ഇതു സാധാരണമായി കാണുക. പ്രോസ്‌റ്റേറ്റ് വീക്കമോ ചുരുക്കമായെങ്കിലും പ്രോസ്‌റ്റേറ്റ് കാന്‍സറോ ആകാം ഇതിനു കാരണം. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ കാണാന്‍ മടിക്കരുത്.
3. പുരുഷന്മാരുടെ വൃഷണത്തില്‍ മുഴയോ തടിപ്പോ കാണപ്പെടുന്നതു സാധാരണമാണ്. എന്നാല്‍, മിക്കപ്പോഴും ഏതാനും ദിവസങ്ങള്‍ കൊണ്ടു മരുന്നുകള്‍ കൂടാതെ ഇതു അപ്രത്യക്ഷമാകാറുണ്ട്. എന്നാല്‍ ചില മുഴകള്‍ കാന്‍സറിന്റെ ലക്ഷണമാവാം. സാധാരണയില്‍നിന്നു വ്യത്യസ്തമായതും വേദനയുള്ളതുമായ മുഴകള്‍ കണ്ടാല്‍ കാത്തുനില്‍ക്കാതെ ഡോക്ടറെ കാണിക്കുക. ഇക്കാര്യത്തില്‍ അല്പം പോലും സംശയം വച്ചേക്കരുത്.
4. നിങ്ങള്‍ക്കു മണം തിരിച്ചറിയാനുള്ള കഴിവ് കുറയുന്നുണ്ടെങ്കില്‍ വന്ധ്യതാപ്രശ്‌നങ്ങളുണ്ടായിരിക്കാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ വൃഷണത്തിന്റെ പ്രവര്‍ത്തനത്തില്‍ തകരാറുണ്ടെന്നും ഹോര്‍മോണുകളുടെ ഉത്പാദനം കുറവാണെന്നുമാണ് സൂചന. അനോസ്മിയ എന്നാണ് ഈ അവസ്ഥയ്ക്കു പേര്.
5. പ്രായം കൂടുന്തോറും ബെഡ് റൂമില്‍ പുരുഷന്മാര്‍ക്കു പ്രകടനം കുറഞ്ഞെന്നു വരും. നാല്പതു വയസില്‍ താഴെയുള്ള പുരുഷന്മാരില്‍ നാലിലൊരാള്‍ക്കു ലൈംഗികോദ്ധാരണക്കുറവുണ്ടെന്നാണ് ഇതുസംബന്ധിച്ച പഠനം വ്യക്തമാക്കുന്നു. ഇതു മാത്രമല്ല, സംഘര്‍ഷം, ഉത്കണ്ഠ, ലൈംഗികപ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി കാരണങ്ങളാണ് ഇതിനു പിന്നില്‍. ഇവയ്ക്കുപുറമേ, ഹൃദയ സംബന്ധിയായ രോഗങ്ങളും പ്രമേഹവും ലൈംഗിക ശേഷിക്കുറവുണ്ടാക്കും.
6. ഉദ്ധരിക്കപ്പെട്ട അവസ്ഥയില്‍ പല പുരുഷന്മാരുടെയും ലൈംഗികാവയവത്തിനു നേരിയ വളവു കാണപ്പെടാറുണ്ട്. വളവിനൊപ്പം വേദന മാറാതിരിക്കുകയാണെങ്കില്‍ പെയ്‌റോണീസ് ഡിസീസ് എന്ന രോഗാവസ്ഥയാകാം. ലൈംഗികാവയവത്തില്‍ കക്ക പോലുള്ള പദാര്‍ത്ഥങ്ങള്‍ അടിഞ്ഞുകൂടുന്നതു മൂലമാവാം അവയവം വളയുന്നതും ലൈംഗികബന്ധം വേദനാജനകമാക്കുന്നതും. വേദന കുറയാതിരിക്കുകയാണെങ്കില്‍ ഡോക്ടറെ കാണുകതന്നെ വേണം.
7. പുരുഷന്മാരുടെ കാലിന്റെ തള്ളവിരലില്‍ വേദനയനുഭവപ്പെടുകയോ ആകൃതിവ്യത്യാസം കാണപ്പെടുകയോ ചെയ്താല്‍ ഗൗട്ട് എന്ന രോഗമാകാം കാരണം. ഈ രോഗം വരാനുള്ള സാധ്യത സ്ത്രീകളെക്കാല്‍ മൂന്നിരട്ടി കൂടുതലാണ് പുരുഷന്മാരില്‍. പ്രായമുള്ള പുരുഷന്മാര്‍ക്കാണ് ഇതു കൂടുതല്‍ കാണപ്പെടുക. 16 സ്ത്രീകളില്‍ ഒരാള്‍ക്കുണ്ടാകുന്ന ഈ രോഗം പ്രായമുള്ള ഏഴി്‌ലൊരു പുരുഷന് ഉണ്ടാകാറുണ്ട്. യൂറിക്ക് ആസിഡ് കൂടുന്നതു മൂലമുണ്ടാകുന്ന ഗൗട്ട് ഒരു തരം ആര്‍ത്രൈറ്റിസ് ആണ്. നമ്മുടെ സന്ധികളിലുണ്ടാകുന്ന വേദനയാണ് രോഗലക്ഷണം.
8. ബഹുഭൂരിപക്ഷം പുരുഷന്മാര്‍ക്കും ഒരു പ്രായം കടക്കുമ്പോള്‍ കഷണ്ടിയുണ്ടാകാറുണ്ട്. ക്ലിനിക്കല്‍ ഓങ്കോളജിയുടെ ഒരു പ്രസിദ്ധീകരണത്തില്‍ വ്യക്തമാക്കുന്നത്, ചിലപ്പോള്‍ തലയുടെ മുന്‍ഭാഗത്തും വശങ്ങളിലും മുടി കണ്ടമാനം കൊഴിയുന്നതും മുകള്‍ ഭാഗത്തെ മുടി നേര്‍ത്തുവരുന്നതും പ്രസ്റ്റേറ്റ് ഗ്രന്ഥിയില്‍ മുഴയുണ്ടെന്നതിന്റെ ലക്ഷണമാണെന്നാണ്. പ്രസ്റ്റേറ്റ് പ്രശനങ്ങള്‍ പലപ്പോഴും ഹോര്‍മോണ്‍ തകരാറുമൂലമാണുണ്ടാവുക. അതിനാല്‍ അനിയന്ത്രിതമായി മുടി കൊഴിച്ചിലുണ്ടാകുമ്പോള്‍ ഡോക്ടറെ കാണുന്നതു നല്ലതാണ് മറ്റു രോഗങ്ങളൊന്നുമില്ലെന്ന് ഉറപ്പു വരുത്താനാകും.

Write A Comment

 
Reload Image
Add code here