വായൂക്ഷോഭം, ചുമ, ജലദോഷം, നീര്‍ക്കെട്ട്... എല്ലാറ്റിനും വീട്ടിലെ മരുന്നായി ഇഞ്ചി

Mon,Jan 02,2017


വീട്ടിലെ വൈദ്യത്തിനുപയോഗിക്കുന്ന പ്രധാന ഘടകമാണ് ഇഞ്ചി. ചെറുപ്പെന്നേ നമുക്കറിയാമെന്നതിനാല്‍ കറിക്കുപയോഗിക്കുമെന്നതല്ലാതെ, ഇഞ്ചിക്കു നാം കാര്യമായ പ്രാധാന്യം നല്‍കാറില്ല. എന്നാല്‍ ആധുനികവൈദ്യശാസ്ത്രം എത്രമാത്രം പുരോഗമിച്ചെന്നാലും ഇഞ്ചിക്ക് അതിന്റേതായ പ്രാധാന്യവും പ്രാമുഖ്യവും നമ്മുടെ ജീവിതത്തിലുണ്ടെന്നു നാമറിയുന്നില്ല.
വായൂക്ഷോഭത്തിനും വയറ്റിലുണ്ടാകുന്ന പല പ്രശ്‌നങ്ങള്‍ക്കും പറ്റിയ ഒറ്റമൂലിയാണ് ഇഞ്ചി. ആരോഗ്യകരമായ ഗുണഫലങ്ങളുണ്ടാക്കുന്നതും രുചി കൂട്ടുന്നതുമായ മസാലക്കൂട്ടുകളിലൊന്ന്. ശൈത്യകാലത്താണ് ഇഞ്ചി കൂടുതലായി ഉപയോഗിക്കാന്‍ നല്ലത്. ശരീരത്തിനു ചൂടു പ്രദാനം ചെയ്യുന്ന ജിന്‍ജറോളും സിംഗറോണും പോലുള്ള മിശ്രിതങ്ങള്‍ ഇഞ്ചിയില്‍ അടങ്ങിയിട്ടുണ്ട്. അതിശൈത്യം മൂലമുള്ള ദുരിതങ്ങള്‍ നേരിടാന്‍ ഇവയ്ക്കാവും. രണ്ടു കപ്പില്‍ തിളച്ച വെള്ളമെടുത്ത ശേഷം അരിഞ്ഞെടുത്ത ഒരു ടേബിള്‍ സ്പൂണ്‍ ഇഞ്ചി അതിലിടുക. 10 മിനിട്ടിനു ശേഷം അവ പരസ്പരം പകര്‍ന്നശേഷം ഏതാനും തുള്ളി തേന്‍ ചേര്‍ത്ത് ദിവസം രണ്ടു മൂന്നു തവണ വീതം കഴിക്കുന്നതു ശരീരത്തിനു നല്ലതാണ്.
ഇഞ്ചിക്കു ശരീരത്തിനു ചൂടു പകരാനുള്ള കഴിവുണ്ട്. ശരീരത്തിലെ വേദനകള്‍ക്കും ശൈത്യം മൂലം പാദങ്ങള്‍ക്കുണ്ടാകുന്ന മരവിപ്പിനുമൊക്കെ ഇഞ്ചിപ്രയോഗം നല്ലതാണ്. ഒരു പാത്രത്തിലെ തിളച്ച വെള്ളത്തില്‍ കൈനിറയെ അരിഞ്ഞ ഇഞ്ചി ഇടുക. ഈ വെള്ളം തണുത്തു തുടങ്ങുന്നതോടെ നിങ്ങളുടെ കാലുകള്‍ വെള്ളത്തില്‍ 15 മിനിട്ട് നേരം മുക്കിവയ്ക്കുക. ദിവസവും രണ്ടു നേരം ഇങ്ങനെ ചെയ്താല്‍ തണുപ്പുമൂലം കാല്പാദങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാവും.
നിങ്ങള്‍ക്കു ചുമയും ജലദോഷവുമുണ്ടാകുമ്പോളും ഇഞ്ചി രക്ഷകനാകും. ഇഞ്ചിയും തേനും ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതം നല്ല മരുന്നാണ്. നീര്‍ക്കെട്ടിനും അതുമൂലമുള്ള വേദനകള്‍ക്കും ഇഞ്ചി ഉത്തമമാണ്. നിങ്ങളുടെ ഭക്ഷണത്തില്‍ ഇഞ്ചി ഉള്‍പ്പെടുത്തിയും ഇഞ്ചി ചേര്‍ത്ത ചായ കുടിച്ചും ശരീരവേദനയും നീര്‍ക്കെട്ടും കുറയ്ക്കാവുന്നതാണ്. ഇഞ്ചിയുടെ തൊലി പൊളിച്ച ശേഷം വെള്ളത്തിലിട്ടു തിളപ്പിക്കുക. 10 മിനിട്ട് തിളപ്പിച്ച ശേഷം അടുപ്പില്‍നിന്നു മാറ്റിവയ്ക്കുക. തുടര്‍ന്ന് അല്പം നാരങ്ങാനീരും തേനും ചേര്‍ത്തു ചായ സ്വാദിഷ്ടമാക്കി കഴിക്കുക.
വയറ്റിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കും ഇഞ്ചി നല്ലതാണ്. ഇഞ്ചി തൊലികളഞ്ഞ് ഒരു ഗ്രാം ചവച്ചരച്ചു കഴിച്ചാല്‍ വയറുവേദനയ്ക്കും ഗ്യാസ് പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും.
നിങ്ങള്‍ക്കു പതിവായി വയര്‍വേദനയോ ഗ്യാസ് പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ ഇഞ്ചി ജ്യൂസ് ഉണ്ടാക്കി കഴിച്ചാല്‍ നല്ലതാണ്. രണ്ടു ടീസ്പൂണ്‍ ഇഞ്ചിനീരും ഒരു ടീസ്പൂണ്‍ നാരങ്ങാനീരും അല്പം ഉപ്പും ചേര്‍ത്തു കുടിച്ചാല്‍ മതി.

Write A Comment

 
Reload Image
Add code here