വായിലെ അള്‍സര്‍ പതിവായി പിടിപെട്ടാല്‍ ഭക്ഷണശൈലി മാറ്റണം, നന്നായി ഉറങ്ങണം, പിരിമുറുക്കം കുറയ്ക്കണം...

Tue,Nov 15,2016


വായില്‍ പതിവായുണ്ടാകുന്ന പുണ്ണ് എപ്പോഴും അസ്വസ്ഥതയുണ്ടാക്കുന്നതും വേദനാജനകവുമാണ്. മിക്കവാറും വായിലെ വ്രണങ്ങളൊഴിവാക്കാന്‍ ഭക്ഷണത്തിലെ മസാല കുറയ്്ക്കുകയും അസിഡിറ്റിയുണ്ടാക്കുന്ന പഴവര്‍ഗങ്ങള്‍ ഒഴിവാക്കുകയും ചെയ്താല്‍ മതി. വായില്‍ അള്‍സറുണ്ടാക്കുന്ന മുഖ്യഘടകങ്ങളാണിവ.
ഓരോ ഭക്ഷണത്തിനും ശേഷം പല്ലിനിടയിലുള്ള ഭക്ഷണാവശിഷ്ടങ്ങള്‍ ഒഴിവാക്കാന്‍ വായ് ബ്രഷ് ചെയ്യുക. ബ്രഷ് ചെയ്യുമ്പോള്‍ സോഡിയം ലോറല്‍ സള്‍ഫേറ്റ് അടങ്ങിയ ടൂത്ത് പേസ്റ്റുകളോ മൗത് റിന്‍സുകളോ ഉപയോഗിക്കാതിരിക്കുക. വായിലെ മാര്‍ദവമുള്ള കലകളില്‍ പരിക്കുണ്ടാക്കാനും അങ്ങനെ വ്രണമുണ്ടാക്കാനും ഈ രാസവസ്തുവിനു സാധിക്കും.
വായിലെ വ്രണത്തിന്റെ കഠിനമായ ശല്യമുണ്ടെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ക്കു ചില പോഷകങ്ങളുടെ കുറവുണ്ടെന്നാണ്. പ്രധാനമായും വിറ്റാമിന്‍ ബിയില്‍പ്പെടുന്ന ഫൊലേറ്റ്, അയണ്‍, വിറ്റാമിന്‍ ബി 12 തുടങ്ങിയവ. ഇവയുള്‍പ്പെടുന്ന സംതുലിതമായ ഭക്ഷണശൈലി പിന്തുടരുകയാണു വേണ്ടത്. ബീന്‍സ്, കോളിഫ്‌ളവര്‍, ചീര തുടങ്ങിയ പച്ചക്കറികളില്‍ ഫൊലേറ്റ് അടങ്ങിയിട്ടുണ്ട്. ബി 12 വിറ്റാമിന്‍ മുട്ടയിലും മത്സ്യങ്ങളിലുമുണ്ട്. കൂടാതെ നിങ്ങളുടെ ശരീരത്തില്‍ ഏതു ജീവകത്തിന്റെ കുറവുകൊണ്ടാണ് വായിലെ പുണ്ണ് ഉണ്ടാകുന്നതെന്നു മനസിലാക്കാന്‍ ഡോക്ടറുടെ സഹായം തേടുക.
മാനസികസംഘര്‍ഷം വായിലെ പുണ്ണിനു കാരണമാണ്. അതിനാല്‍ കൃത്യമായി ഉറങ്ങുകയും മനസിലെ സംഘര്‍ഷം ഒഴിവാക്കുകയും ചെയ്യുക.
അള്‍സര്‍ പോലുള്ള വയറ്റിലെ ചില അസുഖങ്ങള്‍, വിസര്‍ജനപ്രശ്‌നങ്ങള്‍ എന്നിവയും വായിലെ അള്‍സറിനു കാരണമാകുന്നുണ്ട്. ആഹാര- ജീവിതശൈലിയില്‍ ഗുണപരമായ മാറ്റം നടത്തിനോക്കിയിട്ടും രോഗം മാറുന്നില്ലെങ്കില്‍ ഡോക്ടറെ കാണുന്നതാവും നല്ലത്.
സാധാരണയായി വായിലെ അള്‍സര്‍ ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളില്‍ മാറാറുണ്ട്. രണ്ടാഴ്ചയ്ക്കു ശേഷവും മാറുന്നില്ലെങ്കില്‍ നിര്‍ബന്ധമായും ഡോക്ടറെ കാണിക്കേണ്ടതാണ്.
വായില്‍ അള്‍സര്‍ ഉണ്ടായിത്തുടങ്ങുമ്പോള്‍ത്തന്നെ ഉപ്പുവെള്ളമുപയോഗിച്ചു വായ് കുലുക്കുഴിയുക. പുണ്ണില്‍ നേരിട്ടു പുരട്ടാവുന്ന ഓയിന്‍മെന്റുകള്‍ വേദന കുറയ്ക്കുന്നതാണ്. കൂടുതല്‍ വേദനാജനകമാണെങ്കില്‍ വായില്‍ കുലുക്കുഴിയാന്‍ കോര്‍ട്ടികോസ്റ്റിറോയ്ഡ് അടങ്ങിയ ഓയിന്‍മെന്റ് ഡോക്ടര്‍ നല്‍കും.

Write A Comment

 
Reload Image
Add code here