മധ്യവയസ് പിന്നിട്ടവര്‍ക്കു മലബന്ധം പതിവായാല്‍ പിന്നീടു വൃക്കരോഗം പിടിപെടാന്‍ 13% സാധ്യത കൂടുതല്‍

Sat,Nov 12,2016


മലബന്ധം പതിവായുള്ളവര്‍ക്കു വൃക്കരോഗമുണ്ടാകാന്‍ സാധ്യതയെന്നു ശാസ്ത്രജ്ഞര്‍. പതിവായി മലബന്ധമുള്ള വാര്‍ധക്യത്തിലെത്തിയ ഒരാള്‍ക്കു വൃക്കത്തകരാറുണ്ടാകാനുള്ള സാധ്യത 13 ശതമാനം കൂടുതലാണെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ഇവരില്‍ ചിലര്‍ക്കെങ്കിലും വൃക്കരോഗം മാരകമാകാം, വൃക്കകള്‍ പ്രവര്‍ത്തനരഹിതമായെന്നുവരാം, ചിലപ്പോള്‍ ഡയാലിസിസിനു വിധേയനാകേണ്ടി വന്നേക്കാം.
മലബന്ധം തുടക്കത്തില്‍ ചികിത്സിച്ചു മാറ്റാവുന്നതാണ്. നമ്മുടെ ആഹാരക്രമം കൂടുതല്‍ ആരോഗ്യകരമാക്കുകയും നാരുള്ള (ഫൈബര്‍) ഭക്ഷണങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുകയും നന്നായി വ്യായാമം ചെയ്യുകയും ചെയ്താല്‍ മലബന്ധം ഒഴിവാക്കുകയും പിന്നീടുണ്ടാകാന്‍ സാധ്യതയുള്ള വൃക്കരോഗങ്ങളും അതുവഴിയുള്ള ഡയാലിസിസും വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും ഒഴിവാക്കുകയും ചെയ്യാം.
വയോധികരും വൃക്കരോഗങ്ങളില്ലാത്തവരുമായ 3.5 ദശലക്ഷം യുഎസ് പൗരന്മാരില്‍ നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇവരെ 2004 ലാണ് ആദ്യം പരിശോധനയ്ക്കു വിധേയമാക്കിയത്. പിന്നീട് 2006ലും 2013ലും പരിശോധനയ്ക്കു വിധേയമാക്കി.
മലബന്ധമുള്ളവര്‍ക്കു കിഡ്‌നിത്തകരാറുണ്ടാകാന്‍ 13 ശതമാനം സാധ്യത കൂടുതലാണെന്നു പിന്നീടുള്ള പരിശോധനയില്‍ വ്യക്തമായി. ഇക്കൂട്ടരില്‍ വൃക്കപ്രവര്‍ത്തനരഹിതമാകാനുള്ള സാധ്യത ഒമ്പതു ശതമാനം കൂടുതലാണെന്നും കണ്ടെത്തി. പ്രായമായവരില്‍ ഗുരുതരമായ മലബന്ധമുണ്ടെങ്കില്‍ അക്കൂട്ടര്‍ക്കു വൃക്ക'തട്ടിപ്പോ'കാനുള്ള സാധ്യത വളരെ കൂടുതലാണ്.

Write A Comment

 
Reload Image
Add code here