ലോകത്ത് ആദ്യമായി മൂന്ന് മാതാപിതാക്കളുള്ള കുഞ്ഞ് ജനിച്ചു

Wed,Sep 28,2016


ലോകത്ത് ആദ്യമായി മൂന്ന് മാതാപിതാക്കളുള്ള കുഞ്ഞ് ജനിച്ചു. മെക്‌സിക്കോയില്‍, രണ്ട് കുഞ്ഞുങ്ങള്‍ മരിച്ച ജോര്‍ദാനിയന്‍ ദമ്പതികള്‍ക്ക് മൂന്നാമന്റെ ജീന്‍ എഡിറ്റ് ചെയ്ത് ചേര്‍ത്താണ് ഗര്‍ഭധാരണം നടത്തിയത്. മൂന്ന് വ്യക്തികളുടെ ജീനുകളെ സംയോജിപ്പിച്ച് കൊണ്ടുള്ള ഒരു അപൂര്‍വ പ്രക്രിയയിലൂടെയാണ് യുഎസ് മെഡിക്കല്‍ സംഘം ഇത് സാധ്യമാക്കിയത്. അമ്മയില്‍ നിന്നും പാരമ്പര്യമായി ലഭിച്ചിരുന്ന അപകടകരമായ ജനറ്റിക് കണ്ടീഷനെ ഒഴിവാക്കിക്കൊണ്ടാണ് കുഞ്ഞിനെ ജനിപ്പിച്ചിരിക്കുന്നത്. കുട്ടിയുടെ മരണത്തിന് കാരണമാകുന്ന ജീനാണിത്. ഈ ദമ്പതികളുടെ ആദ്യത്തെ രണ്ട് കുട്ടികളുടെയും മരണത്തിന് വഴിയൊരുക്കിയത് ഈ ജീനായിരുന്നു.

ന്യൂയോര്‍ക്കിലെ ന്യൂ ഹോപ് ഫെര്‍ട്ടിലിറ്റി സെന്ററില്‍ നിന്നുള്ള സംഘമാണ് ഈ ജനനം സാധ്യമാക്കിയത്. തികച്ചും വഴിത്തിരിവായ കണ്ടുപിടിത്തമാണെന്ന് മെഡിക്കല്‍ ടീമിന്റെ തലവനായ ഡോ. ജോണ്‍ സാന്‍ഗ് അഭിപ്രായപ്പെട്ടു. ഈ വിവാദമായ സാങ്കേതിക വിദ്യ യുകെയില്‍ മാത്രമേ ഇപ്പോള്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളൂ. യുഎസ് മെഡിക്കല്‍ സംഘമാണ് ഈ ദമ്പതികളെ ചികിത്സിച്ചിരിക്കുന്നതെങ്കിലും ഇത് നിര്‍വഹിച്ചിരിക്കുന്നത് മെക്‌സിക്കോയില്‍ വച്ചാണ്. ഇവിടെ ഇത്തരം ട്രീറ്റ്‌മെന്റിനെ തടയുന്നതിന് നിയമങ്ങളില്ലാത്തതാണിതിന് കാരണം. മനുഷ്യരാശിയുടെ ചരിത്രത്തിലെ വഴിത്തിരിവാകുന്ന കണ്ടുപിടിത്തമാണെന്നാണ് എംബ്രയോളജിസ്റ്റുകള്‍ വിലയിരുത്തുന്നത്. മൂന്നാമതൊരാളുടെ ജീന്‍ സ്വീകരിക്കുന്നതിലൂടെ അച്ഛനമ്മമാരില്‍ നിന്നും പരമ്പരാഗതമായി പകര്‍ന്ന് ലഭിക്കുന്ന രോഗങ്ങളെ ഒഴിവാക്കി ഇതിലൂടെ കുട്ടികള്‍ക്ക് ജനിക്കാനാകും.

മൈറ്റോകോണ്‍ഡ്രിയയിലുണ്ടാകുന്ന പരമ്പരാഗത വൈകല്യങ്ങള്‍ 65,000 കുഞ്ഞുങ്ങളില്‍ ഒന്നിനെന്ന തോതില്‍ രോഗങ്ങളുണ്ടാക്കുന്നുണ്ടെന്നും അത് 50ജനറ്റിക് രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു. ഇത് മൂലം നിരവധി സ്ത്രീകള്‍ക്ക് കുട്ടികളുണ്ടാകാത്ത അവസ്ഥയുമുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ പുതിയ ഐവിഎഫ് ടെക്‌നിക്കിലൂടെ മറികടന്ന് ആരോഗ്യമുള്ള കുഞ്ഞിനെ സ്വന്തമാക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ മാതാവിന്റെ കരാറുള്ള മൈറ്റോകോണ്‍ഡ്രിക്ക് പകരം മറ്റൊരാളുടെ അണ്ഡത്തില്‍ നിന്നുമുള്ള മൈറ്റോകോണ്‍ഡ്രിയ എടുത്ത് സ്ഥാപിക്കുകയാണ് ചെയ്യുന്നത്.

മൂന്ന് പേരില്‍ നിന്നുള്ള ജീനുകളെ സംയോജിപ്പിക്കുന്നതിലൂടെ രോഗാവസ്ഥ ഒഴിവാക്കാനാകുമെന്ന് ഇതിലൂടെ ആദ്യമായി തെളിഞ്ഞിരിക്കുന്നുവെന്ന് ഡോ. ജോണ്‍ സാന്‍ഗ് പറയുന്നു. മനുഷ്യഭ്രൂണത്തെ പുനക്രമീകരിക്കുന്നതിലൂടെ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കാമെന്നാണ് ഗവേഷകര്‍ ഇതിലൂടെ കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള മറ്റ് സാങ്കേതിക വിദ്യകളൊന്നും ഇത് വരെ കണ്ടുപിടിച്ചിട്ടില്ലാത്തതിനാല്‍ ഇതിന് പ്രസക്തിയേറെയാണ്. സ്ത്രീയുടെ ജീന്‍ പ്രശ്‌നം കാരണം ജോര്‍ദാനിയന്‍ ദമ്പതികള്‍ക്ക് രണ്ട് കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടിരുന്നു. ലെയ്ഗ്‌സ് സിന്‍ഡ്രോം എന്നാണിത് അറിയപ്പെടുന്നത്. ഇതില്‍ ആദ്യത്തെ കുട്ടി ആറാം വയസിലും രണ്ടാമത്തെ കുട്ടി എട്ടാം മാസത്തിലുമായിരുന്നു മരിച്ചത്. നാഡീസംബന്ധമായി കടുത്ത പ്രശ്‌നങ്ങളുണ്ടാക്കുകയും ക്രമേണ കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയെ ബാധിക്കുകയും ചെയ്യുന്ന ഗുരുതര രോഗമാണിത്. ഇത് ബാധിക്കുന്നവര്‍ സാധാരണയായി മൂന്ന് വയസോടെ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മരിക്കുകയാണ് പതിവ്. ഇവിടെ ജോര്‍ദാനിയന്‍ അമ്മയുടെ മൈറ്റോ കോണ്‍ഡ്രിയയില്‍ ഈ അസുഖത്തിന് കാരണമായ ജീനുകള്‍ അടങ്ങിയതാണ് പ്രശ്‌നമായിത്തീര്‍ന്നിരുന്നത്. തുടര്‍ന്ന് അതിനെ ഒഴിവാക്കി പകരം മൂന്നാമത്തെ വ്യക്തിയുടെ ജീന്‍ കൂട്ടിച്ചേര്‍ത്ത് കുട്ടിക്ക് നല്‍കുകയായിരുന്നു ചെയ്തത്.

Write A Comment

 
Reload Image
Add code here