കാന്‍സര്‍ തടയാന്‍ മഞ്ഞള്‍പ്പൊടി, കറികളില്‍ മഞ്ഞള്‍പ്പൊടിയിടുന്ന ഇന്ത്യക്കാര്‍ക്ക് കാന്‍സര്‍സാധ്യത കുറയുന്നതിന്റെ പോരുള്‍ തേടി ഗവേഷകര്‍

Tue,Sep 20,2016


മഞ്ഞള്‍പ്പൊടി കറികളില്‍ ചേര്‍ക്കുന്ന മസാലക്കൂട്ടുകളിലൊന്നായി അടുക്കളയിലെ കപ്‌ബോര്‍ഡില്‍ പ്രമുഖമായ സ്ഥാനമലങ്കരിക്കുന്ന ഒന്നാണ്. നെഞ്ചെരിച്ചില്‍ മുതല്‍ ഭക്ഷ്യവിഷം തടയാന്‍ വരെ ഉപയോഗിച്ചുവരുന്ന ഔഷധപ്പൊടിയുമാണ്. എന്നാല്‍ മഞ്ഞള്‍പ്പൊടി കൂടുതലായി ഉപയോഗിക്കുന്ന ഇന്ത്യയില്‍ കുടല്‍ കാന്‍സര്‍ താരതമ്യേന മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു കുറച്ചു കാണപ്പെടുന്നതിനു കാരണം മഞ്ഞള്‍പ്പൊടിയാണെന്നു ഡെയിലി മെയ്ല്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
എലികളില്‍ നടത്തിയ പഠനങ്ങളില്‍ വിവിധയിനം കാന്‍സറുകള്‍ തടയാന്‍ മഞ്ഞള്‍പ്പോടി ഫലപ്രദമാണെന്നു ഗവേഷകര്‍ കണ്ടെത്തി. മഞ്ഞളിലെ പ്രധാന ഘടകമായ കുര്‍കുമിന്‍ എന്ന രാസപദാര്‍ത്ഥം എലികളിലെ സ്താനാര്‍ബുദത്തിന്റെ വളര്‍ച്ച സാവധാനമാക്കുന്നതായി അമേരിക്കയില്‍ നടത്തിയ പഠനത്തില്‍ വ്യക്തമായി.
അല്‍ഷെയ്മര്‍ രോഗത്തിനു നിദാനമായി തലച്ചോറില്‍ രൂപപ്പെടുന്ന മാലിന്യക്കട്ടകളെ നശിപ്പിക്കാനും മഞ്ഞള്‍പ്പൊടിക്കു കഴിയുന്നതായി മറ്റൊരു പഠനവും വ്യക്തമാക്കുന്നു. നമ്മുടെ ജീനുകളുടെ പ്രത്യേകതകളാണ് കൂടുതലായും രോഗത്തിനു നിദാനമാകുന്നത്. എന്നാല്‍ നമ്മുടെ പരിസ്ഥിതിയും നാം ശ്വസിക്കുന്നതും കുടിക്കുന്നതുമൊക്കെ നമ്മുടെ ജീനുകളെ സ്വാധീനിക്കുന്നുണ്ട്. മഞ്ഞള്‍പ്പൊടിയുടെ സ്ഥിരമായ ഉപയോഗം നമ്മുടെ ജീനുകളിലുണ്ടാക്കുന്ന മാറ്റവുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ പഠനം നടത്തിവരുന്നത്.
40-50 വയസ് പ്രായമുള്ള നൂറുപേരില്‍ ആറാഴ്ച നടത്തിയ പഠനമാണ് മഞ്ഞള്‍പ്പൊടിയുടെ മാഹാത്മ്യം വ്യക്തമാക്കിയത്. ഇവരെ മൂന്നു ഗ്രൂപ്പായി തിരിച്ച് ആദ്യഗ്രൂപ്പിന് 3.2 മില്ലീഗ്രാം (ഏകദേശം 1 ടീസ്പൂണ്‍) മഞ്ഞള്‍പ്പൊടി നിറച്ച കാപ്‌സ്യൂള്‍ നല്‍കി. രണ്ടാമത്തെ ഗ്രൂപ്പിനു സമാനമായ, എന്നാല്‍ മഞ്ഞള്‍പ്പൊടിയല്ലാത്ത വെറും കാപ്‌സ്യൂള്‍(പ്ലാസെബോ) നല്‍കി. മൂന്നാമത്തെ ഗ്രൂപ്പിനാകട്ടെ, അവരുടെ ഭക്ഷണത്തില്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി കലര്‍ത്തി നല്‍കി. പരീക്ഷണത്തിനു മുമ്പു രക്തപരിശോധന നടത്തിയിരുന്നു.
തുടര്‍ന്ന് രക്തകോശത്തില്‍ ഇന്‍ഫ്‌ലമേഷന്‍ എത്രമാത്രം ഫലപ്രദമായി തടയുന്നുവെന്നു കണ്ടെത്തുന്ന ന്യൂകാസില്‍ യൂണിവേഴ്‌സിറ്റിയുടെ പുതിയ പരിശോധനയും നടത്തി. ആദ്യ ഗ്രൂപ്പില്‍ കാര്യമായ മാറ്റവും രണ്ടാമത്തെ ഗ്രൂപ്പില്‍ യാതൊരു മാറ്റവും കണ്ടില്ല. എന്നാല്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു ഭക്ഷണം പാകം ചെയ്തു കഴിച്ചവരിലാണ് ഏറ്റവും പോസിറ്റീവായ മാറ്റം കാണപ്പെട്ടത്. കാന്‍സര്‍, വിഷാദരോഗം, ആസ്ത്മ തുടങ്ങിയവയുമായി ബന്ധപ്പെട്ട ജീനുകളില്‍ മഞ്ഞള്‍പ്പൊടിയുടെ സ്വാധീനം കാര്യമായ മാറ്റങ്ങളാണുണ്ടാക്കിയത്.

Write A Comment

 
Reload Image
Add code here