ലോകത്താദ്യമായി തല മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ, തയാറാകുന്നതു റഷ്യന്‍ യുവാവ്, അടുത്തവര്‍ഷത്തേക്ക്

Thu,Sep 01,2016


ന്യൂയോര്‍ക്ക്: മനുഷ്യചരിത്രത്തിലാദ്യമാകും, വളരെ സാഹസികമായ ശസ്ത്രക്രിയ... വിജയിക്കുമെന്ന് ഒരുറപ്പുമില്ലാത്ത ഈ നീക്കം വന്‍വിവാദമുണ്ടാക്കുമെന്നുറപ്പ്. എന്നാല്‍ ഈ റഷ്യന്‍ യുവാവിന് നല്ല ഉറപ്പുണ്ട്, ഈ ശസ്ത്രക്രിയ തന്റെ ജീവിതമാകെ മാറ്റിമറിക്കുമെന്ന്, തനിക്കൊരു പുതുജീവന്‍ കിട്ടുമെന്ന്.
അതേ, വലേറി സ്പിറിഡോനോവ് എന്ന കംപ്യൂട്ടര്‍ പ്രോഗ്രാമര്‍ തന്റെ തല ശസ്ത്രക്രിയയിലൂടെ മാറ്റിവയ്ക്കാന്‍ തയാറാവുകയാണ്. ശരീരാവയവങ്ങള്‍ മാറ്റിവയ്ക്കുന്നത് ഇന്ന് വൈദ്യശാസ്ത്രത്തില്‍ പുതുമയുള്ള കാര്യമല്ല. എന്നാല്‍ ഒരാളുടെ തല മറ്റൊരാളുടെ ശരീരത്തില്‍ മാറ്റി സ്ഥാപിക്കുന്നത് അചിന്ത്യമായ കാര്യം. എന്നാല്‍ അതിനു വിധേയനാകാനുള്ള തയാറെടുപ്പിലാണ് ഈ യുവാവ്.
ഇറ്റാലിയന്‍ ന്യൂറോ സര്‍ജന്‍ ഡോ. സെര്‍ജിയോ കനാവെറോയാണ് ശസ്ത്രക്രിയ ചെയ്യാന്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.
വെര്‍ഡിങ് ഹോഫ്മാന്‍ എന്ന ജനിതക രോഗ ബാധിതനാണ് വലേറി(31)യെന്ന റഷ്യന്‍ കംപ്യൂട്ടര്‍ പ്രോഗ്രാമര്‍. ശരീരത്തിലെ പേശികളും ഞരമ്പ് കോശങ്ങളും നശിക്കുന്ന രോഗമാണിത്. ഈ രോഗം വലേറിയെ വീല്‍ചെയറിലേക്കൊതുക്കിയിരിക്കുകയാണ്.
വലേറിയുടെ ശരീരം നാള്‍ക്കുനാള്‍ ശോഷിച്ചുവരികയാണ്. ഈ സ്ഥിതിയില്‍ ശരീരം മാറ്റുക എന്നത് മാത്രമാണ് വലേറിയുടെ മുന്നിലുള്ള മാര്‍ഗം. മസ്തിഷ്‌ക മരണം സംഭവിച്ചയാളുടെ ശരീരത്തിലേക്കു തല മാറ്റിവയ്ക്കുകയെന്നതാണ് ലക്ഷ്യം. ഇതിനായി വലേറിയുടെ തലയുമായി യോജിക്കുന്ന ശരീരം കിട്ടേണ്ടതുണ്ട്. വലേറിയുടെ ശിരസ്സ് പത്ത് ഡിഗ്രി സെല്‍ഷ്യസില്‍ തണുപ്പിച്ച ശേഷമാകും ശസ്ത്രക്രിയ. തലയിലെ കോശങ്ങള്‍ നശിക്കാതിരിക്കുന്നതിനാണ് ഇത്.
ഇറ്റാലിയന്‍ ഡോക്ടറായ സെര്‍ജിയോ കനാവെറോയോടൊപ്പം ചൈനീസ് സര്‍ജന്‍ സിയാവോ പിങ്ങ് റെന്നും ചേര്‍ന്നാണ് ശസ്ത്രക്രിയ നടത്തുകയെന്നാണ് റിപ്പോര്‍ട്ട്. മൃഗങ്ങളില്‍ തലമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിട്ടുള്ളവരാണ് ഇവര്‍. കുരങ്ങില്‍ തലമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിട്ടുള്ള ആളാണ് കനാവെറോ. ശസ്ത്രക്രിയ കഴിഞ്ഞ് 20 മണിക്കൂറിനു ശേഷം കുരങ്ങനു പുതിയ ജീവന്‍ തിരിച്ചുകിട്ടിയത്രേ. എന്നാല്‍ വൈദ്യശാസ്ത്രം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. എലികളിലും കാനാവെറോ തലമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. കൈകള്‍ മാറ്റി ശസ്ത്രക്രിയ നടത്തിയിട്ടുള്ള ആളാണ് സിയാവോ പിങ്ങ്. പന്നികളുടെ കൈകാലുകള്‍ മാറ്റിവെച്ചാണ് അദ്ദേഹം ഇതില്‍ പരിചയം നേടിയത്.
ശസ്ത്രക്രിയയ്ക്കായി തല മുറിക്കുന്നതിന് ഉപയോഗിക്കുന്നത് സുതാര്യമായ വജ്രക്കത്തിയാണ്. തല മാറ്റി സ്ഥാപിക്കുന്നതിന് പ്രത്യേക ക്രയിനാണ് ഉപയോഗിക്കുക. സുഷുമ്നകള്‍ കൂട്ടിച്ചേര്‍ക്കാന്‍ പോളി എത്തിലിന്‍ ഉപയോഗിക്കും. സ്പൈനല്‍ കോര്‍ഡിന്റെയും നാഡികളുടെയും പ്രവര്‍ത്തനം നിലനിര്‍ത്തുന്നതിന് ഇലക്ട്രോഡുകള്‍ ഉപയോഗിക്കും. ശസ്ത്രക്രിയയ്ക്ക് ശേഷം മൂന്ന്-നാല് ആഴ്ചകള്‍ വലേറി കോമ അവസ്ഥയിലായിരിക്കും. ശസ്ത്രക്രിയ വിജയിക്കാന്‍ 90 ശതമാനം സാധ്യതയുണ്ടെന്നന്നാണ് ഡോ. കനാവെറോ പറയുന്നത്.
150 വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ശസ്ത്രക്രിയയ്ക്കായി വേണ്ടിവരും.ഒരു കോടി മുതല്‍ പത്തു കോടി വരെ ഡോളര്‍ ഇതിനായി ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. അമേരിക്കയ്ക്ക് പുറത്തുള്ള ഡോക്ടര്‍മാരുടെ ഒരു സംഘം ഇതിനുള്ള ചെലവ് നിര്‍വ്വഹിക്കുമെന്ന് ഡോ. കനാവെറോ പറയുന്നു.
അമേരിക്കയ്ക്കും യൂറോപ്പിനും പുറത്തുള്ള ഏതെങ്കിലും രാജ്യത്തായിരിക്കും ശസ്ത്രക്രിയ നടക്കുകയെന്നാണ് റിപ്പോര്‍ട്ട്. കാരണം ഇത്തരമൊരു ശസ്ത്രക്രിയയ്ക്ക് പാശ്ചാത്യ രാജ്യങ്ങളില്‍ നിയമസാധുതയില്ല. അതേസമയം, നിരവധി ഡോക്ടര്‍മാര്‍ ഇത്തരമൊരു ശസ്ത്രക്രിയയ്ക്ക് എതിരായി രംഗത്തെത്തിയിട്ടുണ്ട്.

Write A Comment

 
Reload Image
Add code here