മധ്യവയസായാല്‍ കാല്‍സ്യം വിഐപി, കൂടിയാലും കുറഞ്ഞാലും പ്രശ്‌നം

Tue,Aug 30,2016


മുപ്പതു വയസ് കഴിഞ്ഞാല്‍ കാല്‍സ്യം മരുന്നുകള്‍ നമുക്കുപയോഗിക്കേണ്ടി വരും. നമ്മുടെ അസ്ഥികള്‍ക്കു ബലക്കുറവു കണ്ടു തുടങ്ങുന്നതോടെ കാല്‍സ്യത്തിന്റെ അനിവാര്യത ബോധ്യപ്പെട്ടുതുടങ്ങും.
എന്നാല്‍ കാല്‍സ്യത്തിന്റെ ഉപയോഗം ഏറെ സൂക്ഷിക്കേണ്ടതുണ്ട്. ഇരുതലമൂര്‍ച്ചയുള്ള വാളാണ് കാല്‍സ്യം. 19-50 പ്രായത്തിലുള്ള സ്ത്രീക്ക് ആവശ്യമായ കാല്‍സ്യത്തിന്റെ അളവ് ശരാശരി പ്രതിദിനം 1000 മി ഗ്രാമാണ്. 51-70 വയസുകാര്‍ക്ക് വേണ്ടതു 1200 മി. ഗ്രാമും. നമ്മുടെ സാധാരണ ഭക്ഷണത്തില്‍നിന്നു തന്നെ ഇത്രയും കാല്‍സ്യം നമുക്കു ലഭ്യമാക്കാവുന്നതാണ്.
എന്നാല്‍ കാല്‍സ്യത്തിന്റെ അളവു കൂടിയാല്‍ അതും പ്രശ്‌നമാണ്. സ്വയം പ്രിസ്‌ക്രൈബ് ചെയ്തു കാല്‍സ്യം ഗുളികകളോ കാല്‍സ്യമടങ്ങിയ മരുന്നുകളോ കഴിക്കുന്നതു ദോഷകരമാണ്. സന്തുലിതമായ ആഹാരക്രമത്തിലൂടെ 700- 1000 മി. ഗ്രാം പ്രതിദിനം നമുക്കു ലഭ്യമാക്കാവുന്നതാണ്. എന്നാല്‍ അമിതമായ കാല്‍സ്യം ഉപയോഗം കിഡ്‌നി സ്‌റ്റോണുള്‍പ്പെടെ പല രോഗങ്ങളുമുണ്ടാക്കും. 2013-ല്‍ നടത്തിയ പഠനപ്രകാരം അമിതമായ കാല്‍സ്യമുപയോഗം ( 1400 മി. ഗ്രാമിലേറെ) മരണത്തിനു സാധ്യത കൂട്ടുന്നതാണ്. കാല്‍സ്യം കൂടുതലുപയോഗിച്ചാല്‍ ഹൃദയാഘാതസാധ്യതയും കൂട്ടും. അതുപോലെ തന്നെയാണ് 600 മി. ഗ്രാമില്‍ കുറവ് മാത്രമാണ് സ്ത്രീ ഉപയോഗിക്കുന്നതെങ്കിലും ഹൃദ്രോഗ സാധ്യത കൂടുതലാണ്.
ആര്‍ത്തവവിരാമസമയത്തു അസ്ഥിവേദനയും തളര്‍ച്ചയും കൂടുതലായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതിനു കാരണം കാല്‍സ്യത്തിന്റെ കുറവാണ്. എന്നാല്‍ സ്വയം കാല്‍സ്യം മരുന്നു കഴിക്കാന്‍ ശ്രമിക്കുന്നതിനെക്കാള്‍ വിദഗ്ധനായ ഡോക്ടറെ കണ്ട് മരുന്നു കഴിക്കുന്നതാവും ഉചിതം.
കാല്‍സ്യം നമ്മുടെ ശരീരത്തിന് അത്യന്താപേക്ഷിതമായ ലവണമാണ്. ബലമേറിയ അസ്ഥികള്‍ക്കും പല്ലുകള്‍ക്കും കാല്‍സ്യമാണ് പ്രധാനഹേതു. ആരോഗ്യമുള്ള ഹൃദയത്തിനും ഞരമ്പുകള്‍ക്കും രക്തം ക്ലോട്ട് ചെയ്യാനുള്ള സംവിധാനത്തിനും കാല്‍സ്യത്തിന്റെ പ്രഭാവമാണുള്ളത്.

Write A Comment

 
Reload Image
Add code here