വാര്‍ധക്യത്തിലും സെക്‌സ് അനിവാര്യം

Tue,Aug 09,2016


മധ്യവയസെത്തുമ്പോഴേക്കും ലൈംഗിക പ്രശ്‌നങ്ങളും അസ്വസ്ഥതകളും തലപൊക്കുന്നതായാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. മധ്യവയസിലേക്ക് പ്രവേശിക്കുന്ന സ്ത്രീ പുരുഷന്മാരില്‍ നടക്കുന്ന ശാരീരിക, മാനസിക, ലൈംഗിക മാറ്റങ്ങളും, ജീവിത രീതിയിലും ഉത്തരവാദിത്വത്തിലും ഉണ്ടാകുന്ന വെല്ലുവിളികളുമാണിതിന് കാരണം.

വളര്‍ച്ചയുടെ ഓരോ ഘട്ടം പിന്നിടുമ്പോഴും മനുഷ്യനില്‍ ലൈംഗിക മാറ്റങ്ങള്‍ നടക്കുന്നുണ്ട്. എങ്കിലും ലൈംഗിക വളര്‍ച്ച എത്തിയവരില്‍ വാര്‍ധക്യത്തിലും സന്തോഷകരമായ ലൈംഗികത നിലനില്‍ക്കുന്നു എന്നാണ് മാസ്‌റ്റേഴ്‌സ് ആന്‍ഡ് ജോണ്‍സണ്‍സിന്റെ പഠനങ്ങള്‍ പറയുന്നത്. പ്രായത്തിന്റേതായ സവിശേഷതകള്‍ ലൈംഗികതയെ ബാധിക്കുന്നുണ്ട്.

സ്ത്രീകളില്‍ സംഭവിക്കുന്നതെന്ത്
സ്ത്രീയുടെ അണ്‌ഡോത്പാദനവും ആര്‍ത്തവവും അവസാനിക്കുന്നത് ഈ കാലയളവിലാണ്. ഇതിനെ ആര്‍ത്തവ വിരാമം എന്നു പറയുന്നു. ആര്‍ത്തവവിരാമത്തിലേക്ക് കടക്കുന്ന സ്ത്രീയില്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉത്പാദനം കുറയുകയും ഇതിന്റെ ഫലമായി ശാരീരിക മാനസിക മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. സ്ത്രീകളില്‍ അവസാനത്തെ ആര്‍ത്തവം സാധാരണയായി 45 വയസിനും 55 വയസിനും ഇടയിലാണ് ഉണ്ടാകുന്നത്. ആര്‍ത്തവവിരാമത്തിനോട് അനുബന്ധിച്ച് സ്ത്രീകളുടെ യോനിയിലെ സ്തരത്തിന്റെ കനം കുറയുകയും വരണ്ടതാവുകയും ചെയ്യുന്നു.

യോനി ഭാഗത്തെ കൊഴുപ്പുസ്തരവും പതിയെ നഷ്ടമാകുന്നു. ഇതു കൂടാതെ സ്തനങ്ങളുടെ വലിപ്പത്തിലും ഘടനയിലും മാറ്റങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. ഈ മാറ്റങ്ങള്‍ കാരണം സ്ത്രീകളില്‍ ഉത്തേജനത്തിന് സമയമെടുക്കുന്നു. യോനിയിലെ നനവ് നഷ്ടമാകുന്നതിന്റെ ഫലമായി ലൈംഗിക ബന്ധം വേദനാജനകമായിത്തീരുകയും ചെയ്യുന്നു. ആര്‍ത്തവവിരാമത്തിന്റെ ഫലമായി സ്ത്രീകളില്‍ മറ്റ് പല മാറ്റങ്ങളും കാണാറുണ്ട്. അമിതമായ വിയര്‍പ്പ്, തലവേദന, സന്ധികളില്‍ വേദന, ഉത്കണ്ഠ, വിഷാദം, തന്റെ സ്ത്രീത്വം നഷ്ടമായോ എന്ന തോന്നല്‍ തുടങ്ങിയവ അനുഭവപ്പെടും. ചിലരാകട്ടെ തന്റെ സൗന്ദര്യം നഷ്ടമായല്ലോ എന്നോര്‍ത്ത് ദുഃഖിക്കുന്നവരുമുണ്ട്.

സ്ത്രീകള്‍ക്കുണ്ടാകുന്ന ഈ മാറ്റം തിരിച്ചറിയാതെ ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം പഴിചാരുന്നത് കാണാറുണ്ട്. ഭര്‍ത്താവു മുമ്പത്തേക്കാള്‍ ഏറെ പരുക്കനാണെന്നും തന്റെ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നില്ലെന്നുമുള്ള ധാരണയിലേക്ക് സ്ത്രീ എത്തുകയും തുടര്‍ന്ന് ലൈംഗികതയില്‍ നിന്ന് പിന്‍മാറുകയും ചെയ്യുന്നു. എന്നാല്‍ ഇത് ഭാര്യയെ തൃപ്തിപ്പെടുത്താന്‍ എനിക്കു പറ്റുന്നില്ലെന്നും തന്നോടുള്ള താല്‍പര്യം നഷ്ടപ്പെട്ടു എന്ന തോന്നലിലേക്ക് ഭര്‍ത്താവിനെ നയിക്കുകയും ചെയ്യുന്നു.

ലൈംഗികതയോടുള്ള താല്‍പര്യക്കുറവ്
പ്രായമാകുന്തോറും സാധാരണ സ്ത്രീകളില്‍ കണ്ടുവരുന്ന പ്രശ്‌നമാണ് ലൈംഗികതയോടുള്ള താല്‍പര്യക്കുറവ്. സെക്‌സിനോട് അകല്‍ച്ച, ലൈംഗിക ചിന്തകള്‍ ഉണരാതിരിക്കുക, മക്കളായി ഇനി എന്തു ലൈംഗികത, അതിനൊക്കെയുള്ള കാലം കഴിഞ്ഞു എന്നൊക്കെയുള്ള തോന്നലുകള്‍ ഈ പ്രായത്തില്‍ ഉണ്ടായെന്നുവരാം. ലൈംഗിക ബന്ധത്തിലേര്‍പ്പെടാതെ എന്തെങ്കിലും കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുന്ന പതിവ് സ്ത്രീകളില്‍ കണ്ടുതുടങ്ങും. പങ്കാളിയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് പലപ്പോഴും ഇക്കൂട്ടര്‍ സെക്‌സിലേര്‍പ്പെടുന്നതുതന്നെ. സെക്‌സിനോട് വെറുപ്പുപോലും ചില സ്ത്രീകളില്‍ കണ്ടെന്നുവരും.

യോനിയില്‍ നനവ് ഉണ്ടാകാതിരിക്കുക
ആര്‍ത്തവവിരാമത്തോട് അനുബന്ധിച്ച് സ്ത്രീകളില്‍ വരുന്ന ശാരീരിക മാറ്റമാണ് ഇതിനു പ്രധാന കാരണം. ഇത് ലൈംഗിക ബന്ധം വേദനാപൂര്‍ണമാകാനിടയാക്കുന്നു. ചിലപ്പോള്‍ ലൈംഗികബന്ധം അസാധ്യമാക്കുകയും ചെയ്യും. ലൈംഗികതയോട് താല്‍പര്യം കുറയുകയും നിര്‍ബന്ധത്തിന്നുവഴങ്ങി ബന്ധത്തില്‍ ഏര്‍പ്പെടുന്നതും യോനിയിലെ നനവ് കുറയാന്‍ കാരണമാകും. അമിതമായ മതവിശ്വാസം, വിഷാദം എന്നിവയും ഇതിന് കാരണമാകുന്നു.

രതിമൂര്‍ച്ഛ ഇല്ലായ്മ
നമ്മുടെ നാട്ടിലെ സ്ത്രീകള്‍ രതിമൂര്‍ച്ഛയിലെത്തുന്നത് പൊതുവേ കുറവാണെന്ന് 2008 ല്‍ നടന്ന പഠനങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. എന്നാല്‍ പ്രായമാകുമ്പോള്‍ രതിമൂര്‍ച്ഛയിലെത്താന്‍ കൂടുതല്‍ വൈകുകയും ചെയ്യുന്നു. ഇതിനു പുറമേ രോഗങ്ങളും അസ്വസ്ഥതകളും രോഗനിവാരണത്തിനായി കഴിക്കുന്ന മരുന്നുകളും ശരിയായ രതിമൂര്‍ച്ഛയ്ക്ക് തടസം സൃഷ്ടിക്കുന്നു.

വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക ബുദ്ധിമുട്ട്, കുടുംബപ്രശ്‌നങ്ങള്‍, ഭാവിയെക്കുറിച്ചുളള അസ്വസഥത, ഭാവിയെക്കുറിച്ച് പ്രതീക്ഷയോ പദ്ധതിയോ ഇല്ലാതിരിക്കുക, വിഷാദം, ലൈംഗിക ചിന്തകളുടെയും ഭാവനയുടെയും അഭാവം എന്നിവയെല്ലാം രതിമൂര്‍ച്ഛയ്ക്ക് തടസമാണെന്ന് പഠനങ്ങള്‍ പറയുന്നു. അനോര്‍ഗാസ്മിയ എന്ന രോഗം കാണപ്പെടുകയും ചെയ്യുന്നു.

ബന്ധപ്പെടുമ്പോള്‍ വേദന
ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ വേദനയുണ്ടാകുന്നത് ലൈംഗികതയുടെ ആസ്വാദ്യത കുറയ്്ക്കുന്നു. യോനിയിലെ നനവ് കുറയുന്നതാണ് ഇതിനു പ്രധാന കാരണം. ആര്‍ത്തവവിരാമം സംഭവിച്ച സ്ത്രീകളിലാണ് ഈ പ്രശ്‌നം കൂടുതലായി കണ്ടുവരുന്നത്.

പങ്കാളിയെക്കുറിച്ചും ഭാവിയെക്കുറിച്ചും പ്രതീക്ഷയില്ലായ്മ, താല്‍പര്യമില്ലാതെയുള്ള ലൈംഗികത, വേണ്ടത്ര ഉത്തേജനമില്ലാതെ സെകിസിലേര്‍പ്പെടുക, സെക്‌സ് വല്ലപ്പോഴും മാത്രമായി ചുരുങ്ങുന്നത്, മറ്റു ശാരീരിക രോഗങ്ങള്‍ ഇവയെല്ലാം ലൈംഗിക ബന്ധം വേദനാ ജനകമാകാന്‍ കാരണമാകുന്നു.

പുരുഷന്മാരില്‍ ആര്‍ത്തവവിരാമം
സ്ത്രീകളിലെ ആര്‍ത്തവവിരാമം പോലെ പുരുഷന്മാരില്‍ പെട്ടെന്ന് ബീജോത്പാദനം നിലയ്ക്കുന്നില്ല. എങ്കിലും സ്ത്രീകളെ പോലെ പുരുഷന്മാരില്‍ ആര്‍ത്തവവിരാമം ഉണ്ടാകുന്നുണ്ട് എന്ന ധാരണ നിലവിലുണ്ട്. മധ്യവയസിനോട് അടുക്കുന്ന പ്രായത്തില്‍ പുരുഷന്മാരില്‍ ലൈംഗിക ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണിന്റെ ഉത്പാദനത്തില്‍ നേരിയ കുറവ് കാണാന്‍ തുടങ്ങുന്നു.

സ്ത്രീകളില്‍ ലൈംഗിക ഹോര്‍മോണായ ഈസ്ട്രജന്‍ ആര്‍ത്തവവിരാമത്തോടുകൂടി ക്രമാതീതമായി കുറയുമ്പോള്‍ പുരുഷന്മാരില്‍ അവരുടെ ലൈംഗിക ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ വളരെ സാവകാശത്തിലാണ് കുറയുന്നത്.

മധ്യവയസാകുന്നതോടെ പുരുഷന്മാരില്‍ ലൈംഗികതയോടുള്ള താല്‍പര്യക്കുറവ്, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ വിമുഖത, തവണകളില്‍ കുറവ്, ഉത്തേജനത്തില്‍ കുറവ്, ഉത്തേജനത്തിന് കൂടുതല്‍ സമയം വേണ്ടിവരിക എന്നിവ കാണപ്പെടുന്നു. പുരുഷന്മാരുടെ ആത്മവിശ്വാസത്തില്‍ വലിയ ഇടിവും ഇക്കാലത്ത് കാണപ്പെടുന്നു.

പരുഷന്റെ ലൈംഗികത ആത്മവിശ്വാസവുമായി ചേര്‍ന്നു നില്‍ക്കുന്നു. തന്റെ ലൈംഗിക കഴിവുകള്‍ നഷ്ടപ്പെട്ടു എന്നുള്ള ചിന്ത മാത്രം മതി പരുഷ ലൈംഗികതയെ കീഴ്‌മേല്‍ മറിക്കാന്‍. അതോടൊപ്പം അനിയന്ത്രിതമായ ദേഷ്യം, കടുത്ത ക്ഷീണം, വിഷാദം, തുടരെ മൂത്രമൊഴിക്കണമെന്ന തോന്നല്‍ തുടങ്ങിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടെന്നിരിക്കും.

ഉത്തേജനമില്ലായ്മ
ചെറുപ്പകാലത്തേപ്പോലെ പെട്ടെന്നുള്ള ഉത്തേജനം പ്രായമാകുന്നതോടെ പുരുഷന് ലഭിച്ചെന്നുവരില്ല. ഉത്തേജനത്തിന് സാധാരണയില്‍ കവിഞ്ഞ സമയമെടുത്തെന്നും വരും. പങ്കാളിയുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍, പങ്കാളിയോടുതോന്നുന്ന മടുപ്പ്, വിരസത, പങ്കാളിയുടെ സൗന്ദര്യത്തില്‍ വരുന്ന മാറ്റത്തെക്കുറിച്ചുള്ള വിഷമം തുടങ്ങിയവ പുരുഷന്മാരില്‍ ഉത്തേജനക്കുറവിനോ ഉത്തേജനം ഇല്ലാത്ത അവസ്ഥയ്‌ക്കോ കാരണമാകുന്നു.

പുരഷന്മാര്‍ക്ക് മാനസിക സമ്മര്‍ദം കൂടുതലാണ് എന്നതും ഉത്തേജനത്തിന് തടസമാകുന്നു. ഹൃദ്രോഗം, പ്രോസ്‌റ്റേറ്റ് സംബന്ധമായ രോഗങ്ങള്‍, പ്രമേഹം, രോഗനിവാരണത്തിനായി ഉപയോഗിക്കുന്ന ചില മരുന്നുകള്‍ എന്നിവയെല്ലാം മധ്യവയസെത്തിയ പുരഷന്മാരില്‍ ഉത്തേജനക്കുറവിന് കാരണങ്ങളാണ്. ഇവരില്‍ ഉദ്ധാരണശേഷി നഷ്ടപ്പെടുന്ന രോഗാവസ്ഥയ്ക്ക് വരെ സാധ്യതയുണ്ട്.

രതിമൂര്‍ച്ഛ ആസ്വദിക്കാനാവാതെ
മധ്യവയസ് പിന്നിടുന്നതോടെ രതിമുര്‍ച്ഛയിലെത്തുവാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ഉത്തേജനം നിലനിര്‍ത്തുവാന്‍ സാധിക്കാത്തതും പങ്കാളിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും നിര്‍ബന്ധത്തിനുവഴങ്ങിയുള്ള സെക്‌സും രതിമൂര്‍ച്ഛയിലെത്തുന്നതിന് പുരുഷന് തടസമാകുന്നു. കുട്ടികള്‍ പിറന്നതിനു ശേഷമുള്ള സെക്‌സ് പാപമാണെന്നുള്ള വിശ്വസവും കുട്ടികളുടെ സാന്നിധ്യത്തില്‍ സെക്‌സ് പാടില്ലെന്ന ധാര്‍മികബോധവും മറ്റു ശാരീരിക രോഗങ്ങളും ആണ്‍ രതിമൂര്‍ച്ഛയ്ക്ക് തടസമാകുന്നുണ്ട്.

ലൈംഗികത അണയാതെ സൂക്ഷിക്കാന്‍
പ്രായമേറി എന്ന ഒറ്റ കാരണംകൊണ്ട് സെക്‌സിനോട് വിടപറയേണ്ട കാര്യമില്ല. ചെറുപ്പകാലത്തുള്ള ലൈംഗിക ഉണര്‍വ് പ്രായമാകുമ്പോള്‍ ലഭിച്ചെന്ന് വരില്ലെങ്കിലും ആസ്വാദ്യത നഷ്ടമാകാതെ സൂക്ഷിക്കാം. സെക്‌സിന് പ്രായമില്ല എന്നതാണ് വാസ്തവം. ഓരോ പ്രായത്തിലും ആ പ്രായത്തിന്റേതായ രീതിയില്‍ സെക്‌സില്‍ മാറ്റം വരുത്തണം എന്നു മാത്രം.

വളര്‍ച്ചയുടെ ഓരോ ഘട്ടം പിന്നിടുമ്പോഴും ലൈംഗികത പുതിയ മാനങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കൗമാരത്തില്‍ വളര്‍ച്ചപ്രാപിക്കുന്ന ലൈംഗികത അവന്റെ മരണം വരെയുണ്ട്. മധ്യവയസിനോടടുത്തുണ്ടാകുന്ന ശാരീരിക മാനസിക മാറ്റങ്ങള്‍ ലൈംഗിക ജീവിതത്തെ സഹായിക്കുന്നുമുണ്ട്.

ഇരുപതു വയസുള്ള ഒരു പുരുഷന് അവന്റെ ഇരുപതുകളില്‍ സംഭോഗം തുടങ്ങിയതിനു ശേഷം 2 മുതല്‍ 5 മിനിട്ടു മതി രതിമൂര്‍ച്ഛയിലെത്താന്‍. എന്നാല്‍ സ്ത്രീയ്ക്ക് ഉത്തേജനം ഉണ്ടാകാന്‍ 20 മിനുട്ട് എങ്കിലും വേണം. പ്രായമാകുന്തോറും ഈ സമയക്രമത്തിന് മാറ്റം വരുന്നു. പുരുഷന് കൂടുതല്‍ സമയം വേണ്ടിവരുന്നു.

ഉത്തേജനത്തിനും രതിമൂര്‍ച്ഛയിലെത്താനും അധികസമയം ആവശ്യമാണ്. ഇതുമൂലം പുരുഷന്‍ ഉത്തേജിക്കപ്പെടാനും രതിമൂര്‍ച്ഛയിലെത്താനുമുള്ള സമയം സ്ത്രീയുടേതിന് ഒപ്പമെത്തുന്നു. മധ്യവയസില്‍ ഉദ്ധാരണം കൂടുതല്‍ സമയം നിലനിര്‍ത്താന്‍ പുരുഷനെ ഇത് സഹായിക്കുകയും ചെയ്യും.

പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരെ കൂടുതല്‍ ഒന്നിപ്പിക്കുകയും ബന്ധം കൂടുതല്‍ ദൃഢമാകാന്‍ സഹായിക്കുകയും ചെയ്യുന്നു. ലൈംഗികതയില്‍ കൂടുതല്‍ പുതുമകള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ് വേണ്ടത്. എല്ലാ ലൈംഗികതയും സംഭോഗത്തില്‍ ചെന്നെത്തണമെന്ന ധാരണ മാറ്റണം.

Write A Comment

 
Reload Image
Add code here