ഹൃദയാഘാതം മുന്‍കൂട്ടി അറിയാം

Tue,Aug 09,2016


ഇന്ന് ലോകം ഭയപ്പെടുന്ന രോഗങ്ങളില്‍ പ്രധാനമാണ് ഹൃദയാഘാതം. പെട്ടെന്നുള്ള ഹൃദയാഘാതത്തില്‍ മരിക്കുന്നവരും അശ്രദ്ധമൂലം അപകടം ക്ഷണിച്ച് വരുത്തുന്നവരുമുണ്ട്. ഹൃദയം പണിമുടക്കുന്നതിന് മുമ്പ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുക സാധാരണമാണ്, എന്നാല്‍ പലരും അത് തിരിച്ചറിയാതെ പോവുന്നതാണ് പലപ്പോഴും ജീവനെടുക്കുന്നത്. ഇത്തരത്തില്‍ മൈല്‍ഡ് അറ്റാക്കുകള്‍ ശ്രദ്ധിക്കാതെ പോവുന്നത് പതിവാണ്. ഡോക്ടര്‍മാര്‍ പറയുന്നത് ഇങ്ങനെ ആളുകള്‍ വിചാരിക്കുന്നത് ഹൃദയാഘാതം പെട്ടെന്ന് ഉണ്ടാവുന്നതാണെന്നാണ്, കഠിനമായ നെഞ്ചുവേദനയ്‌ക്കൊപ്പം ശ്വാസതടസ്സവും നാടകീയമായ പലതും സംഭവിക്കുമെന്നും, എന്നാല്‍ ഈ ധാരണ പലപ്പോഴും തെറ്റാറാണ് പതിവ്. ഹൃദയാഘാതത്തിന് മുമ്പായുണ്ടാവുന്ന നാം അവഗണിച്ചേക്കാവുന്ന ചില അസാധാരണ ലക്ഷണങ്ങള്‍ ഇവയാണ്.

1.കഠിനമായി വിയര്‍ക്കുക
പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ വല്ലാതെ വിയര്‍ക്കുന്നത് കാര്‍ഡിയാക് അറസ്റ്റിന് മുമ്പുള്ള ലക്ഷണമാണ്. ഹൃദയത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലാവുന്നതാണ് ഈ വിയര്‍ക്കലിന് പിന്നില്‍

2.ദഹനക്കേടും ഛര്‍ദ്ദിയും
പെട്ടെന്നുണ്ടാവുന്ന ഛര്‍ദ്ദില്‍ ചിലപ്പോള്‍ ഹാര്‍ട്ട് അറ്റാക്കിന്റെ ലക്ഷണമാവാറുണ്ട്. അപൂര്‍വ്വമാണിത്. ഭക്ഷ്യവിഷബാധയല്ലാതെയാണ് പെട്ടെന്ന് ഈ ഛര്‍ദ്ദിയെങ്കില്‍ ഇസിജി എടുത്ത് നോക്കുന്നത് നല്ലതാണ്.

3.വിശപ്പില്ലായ്മ
വിശപ്പില്ലായ്മ പല കാരണങ്ങള്‍ മൂലം ഉണ്ടാവാം. ഹൃദയാരോഗ്യത്തില്‍ പ്രശ്‌നമുള്ള ഒരാള്‍ക്കാണ് ഇത്തരത്തില്‍ വിശപ്പില്ലായ്മ അനുഭവപ്പെടുന്നതെങ്കില്‍ അത് വിദഗ്ധരുടെ ശ്രദ്ധയില്‍ പെടുത്തേണ്ടത് അത്യാവശ്യമാണ്.

4.താടിയെല്ല് വേദന
നെഞ്ചിലെ അസ്ഥിയില്‍ നിന്ന് തുടങ്ങുന്ന വേദന താടിയെല്ലുകളിലേക്കും നീങ്ങുന്ന അവസ്ഥ. ഹൃദയപേശികള്‍ക്ക് ആവശ്യത്തിന് ഓക്‌സിജന്‍ നിറഞ്ഞ രക്തം കിട്ടാതെ വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. നെഞ്ചിനുള്ളില്‍ എരിച്ചിലും ഒരു കടുപ്പവും ഞെരുക്കവും അനുഭവപ്പെടും. അസ്വസ്ഥത നിറയും. വേദന കഴുത്ത്, ശരീരത്തിന്റെ വയറിന് മുകളിലുള്ള ഭാഗങ്ങളിലെല്ലാം വ്യാപിക്കാനും സാധ്യതയുണ്ട്. ചെവിക്ക് പിന്നില്‍ അനുഭവപ്പെടുന്ന രീതിയിലുള്ള പല്ലു വേദന ഒരിക്കലും അവഗണിക്കരുതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

5.പെട്ടെന്നുണ്ടാകുന്ന ബോധക്ഷയം
അടിക്കടി തലകറങ്ങുന്നതും ബോധക്കേട് ഉണ്ടാവുന്നതും അവഗണിക്കരുതെന്ന് ഹൃദയാരോഗ്യ വിദഗ്ധര്‍ പറയുന്നു ഇത്തരം ലക്ഷണങ്ങളില്‍ സംശയം തോന്നിയാല്‍ ഉടന്‍ തന്നെ ഒരു കാര്‍ഡിയാക് വിദഗ്ധനെ സമീപിക്കേണ്ടതാണ്. രോഗം ജീവനെടുക്കും മുമ്പ് കരുതലോടെ പോരാടുകയാണ് വേണ്ടത്.

Write A Comment

 
Reload Image
Add code here