പ്രായമായവര്‍ എല്ലാ ദിവസവും 15 മിനിട്ട് നടന്നാല്‍ മരണസാധ്യത 22 ശതമാനം കുറയും

Tue,Jun 14,2016


പ്രായമായവര്‍ പ്രതിദിനം 15 മിനിട്ട് വ്യായാമം ചെയ്താല്‍ മരണസാധ്യത 22 ശതമാനം കുറയുമെന്നു പുതിയ ഗവേഷണം.
വാര്‍ധക്യവും പ്രായാധിക്യവും വ്യായാമം ചെയ്യാതിരിക്കാനുള്ള നീതീകരണമല്ലെന്നു ഫ്രാന്‍സിലെ സെയ്ന്റ് ഇറ്റെയ്‌നി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഡോ ഡേവിഡ് ഹൂപിന്‍ പറയുന്നു. മരുന്നുകൊണ്ടുള്ള ചികിത്സയെക്കാള്‍ ഫലപ്രദമാണ് പതിവായുള്ള വ്യായാമമെന്നു അദ്ദേഹം പറയുന്നു. ആഴ്ചയില്‍ 75-150 മിനിട്ട് വ്യായാമം ചെയ്യുന്ന വൃദ്ധര്‍ക്കു മരണസാധ്യത കുറവാണത്രേ.
ഫ്രാന്‍സിലെ സോഫിയ ആന്റിപോലിസ് നടക്കുന്ന യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജി സംഘടിപ്പിച്ച യൂറോ പ്രിവെന്റ് 2016-ല്‍ ഈ പഠനം അവതരിപ്പിച്ചു. രണ്ടു വിഭാഗങ്ങളായി തിരിച്ചായിരുന്നു ഗവേഷണം. 2001-ല്‍ 65 വയസ് പ്രായമായ 1011 പേരില്‍ 12 വര്‍ഷമായി നടത്തിയ പഠനവും 60 വയസായ 122477 പേരില്‍ 10 വര്‍ഷം നടത്തിയ പഠനവും. കൂടുതല്‍ വ്യായാമം നടത്തിയ വൃദ്ധര്‍ക്കു മരണസാധ്യത വളരെ കുറവാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഏറ്റവും താഴ്ന്ന രീതിയില്‍ വ്യായാമം ചെയ്യുന്ന വൃദ്ധര്‍ക്കാകട്ടെ ഒരു വ്യായാമവും ചെയ്യാതിരിക്കുന്ന വൃദ്ധരെക്കാള്‍ 22 ശതമാനം മരണസാധ്യത കുറവാണെന്നു ഡോ ഹുപിന്‍ പറയുന്നു.
താഴ്ന്ന നിലവാരമുള്ള വ്യായാമമെന്നു പറഞ്ഞാല്‍ പ്രതിദിനം 15 മിനിട്ട് വേഗനടത്തവും വരും.

Write A Comment

 
Reload Image
Add code here