മദ്യപാനം കാന്‍സര്‍ സാധ്യത കൂട്ടും, ഏഴുതരം കാന്‍സറുകള്‍ക്കു പ്രധാനകാരണം മദ്യപാനം

Fri,Apr 01,2016


പുകവലി കാന്‍സറുണ്ടാക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ മദ്യപാനവും കാന്‍സറുണ്ടാകാന്‍ കാരണമാകുമെന്നു പലരും ചിന്തിക്കുന്നില്ല. ഇംഗ്ലണ്ടിലെ 90 ശതമാനം പേരും ഇക്കാര്യത്തെപ്പറ്റി അജ്ഞരാണെന്നാണ് ഒരു സര്‍വേയില്‍ വ്യക്തമായത്.
എന്നാല്‍ സത്യമിതാണ്; നമുക്കുണ്ടാകുന്ന ഏഴിനം കാന്‍സറുകള്‍ക്കു പ്രധാനകാരണം മദ്യപാനമാണ്. കരള്‍ കാന്‍സര്‍, സ്തനാര്‍ബുദം, കുടല്‍ കാന്‍സര്‍, വായ് , തൊണ്ട എന്നിവയ്ക്കുണ്ടാകുന്ന കാന്‍സറുകള്‍. കൂടാതെ അന്നനാളകാന്‍സര്‍, ലാറിന്‍ക്‌സിനു(സ്വരപേടകം)ണ്ടാകുന്ന കാന്‍സര്‍ എന്നിങ്ങനെയാണ് അവ.
എന്നാല്‍ 13 ശതമാനം മാത്രമേ ഇങ്ങനെയുണ്ടാകുന്നുള്ളൂ എന്നു പറഞ്ഞാണ് മദ്യപര്‍ ഇതിനെ എതിര്‍ക്കുന്നത്. ബ്രിട്ടണിലെ കാന്‍സര്‍ റിസേര്‍ച്ച് സെന്ററിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡെയിം സാലി ഡേവീസ് നടത്തിയ 30 വര്‍ഷം നീണ്ട പഠനമാണ് മദ്യപാനം കാന്‍സര്‍ സാധ്യത കൂട്ടുമെന്ന കാര്യം അടിവരയിട്ടു പറയുന്നത്.
ബ്രിട്ടണില്‍ പ്രതിവര്‍ഷം മദ്യപരായ 3,200 സ്ത്രീകള്‍ക്കു സ്തനാര്‍ബുദം ബാധിക്കാറുണ്ട്. 400 പേര്‍ക്കു കരള്‍ കാന്‍സറുമുണ്ടാകുന്നു. നേരത്തേ കണ്ടെത്തിയിരുന്നത് പ്രതിദിനം ഒരു ഗ്ലാസ് വൈന്‍ കുടിക്കുന്ന സ്ത്രീകള്‍ക്കു സ്തനാര്‍ബുദം ബാധിക്കാനുള്ള സാധ്യത 13 ശതമാനം കൂടുതലാണെന്നാണ്.
എന്നാല്‍ അടുത്തയിടെ 10 യൂറോപ്യന്‍ രാജ്യങ്ങളിലെ അഞ്ചു ലക്ഷം പേരില്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞത് പ്രതിദിനം രണ്ടു യൂണിറ്റ് (ഏകദേശം 50 മില്ലിലിറ്റര്‍) മദ്യം കഴിക്കുന്നവരില്‍ കുടല്‍ കാന്‍സറുണ്ടാകാനുള്ള സാധ്യത എട്ടു ശതമാനം കൂടുതലാണെന്നതാണ്.
കരള്‍ കാന്‍സറുണ്ടാകാന്‍ മദ്യപാനം കാരണമാകുന്നുവെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ അതിലേറെ മറ്റു പല കാന്‍സറുകള്‍ക്കും മദ്യം കാരണമാകുന്നുവെന്ന് മിക്കവരും ചിന്തിക്കുന്നില്ല. ചെറിയ അളവില്‍ കഴിക്കുന്നവര്‍ക്കും കാന്‍സര്‍സാധ്യതയുണ്ട്. ദിവസം ഓരോ പെഗ് മാത്രമേ അടിക്കുന്നുള്ളൂവെന്നു സമാധാനിക്കേണ്ട. അവര്‍ക്കും കാന്‍സര്‍ സാധ്യത കൂടുതലാണ്.
മദ്യപാനമുണ്ടാക്കുന്ന കാന്‍സര്‍ സാധ്യത സംബന്ധിച്ചു ഡെയിം സാലിയുടെ മുന്നറിയിപ്പ് ബ്രിട്ടണില്‍ പല മദ്യപര്‍ക്കും ആശങ്കയുളവാക്കിയിരുന്നു. അങ്ങനെയാണ് പല പുരുഷന്മാരും സ്ത്രീകളെപ്പോലെ, ആഴ്ചയില്‍ 14 യൂണിറ്റ് മാത്രം മദ്യം, അല്ലെങ്കില്‍ ഏഴു ഗ്ലാസ് വൈന്‍ കഴിക്കുന്ന പരിമിതമായ മദ്യപാനശീലം പുലര്‍ത്തിവരാന്‍ ഇടയാക്കിയത്. ഗര്‍ഭിണികള്‍ മദ്യം കഴിക്കാനേ പാടില്ലെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചെറിയ അളവിലാണെങ്കിലും പതിവായി മദ്യം കഴിക്കുന്നവര്‍ക്കു 10- 20 വര്‍ഷം കഴിയുമ്പോള്‍ കരല്‍ രോഗവും ഹൃദ്രോഗവും പക്ഷാഘാതവുമുണ്ടാകാന്‍ സാധ്യത കൂടുതലാണ്.
വിസ്‌കിയാണെങ്കിലും വൈന്‍ ആണെങ്കിലും അതില്‍ എഥനോള്‍ ആണ് അടങ്ങിയിരിക്കുന്നത്. അവ കരളിലെത്തുമ്പോള്‍ അസെറ്റാള്‍ഡിഹൈഡ് എന്ന വിഷവസ്തു ഉത്പാദിപ്പിക്കപ്പെടും. അവ നമ്മുടെ കോശങ്ങളിലെ ഡിഎന്‍എയ്ക്കു നാശമുണ്ടാക്കുന്നു. അങ്ങനെയാണ് കാന്‍സറുണ്ടാകുന്നത്. ഉദാഹരണത്തിന് മദ്യം കഴിക്കുമ്പോള്‍ അതിലെ അസെറ്റാള്‍ഡിഹൈഡ് കരളിലാണു ബാധിക്കുന്നതെങ്കില്‍ കരളിലെ കോശങ്ങള്‍ക്ക് അമിതവളര്‍ച്ചയുണ്ടാക്കുന്നു. അതുമൂലം അവിടത്തെ ജീനുകളില്‍ വ്യതിയാനമുണ്ടാക്കുകയും ഇതു കാന്‍സറിനു കാരണമാകുകയും ചെയ്യും. മദ്യപാനവും പുകവലിയും ഒരുമിച്ചാണെങ്കില്‍ അതു കാന്‍സര്‍ സാധ്യത ഇരട്ടിക്കുകയാണു ചെയ്യുന്നത്.

Write A Comment

 
Reload Image
Add code here