സ്ത്രീ ആര്‍ത്തവമില്ലാതെ കഴിയേണ്ടത് ജീവിതത്തിന്റെ മൂന്നിലൊന്നുഭാഗം, സൂക്ഷിക്കാനേറെയുള്ള കാലം

Mon,Mar 21,2016


മെനോപോസ് അല്ലെങ്കില്‍ ആര്‍ത്തവവിരാമം എല്ലാ സ്ത്രീകള്‍ക്കും അനുഭവപ്പെടുന്ന അവസ്ഥയാണ്. എന്നാല്‍ ഏറ്റവും കുറച്ചുമാത്രം ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യവും. കാരണം അതിനെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ മിക്ക സ്ത്രീകള്‍ക്കും താത്പര്യമില്ലെന്നതു തന്നെ. തനിക്ക് ആര്‍ത്തവവിരാമമായിയെന്നു പല സ്ത്രീകളും അംഗീകരിക്കാന്‍ താത്പര്യം കാട്ടില്ല. തന്നില്‍നിന്നു യൗവനവും സ്ത്രീത്വവും പോയെന്ന ചിന്ത സ്ത്രീയെ ദു:ഖിതയാക്കുന്നു.
നാം മനസുകൊണ്ട് ഒട്ടും ഇഷ്ടപ്പെടാത്ത കാര്യവുമായി പിന്നീടൊരു 2535 വര്‍ഷം ജീവിക്കേണ്ടിവരുന്നതു വളരെ സങ്കടകരമായ അവസ്ഥയാണല്ലോ. അതാണ് ആര്‍ത്തവവിരാമം.
എന്നാല്‍ സ്ത്രീയുടെ മരണം വരെയുള്ള ആരോഗ്യകാര്യങ്ങള്‍ ഈ അവസ്ഥ നിര്‍ണയിക്കുമെന്നതു മറ്റൊരു കാര്യം. ആര്‍ത്തവവിരാമം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ നാം മുന്‍കൂട്ടി കൃത്യമായി നേരിട്ടാല്‍ പിന്നീടുള്ള ജീവിതകാലം സുഗമമായി മുന്നോട്ടുകൊണ്ടുപോകാനാവും. ഇല്ലെങ്കില്‍ കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്കുമുമ്പില്‍ നാം പകച്ചുനിന്നെന്നുവരാം. അല്ലെങ്കില്‍ നമ്മുടെ മനസ് നമ്മുടെ പിടിയില്‍നിന്നു വഴുതിപ്പോയെന്നു വരാം.
ആര്‍ത്തവവിരാമം ഓരോ സ്ത്രീയുടെയും ജീവശാസ്ത്രപരവും അനിവാര്യവുമായ അവസ്ഥയാണ്. സ്ത്രീയുടെ അണ്ഡാശയത്തിന്റെ പ്രവര്‍ത്തനം നിര്‍ജീവമാകുന്ന അവസ്ഥ. സ്ത്രീ വന്ധ്യയാകുന്ന ഘട്ടം. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളും തിരക്കുകളും പതിയെ മാറ്റിവച്ച് കൂടുതല്‍ സമയം സ്വന്തം ആരോഗ്യത്തില്‍ ശ്രദ്ധിക്കാന്‍ നമ്മുടെ ശരീരം നമ്മെ ഓര്‍മപ്പെടുത്തുന്ന സമയം.
പിന്നീടുള്ള 2535 വര്‍ഷം ഓരോ സ്ത്രീയും സൂക്ഷിച്ചും ആരോഗ്യത്തോടെയും ജീവിക്കണമെന്നു വിദഗ്ധര്‍ ഉപദേശിക്കുന്നു. അത് എന്തുകൊണ്ടാണെന്നു നോക്കാം. സ്ത്രീകളുടെ പ്രത്യുത്പാദനക്ഷമത നിയന്ത്രിക്കുന്നതു സ്ത്രീ ഹോര്‍മോണായ ഈസ്ട്രജനാണ്. ആര്‍ത്തവവിരാമത്തിനു തൊട്ടുമുമ്പുള്ള ഘട്ടത്തില്‍ത്തന്നെ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ ലെവല്‍ കുറയും. അതാണു സ്ത്രീയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാകുന്നത്.
കാരണം,
1. ഈസ്ട്രജന്‍ കുറയുമ്പോള്‍ സ്ത്രീ വന്ധ്യയാകും. ഗര്‍ഭപാത്രത്തില്‍ കാന്‍സര്‍ പിടിപെടാന്‍ സാധ്യത കൂടുതലാണ്.
2. ഋതുമതിയാകുമ്പോള്‍ സ്തനവികാസത്തിന് ഈസ്ട്രജനാണു പ്രധാനപങ്കു വഹിക്കുന്നത്. ഗര്‍ഭകാലത്തു സ്തനം പക്വമാകുന്നതും മുലപ്പാലുണ്ടാകുന്നതും ഈസ്ട്രജന്‍ വഴിയാണ്. അതുപോലെതന്നെ ഈസ്ട്രജന്റെ അഭാവം സ്തനാര്‍ബുദത്തിനും കാരണമാകുന്നു.
3. ഈസ്ട്രജന്റെ വാസ്‌കുലോ പ്രൊട്ടക്ടീവ് പ്രക്രിയയിലൂടെ സ്ത്രീകള്‍ക്കു ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.
4. ആര്‍ത്തവവിരാമത്തിനു തൊട്ടുമുമ്പും ശേഷവും സ്ത്രീകള്‍ക്കു പലവിധ മാനസികപ്രശ്‌നങ്ങളുമുണ്ടാകാറുണ്ട്. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ മൂലം ശരീരത്തിനു കൂടുതല്‍ ചൂട്, ബലക്ഷയങ്ങള്‍, മനോനിലയിലുണ്ടാകുന്ന പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍, ഓസ്റ്റിയോപോറോസിസ് (അസ്ഥിക്ഷയം)പോലുള്ള അസ്ഥിരോഗങ്ങള്‍ തുടങ്ങിയവ അനുഭവപ്പെടാറുണ്ട്.
സ്ത്രീയുടെ ആയുസില്‍ മൂന്നിലൊരു ഭാഗം ഈ ജീവിതാവസ്ഥയിലാണ് കഴിച്ചുകൂട്ടേണ്ടത്. അതിനാല്‍ ആര്‍ത്തവവിരാമകാലഘട്ടത്തെ വളരെ ഗൗരവപൂര്‍വം കാണേണ്ടതുണ്ട്. ചികിത്സകള്‍ക്കപ്പുറം, ആര്‍ത്തവവിരാമത്തിനു വളരെ മുമ്പു തന്നെ, അതായതു മുപ്പതുകളുടെ അവസാന സമയത്തുതന്നെ ഓരോ സ്ത്രീക്കും സ്വയം ചെയ്യാവുന്ന കാര്യങ്ങളുണ്ട്.
1. പതിവായി വ്യായാമം ചെയ്യുക. ആര്‍ത്തവവിരാമപ്രശ്‌നങ്ങള്‍ നേരിടാന്‍ നല്ല ഹൃദയാരോഗ്യം സ്ത്രീക്കു പ്രധാനമാണ്. വ്യായാമത്തിനൊപ്പം ചെറിയ ഭാരങ്ങളെടുക്കുന്ന ശീലം ഓസ്റ്റിയോപൊറോസിസ് പോലുള്ള അസ്ഥിരോഗങ്ങള്‍ വരാതെ തടയും. യോഗയും നല്ലതാണ്.
2. പ്രോട്ടീന്‍ സമൃദ്ധമായ ഭക്ഷണം ആര്‍ത്തവവിരാമഘട്ടത്തിനു മുമ്പുതന്നെ അത്യന്താപേക്ഷിതമാണ്. പിന്നീടുണ്ടാകുന്ന ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ തടയാന്‍ ഇതുമൂലം ഒരു പരിധിവരെ സാധിക്കും. വേഗത്തിലുള്ള നടത്തം, യോഗാ, നീന്തല്‍, ജോഗിംഗ് തുടങ്ങിയവയൊക്കെ ആര്‍ത്തവവിരാമത്തോടടുക്കുമ്പോള്‍ പ്രാക്ടീസ് ചെയ്യുന്നതു നല്ലതാണ്. കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുക.
3. അസ്ഥികള്‍ക്കുണ്ടാകുന്ന തേയ്മാനവും ദൗര്‍ബല്യവും മൂലമുണ്ടാകുന്ന ഓസ്റ്റിയോപോറോസിസ് രോഗമാണ് സ്ത്രീകള്‍ക്ക് ഏറ്റവും സങ്കീര്‍ണമായ അവസ്ഥയുണ്ടാക്കുന്നത്. അവിടെയും വില്ലന്‍ ഈസ്ട്രജനാണ്. അവസാനപീരിയഡ്‌സിനു തൊട്ടുമുമ്പുള്ള ഒന്നു രണ്ടുവര്‍ഷം മുതല്‍ പിന്നീടുള്ള അഞ്ചു വര്‍ഷം വരെയാണ് സ്ത്രീകളുടെ അസ്ഥിയുടെ കട്ടിയും സാന്ദ്രതയും കുറഞ്ഞുതുടങ്ങുന്നത്. ഭക്ഷണത്തില്‍ വൈറ്റമിന്‍ ഡിയും പ്രോട്ടീനും ഉള്‍പ്പെടുത്തി ഈ പ്രശ്‌നം ഒരു പരിധിവരെ ഒഴിവാക്കാവുന്നതാണ്.

Write A Comment

 
Reload Image
Add code here