വിവാഹാഭരണങ്ങളില്‍ പഴമയും പുതുമയും ഒത്തുചേരുമ്പോള്‍

Mon,Jan 25,2016


എന്തിനും ഏതിനും പുതുമ തേടുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. സ്വര്‍ണാഭരണങ്ങളുടെ കാര്യത്തിലും ഇതു വ്യത്യസ്തമല്ല. സിംപിള്‍ ആയ ന്യൂജനറേഷന്‍ ആഭരണങ്ങളാണ് വിവാഹദിനത്തിലേക്കായി യുവത്വം ഇഷ്ടപ്പെടുന്നത്. എങ്കിലും വിവാഹത്തിന്റെ കാര്യം വരുമ്പോള്‍ ബന്ധുക്കളുടെയും വീട്ടുകാരുടെയും താല്‍പര്യത്തിനാണ് പലരും കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്. വ്യത്യസ്ത മതവിഭാഗങ്ങള്‍ക്ക് വിവാഹച്ചടങ്ങുകളിലെന്നപോലെ ആഭരണങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും ചില വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നാണു വസ്തുത. ഹൈന്ദവവിവാഹങ്ങളില്‍ ഇപ്പോഴും പരമ്പരാഗതമായ ഡിസൈനുകള്‍ക്കാണ് മുന്‍തൂക്കം. പുതിയതരം സ്വര്‍ണാഭരണങ്ങളാണ് ക്രൈസ്തവര്‍ക്കിടയില്‍ ട്രെന്‍ഡ്. ഡയമണ്ടും കല്ലുവച്ച ആഭരണങ്ങളുമെല്ലാം വിവാഹത്തിനു കൂടുതലായി ഉപയോഗിക്കുന്നതും ക്രൈസ്തവര്‍ തന്നെ.
സങ്കീര്‍ണമായ ഡിസൈനുകളിലുള്ളതും കാഴ്ചക്കാരുടെ കണ്ണു മഞ്ഞളിപ്പിക്കുന്നതുമായ ആഭരണങ്ങള്‍ക്കാണത്രേ മുസ്‌ലിം വിഭാഗത്തിനിടയില്‍ പ്രിയം. തര്‍ക്കിഷ്-അറബിക് ശൈലിയിലുള്ള വിദേശ ഡിസൈനുകളും മുസ്‌ലിം മതവിഭാഗം വിവാഹദിവസത്തിനായി തെരഞ്ഞെടുക്കുന്നു. വിവാഹദിവസം ഉപയോഗിക്കുന്ന ആഭരണങ്ങളുടെ എണ്ണത്തില്‍ ആരും മോശമല്ലെങ്കിലും പൊതുവെ ഹിന്ദുവിഭാഗക്കാരാണ് ഏറ്റവുമധികം ആഭരണങ്ങളണിഞ്ഞ് വിവാഹത്തിനെത്തുന്നത്. പണ്ട് വധു മാത്രമാണ് സ്വര്‍ണാഭരണങ്ങളിഞ്ഞ് ഒരുങ്ങിയിരുന്നതെങ്കില്‍ ഇപ്പോള്‍ വിവാഹ പാര്‍ട്ടിക്കെത്തുന്ന ചിലരും വധുവിനെ കടത്തിവെട്ടുന്ന തരത്തില്‍ പൊന്നില്‍ കുളിച്ചെത്താന്‍ ആഗ്രഹം കാണിക്കുന്നു.
കാതില്‍ അലുക്കുപോലെ തൂങ്ങിക്കിടന്ന് നടക്കുമ്പോള്‍ ചെറുതായി ഇളകിയാടുന്ന ജിമിക്കി കമ്മലുകളെ യുവത്വം നെഞ്ചിലേറ്റിയ ഒരു കാലമുണ്ടായിരുന്നു. ന്യൂജനറേഷന്‍ ആഭരണങ്ങളുടെ വരവില്‍ അല്പം നിറം മങ്ങിയെങ്കിലും ജിമിക്കി പോലുള്ള ആഭരണങ്ങള്‍ക്ക് ഇപ്പോഴും ആരാധകര്‍ ഉണ്ട്. മുഖം മിനുക്കിയ പരമ്പഗരാഗത ആഭരണങ്ങള്‍ ഇപ്പോള്‍ പ്രത്യേക ബ്രാന്‍ഡുകള്‍ ആയി വിപണിയിലെത്തുന്നു. ചെട്ടിനാട് ഉള്‍പ്പെടെയുള്ള പുരാതനവും പരമ്പരാഗതവുമായ ആഭരണങ്ങള്‍ അപൂര്‍വ, വേദ എന്നീ ബ്രാന്‍ഡുകളാക്കിയാണ് വിപണിയിലെത്തിക്കുന്നത്. ഹൈന്ദവക്ഷേത്രങ്ങളുടെ രൂപകല്‍പനയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നിര്‍മിച്ചിരിക്കുന്ന ആഭരങ്ങളാണ് വേദ. കാഴ്ചയില്‍ രാജകീയ പ്രൗഢിയുള്ള ഇവയ്ക്ക് വിലയും കൂടുതലാണ്.
തുര്‍ക്കി, ഇറ്റലി, ബഹ്‌റിന്‍, ദുബായ് എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ആഭരണങ്ങള്‍ ഒരേസമയം ലളിതവും അത്യാകര്‍ഷകവുമാണ്. സെനീന എന്ന ബ്രാന്‍ഡിലെത്തുന്ന ഇത്തരം ആഭരണങ്ങള്‍ ചെറുപ്പക്കാര്‍ കൂടുതലായി തെരഞ്ഞെടുക്കുന്നു. അടുത്തകാലത്ത് ഡയമണ്ട് ആഭരണങ്ങളോടും വിവാഹപാര്‍ട്ടികള്‍ക്കു പ്രിയമേറിവരുന്നതായി ആഭരണ വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. വിവാഹത്തിനു തിളക്കം കൂട്ടാന്‍ സ്‌പെഷല്‍ ആയി എന്തെങ്കിലും വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ഡയമണ്ടില്‍ ഒരു കൈനോക്കുന്നത്. ഉപഭോക്താവിന്റെ ബജറ്റിന് അനുസരിച്ച് മിനുക്കുപണികള്‍ ചെയ്തതും ചെയ്യാത്തതുമായ ഡയമണ്ട് ആഭരണങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. പോളിഷ് ചെയ്ത ഡയമണ്ട് ആഭരണങ്ങള്‍ക്ക് അണ്‍കട്ട് ആഭരണങ്ങളെക്കാള്‍ തിളക്കവും ആകര്‍ഷണീയതയും കൂടുതലായിരിക്കും. പോളിഷ് ചെയ്ത ആഭരണങ്ങള്‍ക്ക് കാരറ്റിന് എഴുപതിനായിരത്തിനു മുകളില്‍ വിലവരുമ്പോള്‍ അണ്‍കട്ട് ആഭരണങ്ങള്‍ 6000 രൂപ മുതല്‍ ലഭ്യമാണ്. വെറൈറ്റികള്‍ക്കനുസരിച്ച് പ്രൈഡ്, എലഗാന്‍സ, മാഗ്നസ്, ബൊക്കെ തുടങ്ങിയ ബ്രാന്‍ഡുകളിലായി വജ്രാഭരണങ്ങള്‍ വിപണിയിലെത്തുന്നു.

Write A Comment

 
Reload Image
Add code here