ട്രെന്‍ഡിയാകാന്‍ കുര്‍ത്തികളും ട്യൂണിക് ടോപ്പുകളും

Tue,Jul 04,2017


മുംതാസും ശാര്‍മിള ടാഗോറും ഒക്കെ ധരിച്ച് ഹിറ്റ് ആക്കിയ മുട്ട് വരെ ഇറക്കമുള്ള കുര്‍ത്തികള്‍ തൊട്ട് ഇപ്പോഴത്തെ ട്രെന്‍ഡായ താഴ്ഭാഗത്ത് തുല്യതയില്ലായ്മ (Asymmetrical) സ്റ്റൈലിലുള്ള കുര്‍ത്തികള്‍ വരെ എല്ലാവരും പരീക്ഷിക്കുന്ന ഒരു കാലഘട്ടമാണിത്. സാധാരണ സ്റ്റൈലിലുള്ള ചുരിദാറുകളോട് വിട പറഞ്ഞിട്ട് ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, സോനം കപൂര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള ബോളിവുഡ് താരങ്ങള്‍ കുര്‍ത്തികളെയും ട്യൂണിക് ടോപ്പുകളെയും രണ്ടു കൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു. കുര്‍ത്തികളുടെ വിവിധ പാറ്റേണുകളെക്കാളുപരി അത് എങ്ങനെ പല തരത്തിലുള്ള ബോട്ടമുകളുടെ കൂടെ ധരിക്കാം എന്നുള്ളത് നമുക്ക് നോക്കാം. നമ്മുടെ ശരീരഘടനക്ക് അനുസരിച്ചുള്ള ബോട്ടം വെയറുകള്‍ തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ ഏതു കുര്‍ത്തിയേയും 'സ്റ്റൈല്‍ സ്റ്റേറ്റ്‌മെന്റ്' ആക്കി മാറ്റുവാന്‍ കഴിയും. ഏറ്റവും സൗകര്യപ്രദവും ലളിതവുമായ ഒരു സമ്മിശ്രണമാണ് കുര്‍ത്തികളും ലെഗ്ഗിങ്ങ്‌സും. ഈ രീതി തിരഞ്ഞെടുക്കുമ്പോള്‍ ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു കാര്യം കുര്‍ത്തികളുടെ ഇറക്കമാണ്. നല്ല മെലിഞ്ഞു പൊക്കം ഉള്ളവര്‍ക്ക് ഏതു നീളത്തിലുള്ള കുര്‍ത്തികളും ചേരും. അല്ലാത്തവര്‍ മുട്ടിനു താഴെ വരെയെങ്കിലും ഇറക്കമുള്ള കുര്‍ത്തികള്‍ എടുക്കുന്നതാകും അനുയോജ്യം.
അസിമെട്രിക്കല്‍ ആയിട്ടുള്ള സ്റ്റൈലുകള്‍ എല്ലാവര്‍ക്കും നന്നായി ചേരും. അല്പം കൂടി മോഡേണ്‍ ലുക്ക് വേണമെന്നുള്ളവര്‍ക്ക് ട്യൂണിക്‌സ് അണിയാവുന്നതാണ്. ഇപ്പോള്‍ വളരെ വര്‍ണാഭമായ ലെഗ്ഗിങ്‌സുകള്‍ നിലവിലുണ്ട്. കുര്‍ത്തിയുമായി വൈപരീത്യമുള്ള നിറങ്ങളിലെ ലെഗ്ഗിങ്‌സ് അണിയുന്നതാണ് നല്ലത്. അതപോലെ ലെഗ്ഗിങ്‌സ് ബോട്ടം ആയി വരുമ്പോള്‍ നല്ല അയവുള്ള, താഴേയ്ക്ക് വീതി കൂടി വരുന്ന കുര്‍ത്തികളാകും ഒന്നുകൂടി അനയോജ്യം. മഴക്കാലത്ത് യാത്ര ചെയ്യമ്പോഴൊക്കെ ധരിക്കാന്‍ പറ്റിയ വസ്ത്രമാണിത്.
ബോട്ടമില്‍ അണിയുവാന്‍ ഏറ്റവും സുഖപ്രദമാണ് പട്യാല പാന്റ്‌സ്. പഞ്ചാബില്‍ നിന്ന് ഉത്ഭവിച്ച അയവുള്ളതും പലതരം ഞൊറികളുള്ളതുമായ ഈ തരത്തിലുള്ള ബോട്ടമുകള്‍ ഇറക്കം കുറഞ്ഞ കുര്‍ത്തികളുടെ കൂടെയാണ് ഏറ്റവും കൂടുതല്‍ അനുയോജ്യം. ഷര്‍ട്ട് കുര്‍ത്തികളും ഇവയുടെ കൂടെ ധരിക്കാവുന്നതാണ്. കോട്ടണ്‍, ഷിഫോണ്‍, ജോര്‍ജറ്റ്, സില്‍ക്ക് മുതലായ തുണികളില്‍ തീര്‍ത്ത ഈ ഇനം വേനല്‍ക്കാലത്ത് അണിയുന്നതായിരിക്കും നല്ലത്. സാധാരണ വേഷമായി മാത്രമല്ല നല്ല പോലെ എംബ്രോയ്ഡറി തുടങ്ങിയവ ചെയ്‌തെടുത്താല്‍ പാര്‍ട്ടി വെയര്‍ ആയും ഇത് ധരിക്കാവുന്നതാണ്.
നമുക്ക് ചിന്തിക്കാന്‍ കഴിയുന്ന എല്ലാ വസ്ത്രങ്ങളുടെയും കൂടെ ധരിക്കുന്ന ഒരു ഇനമാണ് ജീന്‍സ്. അപ്പോള്‍ എന്തുകൊണ്ട് കുര്‍ത്തിയുടെ കൂടെ ജീന്‍സ് ആയിക്കൂടാ? കോളേജില്‍ പോകാനും, കൂട്ടുകാരികളുടെ കൂടെ ഷോപ്പിങ്ങിനു പോകാനുമൊക്കെ ഉത്തമമായ കോമ്പിനേഷന്‍ ആണ് ഇത്. സുഖപ്രദം, രമണീയം, ആധുനികം എന്ന മൂന്നു വാക്കുകളില്‍ ഈ രീതിയെ വിവരിക്കാം. സാധാരണ കോളറിനേക്കാള്‍ അല്പം ഇറങ്ങിയ യു ഷേപ്പ് അല്ലെങ്കില്‍ ചൈനീസ് കോളര്‍ ഉള്ള കുര്‍ത്തികള്‍ ജീന്‍സിന്റെ കൂടെ നല്ല ഭംഗിയായിരിക്കും.
ഒത്തിരി വര്‍ക്കുകള്‍ ഉള്ള കുര്‍ത്തികള്‍ ലളിതമായ സാധാരണ ജീന്‍സിന്റെ കൂടെ ധരിക്കുന്നതായിരിക്കും ഉചിതം. അല്പം കൂടി ട്രെന്‍ഡി ആകാം എന്നുള്ളവര്‍ക്ക് കാപ്രി പാന്റ്‌സ് പരീക്ഷിക്കാവുന്നതാണ്. ജീന്‍സിന്റെ പല തരങ്ങളായ 'ബോയ്ഫ്രണ്ട് ജീന്‍സ്', ഹൈ വെയ്സ്റ്റഡ് ആയ 'മോം ജീന്‍സ്' എന്നിവയും കുര്‍ത്തികള്‍ അല്ലെങ്കില്‍ ട്യൂണിക്‌സിന്റെ കൂടെ ധരിക്കാം. ലെഗ്ഗിങ്‌സ് ധരിക്കാന്‍ മടിയുള്ളവര്‍ക്കും എന്നാല്‍ ജീന്‍സ് ഇടാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കുമായി കണ്ടു പിടിച്ച ഒരു ഇനമാണ് 'ജെഗ്ഗിങ്‌സ്'. ജീന്‍സിന്റെ മുറുക്കമില്ലെന്നു മാത്രമല്ല ലെഗ്ഗിങ്‌സ് ഇടമ്പോഴത്തെ ഒരു അസ്വസ്ഥതയും തോന്നുകയില്ല. കോളേജ് കുമാരികള്‍ക്ക് കുര്‍ത്തികളുടെ കൂടെ ധരിക്കുവാന്‍ ഏറ്റവും പറ്റിയ കോമ്പിനേഷനാണ് ഇത്. ഒത്തിരി ഇറക്കമുള്ള കുര്‍ത്തികള്‍ ഇവയുടെ കൂടെ ഇടുന്നത് അഭംഗിയാണ്. ഇലാസ്റ്റിക് ഉള്ള അരഭാഗമായതിനാല്‍ ഏതു ശരീരഘടന ഉള്ളവര്‍ക്കും യോജിക്കുന്ന ഒരു ഇനവുമാണിത്. അധികം ആരും ചിന്തിക്കാത്ത ഒരു ഇനമാണ് കുര്‍ത്തികളുടെ കൂടെ നീളം കൂടിയ ധാരാളം പ്ലീറ്റുകളുള്ള സ്‌കര്‍ട്ടുകള്‍. സാധാരണ വെസ്റ്റേണ്‍ ടോപ്പുകളുടെ കൂടെ അധികം ചേരുകയില്ലെങ്കിലും പരമ്പരാഗത കുര്‍ത്തികളുടെ കൂടെ വളരെ മനോഹരമായി ചേരുന്ന ഒരു ഇനമാണിത്. സിനിമാ താരങ്ങള്‍ക്കിടയില്‍ വളരെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു കോമ്പിനേഷന്‍ കൂടിയാണ് കുര്‍ത്തികളുടെ കൂടെ ധരിക്കുന്ന ലോങ്ങ് സ്‌കര്‍ട്ടുകള്‍.
കുറച്ചു നാളുകളായി ഏവര്‍ക്കും പ്രിയങ്കരമായ പലാസോ പാന്റ്‌സുകള്‍ ആണ് കുര്‍ത്തിയുമായി യോജിക്കുന്ന മറ്റൊരു വസ്ത്രം. പ്രിന്റുകള്‍ ഉള്ളതോ ലേസ് ഉള്ളതോ ആയ പലാസോയുടെ കൂടെ ഇവ ധരിച്ചാല്‍ നല്ല പകിട്ടും ആകര്‍ഷണവും നിറഞ്ഞ വേഷമായി അത് മാറും. പല നിറങ്ങളിലും ഫാബ്രിക്കുകളിലും നിലവിലുള്ള പലാസോകള്‍ കുര്‍ത്തിയുടെ കൂടെ തീര്‍ച്ചയായും പരീക്ഷിച്ചു നോക്കേണ്ട ഒരു ഇനമാണ്. സാധാരണ പലാസോ അല്ലാതെ ലെയേര്‍ഡ് പലാേസാ, പ്ലീറ്റുകള്‍ ഉള്ള പലാസോകളോ അല്ലെങ്കില്‍ നല്ല ഫ്‌ളെയേര്‍ഡ് ആയിട്ടുള്ള പലാസോകളോ പരീക്ഷിക്കാം. നീളമുള്ള വിടവുകള്‍ ഉള്ളതോ അല്ലെങ്കില്‍ അനാര്‍ക്കലി കുര്‍ത്തികളോ ഇവയുടെ കൂടെ നന്നായി ചേരുകയും ചെയ്യും.

Write A Comment

 
Reload Image
Add code here