ജീന്‍സിന്റെ 'കീറിയ ഫാഷന്‍'

Mon,Jun 05,2017


പുറംരാജ്യങ്ങളില്‍ കണ്ടുവരുന്ന ഏറ്റവും പുത്തന്‍ ട്രെന്‍ഡുകള്‍ പോലും സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ കേരളത്തില്‍, ഒട്ടും വൈകാതെ വന്നുകൊണ്ടിരിക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് 'ഡിസ്‌ട്രെസ്ഡ് ഡെനിം ജീന്‍സ്' അഥവാ പലവിധം 'കീറല്‍ ഉള്ള ജീന്‍സ്'. പണ്ട് നമ്മളൊക്കെ ഇടുന്ന ഉടുപ്പില്‍ ചെറിയ കീറല്‍ കണ്ടാല്‍ അതു ദൂരെ കളഞ്ഞിരുന്നു. അതു മാറി ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ദ്വാരങ്ങള്‍ ഉള്ള വസ്ത്രങ്ങള്‍ വലിയ വിലകൊടുത്തു വാങ്ങാന്‍ തുടങ്ങിയിരിക്കുന്നു. 'ഡിസ്‌ട്രെസ്ഡ് ഡെനിം' ഒരു വലിയ ട്രെന്‍ഡ് ആയി മാറിയിട്ടുണ്ട്, ഇപ്പോള്‍ കേരളത്തില്‍. കൂടിയ വിലകൊടുത്ത് കടയില്‍ നിന്ന് വാങ്ങുന്നതിനേക്കാള്‍ എങ്ങനെ ഈ 'ലുക്ക്' കുറഞ്ഞ ചെലവില്‍ സ്വന്തമാക്കാം എന്നാണ് നമ്മളില്‍ പലരും ചിന്തിക്കുന്നത്. അതിന് എത്രയോ നല്ല എളുപ്പ വഴികള്‍ ഉണ്ട്. കത്തി, ബ്ലേഡ്, കത്രിക എന്നതില്‍ തുടങ്ങി ചീസ് ചുരണ്ടാന്‍ ഉപയോഗിക്കുന്ന ഗ്രേറ്റര്‍ വരെ ഈ ഡിസ്‌ട്രെസ്ഡ് ലുക്ക് വരുത്താന്‍ ഉപയോഗിക്കാവുന്നതാണ്. ആദ്യമൊക്കെ മുട്ടിന്റെ ഭാഗത്തു മാത്രമായിരുന്നു കീറല്‍ കണ്ടിട്ടുള്ളത്. ഇപ്പോള്‍ അതു മാറി, കീറല്‍ ഇല്ലാത്ത ഭാഗം എവിടെ എന്ന് കണ്ടുപിടിക്കേണ്ട ഗതി ആയിട്ടുണ്ട്. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ട്രെന്‍ഡാണ് ഇത്.
ഇതു ധരിക്കാന്‍ മനക്കട്ടി ഇല്ലാത്തവര്‍ക്കു വേണ്ടി വേറെ ഒരു സ്റ്റൈല്‍ കണ്ടെത്തിയിട്ടുണ്ട്. ജീന്‍സിന്റെ കണങ്കാലിനോടു ചേര്‍ന്ന ഭാഗം തയ്യല്‍ വിടുവിച്ച് ബ്ലേഡ് കൊണ്ട് ചുരണ്ടി 'ഫ്രെയ്ഡ് ജീന്‍സ്' എന്ന പേരില്‍ പുതുതായി ഇപ്പോള്‍ ഇറങ്ങിയിട്ടുണ്ട്. പുതിയ ട്രെന്‍ഡിലുള്ള വസ്ത്രങ്ങള്‍ ഇടുകയും വേണം, എന്നാല്‍ വീട്ടുകാരുടെ വഴക്കു കേള്‍ക്കുകയും വേണ്ട എന്നുള്ളവര്‍ക്കു പറ്റിയതാണ് ഇതുപോലത്തെ 'ഫ്രെയ്ഡ്' ജീന്‍സ്. യുവാക്കളുടെ ഹരമായ എല്ലാ ബോളിവുഡ് താരങ്ങളും ഫ്രെയ്ഡ് ജീന്‍സിന്റെ ആരാധകരാണ്. യാത്രയ്ക്കു പോകുമ്പോഴും കൂട്ടുകാരുമായി സിനിമയ്ക്കു പോകുമ്പോഴും വളരെ സൗകര്യപ്രദവും എന്നാല്‍ സ്റ്റൈലിഷും ആയ ഒരിനമാണ് ഇത്. ഇട്ടുമടുത്ത നമ്മുടെ പഴയ ജീന്‍സ് അല്ലെങ്കില്‍, നീളം കൂടിപ്പോയ ജീന്‍സ്, എല്ലാം തന്നെ നമുക്ക് ഒരു മേക്കോവര്‍ നല്‍കി പുതിയ ട്രെന്‍ഡി ജീന്‍സ് ആക്കി മാറ്റാം. ആകെ ചെയ്യണ്ടത് കുറച്ചു വെട്ടലും കീറലും മാത്രം. ഒരു സാധാരണ ജീന്‍സിനെ 'ഫ്രെയ്ഡ് ഹെം ജീന്‍സ്' ആക്കി മാറ്റുന്നത് എങ്ങനെയെന്നു നമുക്ക് നോക്കാം:
1. ആദ്യം ജീന്‍സിന്റെ ഹെം മുറിക്കുക. 2. എവിടംമുതലാണ് ഹെമിന്റെ ഫ്രിഞ്ജ് തുടങ്ങേണ്ടത് എന്നത് ഒരു പെന്‍സില്‍ കൊണ്ട് അടയാളപ്പെടുത്തുക. 3. ഒരിഞ്ച് നീളത്തില്‍ കത്രിക കൊണ്ട് ജീന്‍സിന്റെ ഹെം മുതല്‍ പെന്‍സിലിന്റെ അടയാളം വരെ വെട്ടുക. 4. റഫ് ലുക്ക് കിട്ടാനായി ഈ വെട്ടിയ ഭാഗത്തുള്ള നൂല്‍ ഒരു സേഫ്റ്റി പിന്‍ കൊണ്ട് പുറത്തെടുക്കുക. പരീക്ഷണങ്ങള്‍ ഇവിടം കൊണ്ട് അവസാനിക്കുന്നില്ല. ഡിസ്‌ട്രെസ്ഡ് ജീന്‍സിന്റെ ഉള്ളില്‍ 'ഫിഷ് നെറ്റ്' സ്റ്റോക്കിങ്‌സ് ഇടുക എന്നുള്ളതാണ് ഇപ്പോഴത്തെ ഏറ്റവും പുതിയ ട്രെന്‍ഡ്. ഇതും കേരളത്തില്‍ വരാന്‍ അധികം സമയം എടുക്കില്ല എന്നുവേണം കരുതാന്‍.

Write A Comment

 
Reload Image
Add code here