വെള്ളയുടുപ്പില്‍ കുഞ്ഞുമാലാഖ

Mon,Apr 17,2017


ആഘോഷങ്ങളെ മൊത്തത്തില്‍ ഏറ്റെടുത്തിരിക്കുകയാണ് ഡിസൈനര്‍ രംഗം. കല്യാണമെന്നോ പിറന്നാളെന്നോ മാമ്മോദീസയെന്നോ ആദ്യ കുര്‍ബാന സ്വീകരണമോയെന്ന വ്യത്യാസമില്ല. ചടങ്ങുകള്‍ക്ക് അനുസരിച്ച് ഡിസൈനുകള്‍ മാറിമറയുന്നെന്ന വ്യത്യാസം മാത്രം. വര്‍ഷങ്ങള്‍ക്കു മുന്‍പ് ആദ്യ കുര്‍ബാന സ്വീകരണ ചടങ്ങിന് ഏതെങ്കിലും കടയില്‍ കയറി ഒരു വെള്ളയുടുപ്പ് സംഘടിപ്പിക്കുകയായിരുന്നു രീതിയെങ്കില്‍ ഇന്നു പ്രത്യേകം ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് ആദ്യ കുര്‍ബാന സ്വീകരണ ചടങ്ങില്‍ കുട്ടികളെ അണിയിച്ചൊരുക്കുന്നത്.
ആദ്യ കുര്‍ബാന സ്വീകരണ ചടങ്ങിനുപയോഗിക്കുന്ന ഫുള്‍ ഡ്രസുകള്‍ പിന്നീട് ഉപയോഗിക്കുക ബുദ്ധിമുട്ടായതിനാല്‍ ഡിറ്റാച്ചബിള്‍ ഡ്രസുകള്‍ക്കാണ് ഇപ്പോള്‍ ഡിമാന്‍ഡ്. സ്‌കര്‍ട്ടും ഉടുപ്പും വെവ്വേറെ അറ്റാച്ച് ചെയ്യാവുന്ന രീതിയില്‍ ഡിസൈന്‍ ചെയ്‌തെടുക്കുന്നതാണിത്. താഴെ അഡീഷനലായി ധരിക്കാവുന്ന സ്‌കര്‍ട്ട് മാറ്റിയാല്‍ മുട്ടറ്റം വരുന്ന ഫ്രോക്ക് ആയി. ചുരുക്കത്തില്‍, ആദ്യ കുര്‍ബാന ഡ്രസുകള്‍ ചടങ്ങിനു ശേഷം ഇനി അലമാരയില്‍ പൂട്ടിവയ്‌ക്കേണ്ടി വരില്ല. ഫ്രോക്ക് ആയി കുട്ടികള്‍ക്ക് മറ്റു ഫങ്ഷനുകളില്‍ ഉപയോഗിക്കാം. ഇതോടൊപ്പം വെയ്സ്റ്റ് ബാന്‍ഡ് അണിയുകയാണെങ്കില്‍ ഗൗണായും രൂപം മാറ്റാം. ആദ്യ കുര്‍ബാന വസ്ത്രം വെള്ള തന്നെ വേണമെന്നതിനാല്‍ ഉടുപ്പിന്റെ കളറില്‍ പരീക്ഷണങ്ങള്‍ക്ക് അവസരമില്ല. പകരം വെയ്സ്റ്റ്ബാന്‍ഡില്‍ മറ്റൊരു നിറം നല്‍കാം. അഴിച്ചുമാറ്റാവുന്ന ഈ വെയ്സ്റ്റ് ബാന്‍ഡുകള്‍ ചടങ്ങുകള്‍ക്കു ശേഷം ഫോട്ടോഷൂട്ടിന്റെ സമയത്ത് ഉടുപ്പിനൊപ്പം ധരിച്ചാല്‍ ഉടുപ്പിന്റെ സ്റ്റൈല്‍ തന്നെ മാറും. ഗ്ലാമര്‍ ഗ്ലൗസ്, നെറ്റ് സാറ്റിന്‍, നെറ്റ്, ഓര്‍ഗന്‍സ തുടങ്ങിയ മെറ്റീരിയലുകളാണ് ഉടുപ്പുകള്‍ക്കു വേണ്ടി പ്രധാനമായും ഉപയോഗിക്കുന്നത്. ഹാന്‍ഡ് വര്‍ക്കുകള്‍ക്ക് വില കൂടുമെന്നതിനാല്‍ അത്തരം ഡിസൈനിങ് വര്‍ക്കുകള്‍ ഈ വസ്ത്രങ്ങളില്‍ ഉപയോഗിക്കുന്നത് കുറവാണ്. പ്രധാനമായും ഡിസൈനിങ്ങില്‍ വ്യത്യാസം വരുന്നത് നെക്ക് പാറ്റേണുകളിലാണ്. നെറ്റ്, പേള്‍ അറ്റാച്ച്ഡ് വര്‍ക്കുകളാണ് കൂടുതലായും നെക്കില്‍ ചെയ്യുന്നത്. ഉടുപ്പിനു ചേരുന്ന വിധത്തില്‍ തന്നെയാണ് കൈയില്‍ ധരിക്കുന്ന ഗ്ലൗസ്, തലയിലിടുന്ന നെറ്റ് എന്നിവയുടെയും ഡിസൈനിങ്. മുട്ടറ്റം വരെയുള്ളതും സാധാരണ ഗ്ലൗസുകളില്‍ നിന്നു വ്യത്യസ്തമായി കൈ മുഴുവനായും മൂടാതെ ഒരു വശം മാത്രം മൂടുന്ന വിധത്തിലുള്ള ഗ്ലൗസുകളുമുണ്ട്. കൈപ്പത്തി മൂടുന്ന ഗ്ലൗസുകളേക്കാള്‍ മുട്ടുവരെ മൂടി കിടക്കുന്ന ഗ്ലൗസുകള്‍ക്കാണ് കൂടുതല്‍ പ്രിയം. നെറ്റ് മെറ്റീരിയലാണ് ഗ്ലൗസിനും ശിരോവസ്ത്രത്തിനും കൂടുതല്‍ പേരും തിരഞ്ഞെടുക്കുന്നത്. ഉടുപ്പില്‍ ഉപയോഗിച്ചിരിക്കുന്ന വര്‍ക്കുകള്‍ തന്നെയാണ് നെറ്റിലും ചെയ്യുന്നത്. പേള്‍ വര്‍ക്ക് ചെയ്ത ഉടുപ്പാണെങ്കില്‍ നെറ്റിലും പേള്‍ വര്‍ക്ക് തന്നെ. നെറ്റിനെ സ്റ്റൈലാക്കാന്‍ ലേസ്, ഫ്‌ളവര്‍ വര്‍ക്ക് എന്നിവയും പരീക്ഷിക്കാം.
ഡ്രസ്സിനു ചേരുന്ന ക്രൗണ്‍ കൂടിയായാല്‍ മാലാഖയെ പോലെ തിളങ്ങാം. പൂക്കള്‍ ചേര്‍ത്തു തുന്നിയ ക്രൗണുകള്‍ക്കാണ് ആവശ്യക്കാരേറെ. പേപ്പര്‍ ഫ്‌ളവര്‍, ഡ്രൈ ഫ്‌ളവര്‍ എന്നിങ്ങനെ ഹാന്‍ഡ് മെയ്ഡ് പൂക്കളാണ് ക്രൗണുകളില്‍ ഉപയോഗിക്കുന്നത്. ഡ്രസിനും ആക്‌സസറീസിനും അനുസരിച്ചാണ് പൂക്കളുടെ കളര്‍ കോംപിനേഷനുകള്‍ തിരഞ്ഞെടുക്കുക. പിങ്ക്, വെള്ള സില്‍വര്‍, വെള്ള ഗോള്‍ഡ് കളര്‍ കോംപിനേഷനുകളാണ് കൂടുതലും.

Write A Comment

 
Reload Image
Add code here