വിവാഹ ഗൗണുകളിലെ കിടിലന്‍ പരീക്ഷണങ്ങള്‍

Mon,Feb 13,2017


കാലങ്ങളായി നമ്മള്‍ കണ്ടു ശീലിച്ച ഒന്നാണ് തൂവെള്ള നിറത്തിലുള്ള വിവാഹ ഗൗണുകള്‍. വിവാഹത്തിന് ഗൗണ്‍ ധരിക്കാന്‍ തീരുമാനിച്ചയാള്‍ പിന്നെ സ്ലീവ് ഉള്ളതോ ഇല്ലാത്തതോ, നെറ്റ് വച്ചതോ വയ്ക്കാത്തതോ, നീണ്ടുകിടക്കുന്ന ചിറകുകള്‍ ഉള്ളതോ ഇല്ലാത്തതോ, ഇത്രമാത്രം തീരുമാനിച്ചാല്‍ മതിയാകും. കാരണം നിറത്തിന്റെ കാര്യത്തില്‍ വെള്ളയ്ക്ക് പുറമെ മറ്റൊരു ചോയ്‌സില്ല.
പലനിറത്തിലുള്ള ഗൗണുകള്‍ വിപണിയില്‍ ലഭ്യമാണെങ്കിലും വിവാഹ പാര്‍ട്ടികളില്‍ മാത്രമേ ഇവയെല്ലാം ഇടം പിടിച്ചിട്ടുള്ളൂ. നമ്മുടെ നാട്ടിലും വിദേശത്തും ഇത് തന്നെ അവസ്ഥ. പിന്നീട്, ചില നാടുകളില്‍ വെള്ളയ്ക്ക് പുറമെ, മറ്റ് ഇളം നിറങ്ങളായ റോസ്, ഓഫ് വൈറ്റ്, ക്രീം എന്നീ നിറങ്ങളും വല്ലപ്പോഴും ഉപയോഗിച്ച് കണ്ടു.
എന്നാല്‍ ഇപ്പോള്‍ കാലം മാറി, കഥയും. വിവാഹ ഗൗണുകള്‍ അടിമുടി പരിഷ്‌കരണത്തിന്റെ പാതയിലാണ്. ക്ലാസിക് വിവാഹ വസ്ത്രമായ വെള്ള ഗൗണുകള്‍ക്ക് ന്യൂജെന്‍ മണവാട്ടികള്‍ ഗുഡ്‌ബൈ പറഞ്ഞു തുടങ്ങിയിരിക്കുന്നു. വിദേശ രാജ്യങ്ങളില്‍ വ്യാപകമായ മള്‍ട്ടി കളര്‍ ഗൗണുകളുടെ ട്രെന്‍ഡ് താമസിയാതെ നമ്മുടെ നാട്ടിലേക്കും എത്തും എന്ന് പ്രതീക്ഷിക്കാം. ഗൗണുകളുടെ അടിഭാഗം പല നിറങ്ങളില്‍ ഡൈ ചെയ്യുന്നതാണ് ഇപ്പോഴത്തെ പുത്തന്‍ ട്രെന്‍ഡ്. ഇതിനു ചേര്‍ന്ന ആക്‌സസറീസും ടിയാരയും ഉണ്ടായിരിക്കും. കയ്യില്‍ പിടിക്കുന്ന ബൊക്കെ പോലും മള്‍ട്ടി കളര്‍. ഇനി നിറങ്ങളുടെ അതിപ്രസരം ഇഷ്ടമില്ലാത്തവര്‍ക്ക് ഒറ്റ നിറത്തിലുള്ള ഗൗണുകളുടെ അടിഭാഗം അലങ്കരിക്കാം. വെള്ളയുടെ കോണ്‍ട്രാസ്ര് നിറങ്ങളായിരിക്കും കൂടുതലായും ഇണങ്ങുക.
ട്രെന്‍ഡായി മാറുന്ന പുത്തന്‍ സ്റ്റൈല്‍ വിവാഹ വസ്ത്രങ്ങള്‍ നമ്മുടെ വിവാഹ മാര്‍ക്കറ്റിലും അധികം താമസിയാതെ എത്തുമെന്ന് ഫാഷന്‍ ലോകം വിലയിരുത്തുന്നു. കാര്യം എന്തൊക്കെ പറഞ്ഞാലും, പലനിറങ്ങളിലെ വിവാഹ ഗൗണുകള്‍ ചില്ലറ ഭംഗിയൊന്നുമല്ല മണവാട്ടിക്ക് നല്‍കുന്നത്.

Write A Comment

 
Reload Image
Add code here