ഫാഷന്‍ ചാര്‍ട്ടില്‍ കളിമണ്‍ ആഭരണങ്ങള്‍

Mon,Jan 30,2017


കളിമണ്ണില്‍ തീര്‍ത്ത ആഭരണങ്ങള്‍ക്ക് ഫാഷന്‍ വിപണിയില്‍ പ്രിയമേറുകയാണ്. വള, മാല, കമ്മല്‍, മോതിരം, ഹെയര്‍ ക്ലിപ്പ് തുടങ്ങിയ ഫാഷന്‍ ആക്‌സസറീസാണ് വിപണിയിലെ താരം. ഡ്രസ് മാച്ച് അനുസരിച്ച് ധരിക്കാവുന്ന ആഭരണങ്ങളാണിവ. സാരി, ലാച്ച എന്നിവയ്‌ക്കൊപ്പം ധരിക്കാനായി സെറ്റ് ആയിട്ടുള്ള ടെറാക്കോട്ട ആഭരണങ്ങളും വിപണിയിലുണ്ട്. ടെറാക്കോട്ട വളകളാണ് ലേറ്റസ്റ്റ് ട്രെന്‍ഡ്. ഇത്തരം വളകള്‍ കൈനിറയെ അണിഞ്ഞാല്‍ സൂപ്പര്‍ ലുക്കായിരിക്കും. ആവശ്യമെങ്കില്‍ ഇവയ്‌ക്കൊപ്പം സ്വര്‍ണവളകളോ കുപ്പിവളകളോ അണിയാം. കോണ്‍ട്രാസ്റ്റിംഗ് നിറങ്ങളാണ് ഇതിന് അനുയോജ്യം. കളിമണ്‍ ആഭരണങ്ങള്‍ക്ക് ചൈനീസ് പെയിന്റിംഗുകള്‍ നല്‍കുന്നതിനാല്‍ ഇവ നനഞ്ഞാലും വെയില്‍ കൊണ്ടാലുമൊന്നും കേടുപാടു സംഭവിക്കുകയില്ല. ചെറിയ ഒറ്റ വളയ്ക്ക് പത്തു രൂപ മുതലാണ് വില. വര്‍ക്കുകളുടെ നിലവാരം അനുസരിച്ച് വിലയും കൂടും. കളിമണ്‍ പെന്‍ഡന്റുകളാണ് ടീനേജേഴ്‌സിന്റെ ചോയ്‌സ്. ചരടിലോ മാലയിലോ കോര്‍ത്തിടാന്‍ പറ്റുന്ന വലിയ ലോക്കറ്റുകളാണിവ. മൃഗങ്ങളുടെയും മനുഷ്യരുടെയും രൂപങ്ങളായിരിക്കും ഈ ലോക്കറ്റില്‍ അധികവും കാണുക. മാലകള്‍ക്ക് 150 മുതല്‍ 10,000 രൂപ വരെയാണ് വില.
കളിമണ്ണില്‍ തീര്‍ത്ത വലിയ കമ്മലുകളാണ് പെണ്‍കുട്ടികളുടെ മറ്റൊരു ട്രെന്‍ഡ്. വിവിധ നിറങ്ങളിലും രൂപത്തിലുമൊക്കെ ഇവ ലഭ്യമാണ്. കമ്മലുകള്‍ക്ക് 25 മുതല്‍ 500 രൂപ വരെ വില വരും. ഇളം നിറങ്ങളിലുള്ള ടെറാക്കോട്ട ആഭരണങ്ങള്‍ക്കാണ് ആവശ്യക്കാരേറെയും. പാര്‍ട്ടിവെയര്‍ ആഭരണങ്ങള്‍ക്കും നല്ല ഡിമാന്‍ഡുണ്ട്. മെറൂണ്‍, കറുപ്പ് നിറങ്ങളോടും ടീനേജേഴ്‌സിനു പ്രിയമുണ്ട്. കൊല്‍ക്കത്ത, ബംഗളൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കളിമണ്‍ ആഭരണങ്ങള്‍ കേരള വിപണിയിലേക്ക് എത്തുന്നത്.

Write A Comment

 
Reload Image
Add code here