സ്റ്റൈലിഷ് നെയില്‍ ആര്‍ട്ട്

Mon,Dec 12,2016


നീണ്ട നഖമുള്ളവര്‍ക്കും ചെറിയനഖമുള്ളവര്‍ക്കും ഒരുപോലെ ഇണങ്ങുന്ന, എളുപ്പത്തില്‍ ചെയ്യാവുന്ന നാല് നെയില്‍ ആര്‍ട്ട് ഐഡിയകള്‍
ഫ്‌ളോറല്‍ നെയില്‍സ്
ഇളം നിറത്തിലുള്ള നെയില്‍ പോളിഷും കട്ടിയുള്ള നൂലും എടുത്തു വച്ചോളൂ. ആദ്യം ട്രാന്‍സ്പരന്റ് ബേയ്‌സ് കോട്ട് അണിഞ്ഞ് അതുണങ്ങിയ ശേഷം ഇഷ്ടനിറം കൈയില്‍ അണിയുക. ഉണങ്ങാന്‍ കാത്തിരിക്കണ്ട. നൂല്‍ നഖത്തിനു മുകളിലൂടെ വളച്ചും ചുരുട്ടിയും ഇടുക. നഖത്തോട് ചേര്‍ത്ത് നൂല്‍ അമര്‍ത്തി വയ്ക്കണം. നഖത്തിനു പുറത്തുകിടക്കുന്ന നൂല്‍ കത്രിക ഉപയോഗിച്ച് മുറിച്ചു മാറ്റുക. ഇനി ട്രാന്‍സ്പരന്റ് ടോപ് കോട്ടണിയാം. നഖത്തിലൂടെ വള്ളികള്‍ കയറിപോകുന്നതുപോലെയില്ലേ കാണാന്‍. ഇനി ഈ വള്ളികളില്‍ പൂക്കള്‍ കൂടി വിടര്‍ത്തിയാല്‍ ഫ്‌ളോറല്‍ നെയില്‍സ് ആയി. ടൂത്ത്പിക് ഉപയോഗിച്ച് പൂക്കള്‍ വരയ്ക്കാം. ഇനി ഒരു തവണ കൂടി അണിയണം ടോപ് കോട്ട്.
ഗ്രില്‍സ് ഓണ്‍ നെയില്‍സ്
പഴയ ബോഡി സ്‌ക്രബില്‍ നിന്ന് ഒരു വലിയ കഷണം മുറിച്ചെടുക്കുക. കണ്ണിയകലം കുറഞ്ഞ വല കഷ്ണമായാലും മതി. ബേയ്‌സ് കോട്ട് ഇട്ട ശേഷം ഏതെങ്കിലും മാറ്റ് ഫിനിഷ് നെയില്‍ പോളിഷ് ഇടുക. നന്നായി ഉണങ്ങിയ ശേഷം നഖത്തിനു മുകളില്‍ ഈ വലക്കഷണം വച്ച് ഗ്ലോസ്സി നെയില്‍ പോളിഷ് അണിയുക. കടുംനിറത്തിലാണ് ആദ്യകോട്ട് അണിയുന്നതെങ്കില്‍ രണ്ടാമതണിയുന്നത് ഇളംനിറത്തിലായിരിക്കുന്നതാണ് ഭംഗി. ഇനി വല മാറ്റി ടോപ് കോട്ട് കൂടി നല്‍കൂ. നഖങ്ങളിപ്പോള്‍ അഴികള്‍ക്കുള്ളിലായില്ലേ.
ന്യൂസ് പ്രിന്റ് നെയില്‍സ്
പത്രക്കടലാസുകള്‍ ചെറിയ ചതുരക്കഷണങ്ങളായി മുറിച്ചു വയ്ക്കുക. ബേയ്‌സ്‌കോട്ട് നഖത്തില്‍ അണിഞ്ഞശേഷം വെള്ളനെയില്‍ പോളിഷ് അണിയുക. ഇത് നന്നായി ഉണങ്ങിയ ശേഷം ഓരോ പേപ്പര്‍ കഷ്ണങ്ങളും വെള്ളത്തില്‍ മുക്കി നഖത്തിനു മുകളില്‍ അമര്‍ത്തിപ്പിടിക്കുക. അല്‍പസമയം കഴിഞ്ഞ് എടുത്തു മാറ്റുക. വന്നില്ലേ അക്ഷരങ്ങള്‍. ഇതുണങ്ങിക്കഴിഞ്ഞ് ട്രാന്‍സ്പരന്റ് ടോപ് കോട്ട് കൂടി നല്‍കുക.
മാര്‍ബിള്‍ നെയില്‍സ്
മൂന്നു ഷെയ്ഡിലുള്ള നെയില്‍ പോളിഷ് എടുത്തു വയ്ക്കാം. ആദ്യം ബേയ്‌സ് കോട്ട് അണിയണം. ഇതുണങ്ങുന്ന നേരത്ത് നഖങ്ങള്‍ക്കു ചുറ്റും ടേപ് ഒട്ടിക്കുക. ഒരു ഗ്ലാസില്‍ വെള്ളമെടുത്ത് ഓരോ നിറവും തുള്ളികളായി മാറി മാറി ഒഴിക്കുക. ഓരോ തുള്ളിയുടെയും നടുവിലായി വേണം അടുത്ത തുള്ളി ഒഴിക്കാന്‍. പലതവണ ഇതാവര്‍ത്തിക്കുക. വെള്ളത്തിന്റെ മുകളില്‍ ഈ മൂന്നു നിറങ്ങളുടെ വൃത്തങ്ങള്‍ ഒന്നിടവിട്ട് നിറയും. ഒരു സൂചിയെടുത്ത് ഇതിനു മുകളില്‍ നീളത്തിലും കുറുകെയും വരകള്‍ വരച്ച് മാര്‍ബിളിങ് എഫക്ട് വരുത്തുക. അല്‍പനേരം വിരലുകള്‍ ഇതില്‍മുക്കിപ്പിടിക്കുക. ഇനി ഇയര്‍ബഡ്‌സ് കൊണ്ട് നഖത്തിനു ചുറ്റുമുള്ള നെയില്‍ പോളിഷ് എടുത്തുമാറ്റിയ ശേഷം വിരലുകള്‍ പുറത്തെടുക്കുക. ടോപ് ഇളക്കിയെടുത്തു നഖത്തിനു ചുറ്റും പറ്റിപ്പിടിച്ചിരിക്കുന്ന നെയില്‍ പോളിഷും മായ്ച്ചു കളയുക. മാര്‍ബിള്‍ നെയില്‍സ് റെഡി.

Write A Comment

 
Reload Image
Add code here