പ്ലസ് സൈസാണ് ട്രന്‍ഡ്
Mon,Nov 28,2016

കേരളത്തിന്റെ വസ്ത്ര വിപണി വളര്‍ന്നു വലുതാകുമ്പോഴും വലുപ്പം അല്പം കൂടിപ്പോയെന്നപേരില് വലിയൊരു വിഭാഗം പടിക്ക് പുറത്തായിരുന്നു. റെഡിമെയ്ഡ് സ്വപ്നങ്ങള്‍ ഉപേക്ഷിച്ച് പലരും തയ്യല്ക്കടതേടിപ്പോയി, അല്ലെങ്കില്‍ ഉള്ളത് ഓള്‍ട്ടര്‍ ചെയ്ത് എങ്ങനെയെങ്കിലുമൊക്കെ കയറിപ്പറ്റി.
ഒടുവിലിതാ സ്കിന്നി, പെന്‍സില്‍ ഭ്രമത്തില്‍നിന്ന് ഫാഷന്‍ലോകവും വസ്ത്ര വിപണിയും ബിഗ് ഈസ് ബ്യൂട്ടിഫുള്‍ യാഥാര്‍ഥ്യത്തിലേക്ക് ശ്രദ്ധതിരിച്ചു കഴിഞ്ഞിരിക്കുന്നു. പ്ലസ് സൈസ് സാധ്യതകളിലേക്ക് വന്‍കിട ബ്രാന്‍ഡുകളെല്ലാം പ്രവേശിച്ചു കഴിഞ്ഞു. ഡല്‍ഹിയും മുംബൈയും ബെംഗളൂരുവും പോലുള്ള വന്‍ നഗരങ്ങളില്‍ മാത്രമുണ്ടായിരുന്ന പ്രമുഖ പ്ലസ് സൈസ് സ്റ്റോറുകള്‍ കേരളം പോലുള്ള ഇതരവിപണികളിലും സാന്നിധ്യമറിയിച്ചു തുടങ്ങി.
ജീവിത ശൈലീ വ്യതിയാനം, ജങ്ക് ഫൂഡ് സംസ്കാരം എന്നിങ്ങനെ അമിതവണ്ണത്തിന് ഇടയാക്കുന്ന സാഹചര്യങ്ങളില്‍ നമ്മുടെ നാടും പിന്നിലല്ല. പൊണ്ണത്തടിയുടെ കാര്യത്തില്‍ അമേരിക്കയും ചൈനയും മാത്രമാണ് ഇന്ത്യയ്ക്കു മുന്നില്‍. 2014 വരെയുള്ള കണക്കനുസരിച്ച് മൂന്നുകോടിയിലധികം അമിതഭാരക്കാരുണ്ട് ഇന്ത്യയില്‍. അമേരിക്കയിലും ചൈനയിലും പ്ലസ് സൈസ് വസ്ത്ര വിപണി അതിവേഗം വളരുന്ന ബിസിനസാണ്. മുതിര്‍ന്നവരില്‍ 30 ശതമാനത്തില്‍ അധികം അമിതവണ്ണക്കാരുള്ള അമേരിക്കയില്‍ കഴിഞ്ഞ വര്‍ഷം 1,700കോടിഡോളറിന്റെ വ്യാപാരമാണ് ഈമേഖലയില്‍ നടന്നത്. 2017ല്‍ ഇത് ഇരട്ടിയാകുമെന്നാണ് കണക്കുകൂട്ടല്‍.
ഇന്ത്യയിലും സമാനമാണ് പ്ലസ് സൈസ് വിപണിയുടെ വളര്‍ച്ച. പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ മിന്ത്ര ഈയിടെ പ്ലസ് സൈസ് കാറ്റഗറിയിലേക്കു കൂടി വില്പന വ്യാപിപ്പിച്ചത് ഏറ്റവുമൊടുവിലത്തെ ഉദാഹരണം. ഡ്രസ്ബെറി, ഡി മ്യൂസ്, റോഡ്സ്റ്റര്‍ എന്നീപേരുകളില്‍ മിന്ത്രിയുടെ പ്ലസ് സൈസ് വസ്ത്രങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. പ്രമുഖ ബ്രാന്‍ഡുകളെല്ലാം പ്രത്യേകപേരിലോ അതേപേരിലോ പ്ലസ് സൈസ് വസ്ത്രങ്ങളുടെ നിര ഒരുക്കിയിട്ടുണ്ട്.
ബ്രാന്ഡ്കോണ്ഷ്യസായവര്ക്ക് വെസ്റ്റേണ്‍, പാര്‍ട്ടി വെയര്‍, എത്നിക് നിരകളും ചെരുപ്പുകളടക്കമുള്ള ആക്സസറീസും ഏതു സൈസിലും കിട്ടും. 1 എക്സ്എല്‍ മുതല്‍ 9 എക്സ്എല്‍ വരെ നീളുന്നതാണ് പ്ലസ് സൈസ് വിപണിയിലെ വസ്ത്രനിര. സ്ത്രീകള്‍ക്കായി 4256 ഇഞ്ച് വരെയുള്ളടോപ്പുകളും 3652 ഇഞ്ച്ബോട്ടങ്ങളും ജീന്‍സുകളും കിട്ടും. പുരുഷന്മാരുടെ ഷര്‍ട്ടുകളും ടീഷര്‍ട്ടുകളും 4462 സൈസിലും ജീന്‍സുകളും പാന്റുകളും 4058 സൈസിലും ലഭ്യം.
കഴിഞ്ഞ ഓഗസ്റ്റില്‍ മുംബൈയില്‍ നടന്ന ലാക്മേ ഫാഷന്‍ വീക്കില്‍ ആദ്യമായി പ്ലസ് സൈസ് വിഭാഗവും അരങ്ങേറിയെന്നത് ഈമേഖലയില്‍ വസ്ത്രവിപണി എത്രത്തോളം മുന്നോട്ടുപോയി എന്നു തെളിയിക്കുന്നു.