മൈലാഞ്ചിമൊഞ്ച്

Mon,Oct 24,2016


പെണ്‍കുട്ടികളുടെ സൗന്ദര്യ സങ്കല്പങ്ങളില്‍ മെഹന്ദിയ്ക്കുള്ള സ്ഥാനം ഒട്ടും കുറച്ച് കാണാനാകില്ല. വിവാഹ വേദികളില്‍ തിളങ്ങണമെങ്കിലും കോളേജ് ഫങ്ഷനുകളില്‍ അടിച്ചു പൊളിക്കണമെങ്കിലും ഒക്കെ കയ്യിലൊരു മൈലാഞ്ചി ചന്തമുണ്ടെങ്കില്‍ അതൊരു രസമാണ്. വീട്ടില്‍ നല്ല ഒന്നാന്തരം മൈലാഞ്ചി ചെടിയൊക്കെ ഉണ്ടെങ്കിലും അതരച്ച് കയ്യില്‍ ഒരു രൂപാ നാണയത്തിന്റെ വട്ടത്തില്‍ വയ്ക്കുന്ന കാലമൊക്കെ എന്നേ കഴിഞ്ഞു. ഇപ്പോള്‍ രാസമാറ്റം വരുത്തിയ മെഹന്ദി പാക്കറ്റുകള്‍ ആവശ്യത്തിന് വിപണിയില്‍ ലഭ്യമാണ്, അരയ്‌ക്കേണ്ട, ഉരുട്ടേണ്ട, കവറുകളില്‍ നിറയ്‌ക്കേണ്ട, ഓട്ട ഉണ്ടാക്കേണ്ട, ചുമ്മാ ഡിസൈന്‍ അറിയുന്നവര്‍, നന്നായി വരയ്ക്കാന്‍ കഴിയുന്ന ആരേലും ഉണ്ടായാല്‍ മാത്രം മതി. നല്ല ചുവന്നു കറുത്ത് അടിപൊളി മെഹന്ദി ഡിസൈന്‍ തയ്യാര്‍. എന്നാല്‍ ഈ മെഹന്ദി വെറുതെ കയ്യിലങ്ങ് ഇട്ടാല്‍ മതിയോ? പോരാ എന്നതാണ് സത്യം. ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചാല്‍ മൈലാഞ്ചി കയ്യുകള്‍ അടിപൊളിയാക്കാം. ഇതാ ചില ടിപ്‌സ് കയ്യില്‍ മെഹന്ദി ഇടുന്നതിനു മുന്‍പ് സോപ്പ് ഇട്ട് നന്നായി കൈ കഴുകി വൃത്തിയാക്കുക. കുറച്ച് ആല്‍ക്കഹോള്‍ ഉപയോഗിച്ച് കൈ കഴുകിയാല്‍ കയ്യിലെ എണ്ണമയം പോയിക്കിട്ടും. എണ്ണ മയം ഉള്ള കയ്യില്‍ നിറം പിടിയ്ക്കാന്‍ ബുദ്ധിമുട്ടാണ്. മെഹന്ദി കോണ്‍ ഉപയോഗിച്ച് ഇടുമ്പോള്‍ ശ്രദ്ധിക്കാനുണ്ട്. എപ്പോഴും കോണിന്റെ മുകളില്‍ ഭാഗത്ത് പിടിച്ചാണ് മര്‍ദ്ദം കൊടുക്കേണ്ടത്. പുറത്തേയ്ക്ക് വരാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ അഗ്രം വളരെ ചെറുതായി മുറിച്ച് കൊടുക്കാം. ദ്വാരം വലുതാകാതെയിരിക്കാന്‍ ശ്രദ്ധിക്കണം.
കയ്യിലേയും കാലിലെയും ഭാഗങ്ങള്‍ നല്ല കട്ടിയുള്ളതുകൊണ്ടാണ് അവിടെ മെഹന്ദി ഇടുമ്പോള്‍ നല്ല നിറം ലഭിക്കുന്നത് എന്നാല്‍ കയ്യുടെ പുറകു ഭാഗത്തിന് കൈ വെള്ളയുടെ അത്ര കട്ടി ഇല്ലാത്തതു കാരണം അവിടം അത്ര നിറമുണ്ടാവില്ല, ഇത് ഓര്‍ക്കുക. ഒരുതവണ മെഹന്ദി ഇട്ടു കഴിഞ്ഞാല്‍ അത് ഉണങ്ങാന്‍ അനുവദിക്കുക. അതിനു ശേഷം പൊളിഞ്ഞു പോരുന്നത് കളയാം. ഉണങ്ങുന്നതിനു മുന്‍പ് ഡിസൈനില്‍ കൈകൊണ്ടു തൊടാതെ ഇരിക്കാന്‍ ശ്രദ്ധിക്കുക നല്ല നിറം വയ്ക്കാന്‍ മൈലാഞ്ചിയുടെ കൂടെ ഒരു നാരങ്ങാ പ്രയോഗമുണ്ട്. പഞ്ചസാര, നാരങ്ങാനീര് വെള്ളം എന്നിവ ചേര്‍ത്ത് ആദ്യം നന്നായി അരച്ച് ഒരു പെയ്സ്റ്റുണ്ടാക്കുക മെഹന്ദി ഇട്ട് ഒന്ന് ഉണങ്ങി തുടങ്ങുമ്പോള്‍ ഈ പെയ്സ്റ്റ് ഇതിനു മുകളില്‍ പുരട്ടി കൊടുക്കാം. നല്ല നിറം ലഭിയ്ക്കാന്‍ ഈ മിശ്രിതം നല്ലതാണ്. ഇത് മുകളില്‍ ഇട്ട ശേഷം ചിലപ്പോള്‍ രണ്ടോ മൂന്നോ മണിക്കൂറുകള്‍ വേണ്ടി ന്നേക്കാം മെഹന്ദി ഉണങ്ങിപ്പിടിയ്ക്കാന്‍. അത്യാവശ്യമെങ്കില്‍ പെട്ടെന്ന് ഉണങ്ങാന്‍ ഡ്രയര്‍ ഉപയോഗിക്കാം.
വൈകുന്നേരം മെഹന്ദി ഇടുന്നതാണ് ഏറ്റവും നല്ലത്. കാരണം രാത്രി മുഴുവന്‍ അത് കൈകളില്‍ ഇരുന്ന് നന്നായി നിറം കിട്ടും. മെഹന്ദി ഇട്ട ശേഷം ഇത് നന്നായി ഒരു തുണി കൊണ്ട് കവര്‍ ചെയ്ത് വച്ചിരുന്നാല്‍ നല്ലതാണ്. രാത്രിയില്‍ ഇത്തരത്തില്‍ ചെയ്യാം. മെഹന്ദി നന്നായി ഉണങ്ങിക്കഴിഞ്ഞാല്‍ വെള്ളം ഉപയോഗിച്ച് ഇത് കഴുകി കളയാതെ ഇരിക്കുക. ശ്രദ്ധാപൂര്‍വ്വം ഉണങ്ങിയ മെഹന്ദി കൈകൊണ്ട് ഇളക്കി മാറ്റുക. തുണി ഉപയോഗിച്ച് നന്നായി തുടച്ചാല്‍ മതിയാകും. പറ്റുമെങ്കില്‍ അന്നത്തെ ദിവസം മെഹന്ദി ഇട്ട കയ്യില്‍ വെള്ളം തൊടീക്കാതെ ഇരിക്കുന്നതാണ് നല്ലത്. മെഹന്ദി ഇട്ടു ചുവന്ന കൈകളില്‍ കുറച്ച് മിനുക്കുകള്‍ കൂട്ടി ഇട്ടാല്‍ കല്യാണത്തിന് തിളക്കം കൂട്ടാന്‍ മറ്റൊന്നും വേണ്ട.

Write A Comment

 
Reload Image
Add code here