ചേലേറും കസവുസാരികള്‍

Sat,Sep 10,2016


പുളിയിലക്കരമുണ്ടും കസവു നേര്യതുമുടുത്തു നില്‍ക്കുന്ന മലയാളി പെണ്‍കൊടികള്‍ ഏഴുതിരിയിട്ടു കത്തിച്ച നിലവിളക്കിന്റെ പ്രഭ പോലെയാണ്. പെന്നിന്‍ കസവില്‍ തീര്‍ത്ത വൈവിധ്യങ്ങളാണ് ഓണവിപണിയില്‍ മാവേലിയെ വരവേല്‍ക്കാല്‍ ഒരുങ്ങുന്ന മങ്കകളെ ഏറെ ആകര്‍ഷിക്കുന്നത്. പരമ്പരാഗത ചിന്തയില്‍ നിന്ന് വഴിമാറാനോ അതില്‍ ഫാഷന്‍ കലര്‍ത്താനോ മലയാളി ആഗ്രഹിക്കുന്നില്ല. പരമ്പാര്യ ഫാഷനുകള്‍ക്ക് ഒപ്പം ഇന്ന് പുത്തന്‍ ഡിസൈനുകളും കസവു പുടവകളില്‍ നിറഞ്ഞു തുടങ്ങി. മുണ്ടും നേര്യതിനുമൊപ്പം കസവുസാരി അഥവാ കേരളസാരിയും കസവു ചുരിദാറും, പാവടകളും അങ്ങനെ വൈവിധ്യങ്ങള്‍ നിറഞ്ഞു തുടങ്ങിയ ഈ രംഗം വര്‍ഷങ്ങളായി വിപണിയില്‍ സജീവമായി തുടരുകയാണ്.
കസവിന്റെ വീതിക്കും ഗുമേന്മക്കുമനുസരിച്ചാണ് സാരിയുടെ വില. കോട്ടണ്‍ കൈത്തറി സാരികള്‍ക്കാണ് ഓണവിപണിയില്‍ ഡിമാന്റ്. സാരികളില്‍ ചെറിയ കരകളും കരകളില്‍ ചിത്രപണികളുമുള്ളവയെല്ലാം കൈത്തറിയില്‍ തുന്നിയെടുക്കുന്നവ തന്നെ. സാരിയുടെ മുന്താണികളില്‍ വിസ്മയിപ്പിക്കുന്ന തരത്തിലുള്ള ഡിസൈനുകളാണ് ഇന്ന് കണ്ടുവരുന്നത്. മുന്താണിയില്‍ പീലിവിടര്‍ത്തിയാടുന്ന മയിലും കുതിച്ചുപായുന്ന ചുണ്ടവള്ളങ്ങളും കെട്ടുവള്ളങ്ങളും നിറഞ്ഞു നില്‍ക്കുകയാണ്. കസവുകൊണ്ട് മുസരിസിന്റെ ലോഗോ സാരിമുന്താണിയില്‍ തയാറാക്കിയതാണ് ഏറ്റവും പുതിയ ഡിസൈന്‍. ചുവന്ന കൈത്തറിസാരിയില്‍ സ്വര്‍ണകസുവുകൊണ്ട് മുസരിസിന്റെ ലോഗോ നെയ്ത സാരി ആരെയും ആകര്‍ഷിക്കും. മള്‍ട്ടികളര്‍ കസവുകളാണ് മറ്റൊരു പ്രത്യേകത. സ്വര്‍ണകസവിനൊപ്പം വിവിധ നിറങ്ങള്‍ ഇഴചേരുന്ന സാരി ബോര്‍ഡറുകള്‍ പുതുമ വിളിച്ചോതുന്നു. വിടര്‍ന്ന താമരയും സൂര്യനും പൂക്കളും പൂവല്ലികളും എന്നിങ്ങനെയുള്ള ചിത്രപണികളില്‍ നിന്ന് ശ്രീകൃഷ്ണ ലീലകളും പുരണാകഥാസന്ദര്‍ഭങ്ങളും ക്ഷേത്രകലാരൂപങ്ങളുമായി കസവു ഡിസൈനുകള്‍ വൈവിധ്യങ്ങളിലേക്ക് ചേക്കേറിയിരിക്കുന്നു.
ഉടുക്കാന്‍ എളുപ്പമെന്നതും മലയാളത്തിന്റെ തനിമ പകരുന്നതിനാലും കൗമാരക്കാര്‍ക്കിടയില്‍ സാരിയേക്കാള്‍ പ്രചാരം സെറ്റു മുണ്ടുകള്‍ക്കാണ്. സിങ്കിള്‍ സെറ്റു മുണ്ടുകളേക്കാള്‍ ചെറുപ്പക്കാര്‍ക്കിഷ്ടം ഡബിള്‍ സെറ്റുമുണ്ടുകളാണ്. പ്രായമായവര്‍ക്ക് ചെറിയ കരകളുള്ള സാരികളും പ്രത്യേക ഡിസൈനുകളുള്ള സെറ്റും മുണ്ടും വേറെതന്നെ. തുണിക്കരയുള്ള സെറ്റുമുണ്ടുകള്‍ സരസമായ ഭംഗി നല്‍കുന്നു. കര ചുരുങ്ങുകയോ നിറം മങ്ങുകയോ ഇല്ല എന്നതിനാലും ഏതു വര്‍ണത്തിലുള്ള കരയുള്ളതും വിപണിയിലുള്ളതിനാലും ഇത്തരത്തിലുള്ള സെറ്റ് മുണ്ടുകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ് വെള്ളികസവുള്ള സെറ്റുമുണ്ടുകള്‍ക്കും സാരികള്‍ക്കും പ്രിയമേറുകയാണ്. ഇരുവശത്തും കറുപ്പു കരയും നടുവില്‍ വെള്ളിനൂലില്‍ നെയ്ത ചിത്രപണികളുമുള്ള സെറ്റുമുണ്ട് കസവുപുടവയിലെ പുതുമ തന്നെ.
തിരുവിതാംകൂര്‍ മഹാരാജാവിന് 'കരയും കസവും' നെയ്ത ബാലരാമപുരത്തെ നെയ്ത്തുകാരുടെ പിന്‍തലമുറക്കാരില്‍ നിന്നും എത്തുന്ന ബലരാമപുരം കസവുപുടവകളും കുത്താംമ്പുള്ളി പുടവകളും ഇന്ന് കേരളമെങ്ങും മാത്രമല്ല കടലും കടന്ന് വിദേശരാജ്യങ്ങളിലേക്ക് വരെ പോവുന്നു. സ്വര്‍ണനൂലുകള്‍ പാകിയ രാജകീയ ഡിസൈനുകളാണ് പരമ്പരാഗത കൂത്താമ്പുള്ളി സാരിയുടെ പ്രത്യേകത. ആന, അരയന്നം, മയില്‍, പൂവള്ളികള്‍ തുടങ്ങിയ രൂപങ്ങള്‍ ജീവസ്സുറ്റ ചിത്രങ്ങളായി സാരികളില്‍ വിടരുന്നു. കാസര്‍കോടില്‍ നിന്നുള്ള സെമിഫൈന്‍ കസവ് പിടിപ്പിച്ച കൈത്തറി കോട്ടണ്‍ സാരികളും ഓണവിപണിയില്‍ മുന്നിട്ടു നില്‍ക്കുന്നു. ഓണത്തിന് കൈത്തറി വസ്ത്രങ്ങള്‍ക്ക് സര്‍ക്കാര്‍ റിബേറ്റ് ഉള്ളതും കൈത്തറി വസ്ത്രങ്ങളുടെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നു. ഓണത്തപ്പനെ വരവേല്‍ക്കാന്‍ മലയാളത്തനിമയുള്ള കസവുപുടവകളെ വെല്ലാന്‍ മറ്റൊന്നുമില്ലെന്ന് തെളിയിക്കുകയാണ് വിപണി.

Write A Comment

 
Reload Image
Add code here