ഫാന്‍സി മൂക്കുത്തികള്‍

Mon,Aug 01,2016


ടീനേജേഴ്‌സിന്റെ ആഭരണശേഖരത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി മാറിയിരിക്കുന്നു മൂക്കുത്തി. മുമ്പൊക്കെ ഉത്സവാഘോഷങ്ങളില്‍ പട്ടുപാവാടയും സെറ്റുസാരിയുമൊക്കെ അണിയുമ്പോള്‍ മാത്രമാണ് സ്റ്റൈലിന് മൂക്കുത്തി അണിഞ്ഞിരുന്നത്. ട്രെന്‍ഡിന്റെ വേലിയേറ്റത്തിനിടയില്‍ ജീന്‍സിനും ടോപ്പിനുമൊപ്പം മൂക്കുത്തി അണിയുന്നതും ഫാഷനായി മാറി. ഫാന്‍സി ടൈപ്പ് മൂക്കുത്തികളാണ് പുതിയ ഫാഷന്‍ സ്റ്റേറ്റ്‌മെന്റ്. ഡ്രസ് മാച്ച് അനുസരിച്ച് ഇതു ലഭ്യമാണ്. അതുകൊണ്ടുതന്നെ മോഡേണ്‍ ഡ്രസിനൊപ്പം മൂക്കുത്തി അണിയാന്‍ പെണ്‍കൊടിമാര്‍ക്കുള്ള താത്പര്യം പതിന്മടങ്ങാണ്.
പത്തു രൂപ മുതല്‍ മൂക്കുത്തികള്‍ ലഭ്യമാണ്. പിസ്ത ഗ്രീന്‍, ലെമണ്‍ യെല്ലോ, ലൈലാക്ക് ബ്ലൂ... തുടങ്ങിയ നിറങ്ങളില്‍ കല്ലു പതിപ്പിച്ച മൂക്കുത്തികളാണ് ടീനേജേഴ്‌സിനു പ്രിയം. കൊച്ചു കല്ലോടു കൂടിയ വെള്ളി മൂക്കുത്തികളും വിപണിയില്‍ ലഭ്യമാണ്. ഫാന്‍സി ടൈപ്പില്‍ സ്റ്റാര്‍, കാര്‍ട്ടൂണ്‍ കാരക്‌ടേഴ്‌സ്, പൂച്ച, പട്ടി, പക്ഷികള്‍ എന്നിവയുമുണ്ട്. പേള്‍ മൂക്കുത്തികള്‍ കറുപ്പും വെളുപ്പും നിറങ്ങളില്‍ ലഭ്യമാണ്. റിംഗ് ടൈപ്പ് മൂക്കുത്തികളാണ് മറ്റൊരാകര്‍ഷണം. സിംപിള്‍ റിംഗ്, റിംഗുകളില്‍ കല്ലും നക്ഷത്രവും പതിപ്പിച്ചവ, തൊങ്ങലോടു കൂടിയവ... എന്നിങ്ങനെ പോകുന്നു മൂക്കുത്തികള്‍.
മുമ്പൊക്കെ മൂക്കുത്തി അണിയാന്‍ മൂക്കു തുളയ്ക്കണമെന്നതിനാല്‍ അധികമാരും തന്നെ ആ സാഹസത്തിന് മുതിരില്ലായിരുന്നു. ഇന്ന് പ്രസ്സിംഗ് ടൈപ്പ് മൂക്കുത്തികള്‍ക്കാണ് വിപണിയില്‍ ഡിമാന്‍ഡ്. ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ ഇത്തരം മൂക്കുത്തികള്‍ മൂക്കില്‍ ഒട്ടിക്കാം. മൂക്കു തുളയ്‌ക്കേണ്ട ആവശ്യമില്ല എന്നത് പ്രസ്സിംഗ് ടൈപ്പ് മൂക്കുത്തിയെ പെണ്‍കുട്ടികള്‍ക്കിടയില്‍ പോപ്പുലറാക്കി. ഒറ്റക്കല്ലു മുതല്‍ ഏഴ് കല്ലുകള്‍ വരെ പതിപ്പിച്ച മൂക്കുത്തികള്‍ ഇക്കൂട്ടത്തിലുണ്ട്. 15 രൂപയാണ് പ്രസ്സിംഗ് ടൈപ്പ് മൂക്കുത്തിയുടെ വില.

Write A Comment

 
Reload Image
Add code here