വര്‍ണ വിസ്മയമൊരുക്കി കുടകള്‍

Wed,Jun 22,2016


ഫാഷന്‍ ആക്‌സസറീസില്‍ ഇപ്പോള്‍ കുടയ്ക്കു വന്‍ ഡിമാന്‍ഡുണ്ട്. മഴക്കാലത്ത് ബാഗിലും തോളിലുമൊക്കെ സന്തതസഹചാരിയായി പറ്റികൂടുന്ന കുടയ്ക്ക് കറുപ്പു നിറം എന്നേ അന്യമായി. കുടവിപണിയില്‍ വര്‍ണങ്ങളുടെ പെരുമഴക്കാലമാണിപ്പോള്‍. ആകൃതിയിലും നിറത്തിലുമൊക്കെ ഒരുപാടുമാറ്റമാണിപ്പോള്‍ കുടയിലുള്ളത്. കാലന്‍കുടയും പോക്കറ്റില്‍ ഇടാവുന്ന കുടയും ചതുരത്തിലും വട്ടത്തിലും പഗോഡാ സ്റ്റൈലിലുമൊക്കെ കുട മനംകവരുകയാണ്. ഫാന്‍സി കുടകളാണ് വിപണിയിലെ പുതുമ. വസ്ത്രത്തിന്റെ നിറത്തിനു മാച്ചാകുന്ന കുടകളോടാണ് പെണ്‍മണികള്‍ക്കു പ്രിയം. സ്‌ട്രൈപ്പ്‌സ്, പ്ലെയ്ഡ്, ഫ്‌ളോറല്‍ ഡിസൈനുകളിലുള്ള കുടകളാണ് ഇത്തവണത്തെ താരങ്ങള്‍. ചുവപ്പ്, മഞ്ഞ, പച്ച, വയലറ്റ്, മഞ്ചെന്റ, പിങ്ക് എന്നീ നിറങ്ങള്‍ക്കാണ് വിപണിയില്‍ ഡിമാന്‍ഡ്. ഈ നിറങ്ങള്‍ക്കൊപ്പം ഫാന്‍സി കുടകളെ മനോഹരമാക്കുന്നത് വശങ്ങളില്‍ പിടിപ്പിച്ചിട്ടുള്ള ഫ്രില്ലുകളാണ്. ഡോട്ടുകളും ഫ്‌ളോറല്‍ പ്രിന്റും മറ്റും കൊണ്ട് സ്റ്റൈലാക്കിയതാണ് ഫാന്‍സി കുടകള്‍. അകത്ത് പ്രിന്റുള്ള കുടകളും ഇത്തവണ വിപണിയില്‍ എത്തിയിട്ടുണ്ട്. പാനലുകളില്‍ കോണ്‍ട്രാസ്റ്റ് നിറമുള്ളവയ്ക്കും ഫാന്‍സുണ്ട്. പട്ടുതുണിയില്‍ ഉണ്ടാക്കിയിരിക്കുന്ന ഫാന്‍സി കുടകള്‍ക്ക് 500 രൂപയാണ്. പണ്ടൊക്കെ മുത്തച്ഛന്മാര്‍ക്കു മാത്രം സ്വന്തമായിരുന്ന കാലന്‍കുട കോളജ് കുമാരി-കുമാരന്മാര്‍ക്ക് ഇന്ന് ഏറെ പ്രിയപ്പെട്ടതാണ്. ചൂരലിന്റെ പിടിയുള്ള കാലന്‍കുടയാണ് ഇത്തവണത്തെ ട്രെന്‍ഡ്. 250 രൂപ മുതല്‍ 600 രൂപ വരെയാണ് ഇവയുടെ വില. സാധാരണ കുടയെക്കാള്‍ ഇവയ്ക്ക് വിസ്താരം കൂടുതലായിരിക്കും. ചൈനീസ് കാലന്‍ കുടകള്‍ക്കും ആവശ്യക്കാരുണ്ട്. ഫൈബര്‍ കോട്ടിംഗ് ഉള്ളതിനാല്‍ ഇവ പെട്ടെന്ന് തുരുമ്പിക്കില്ല. ടാന്‍സ്പാരന്റ് മെറ്റീരിയലും പ്ലാസ്റ്റികും മിക്‌സ് ചെയ്താണ് നിര്‍മിച്ചിരിക്കുന്നത്. പെണ്‍കുട്ടികളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനായി കാലന്‍കുടയുടെ പിടിയില്‍ ലവ് സൈനും പീകോക്ക് ഡിസൈനുമൊക്കെ ഉണ്ട്. കറുത്ത നിറത്തിനൊപ്പം ചുവപ്പ്, നീല, പിങ്ക്, ഓറഞ്ച്, വയലറ്റ്, ബ്രൗണ്‍ നിറങ്ങളിലും ഇവ ലഭ്യമാണ്. 100 മുതല്‍ 500 രൂപ വരെയാണ് ഇവയുടെ വില. കാമ്പസ് സുന്ദരികളെ ലക്ഷ്യമാക്കി മുമ്പ് ഇറങ്ങിയ ത്രി ഡി ഡിസൈനിംഗ് കുടകള്‍ ഇത്തവണയുമുണ്ട്. തുണിയില്‍ പൂക്കള്‍, മൃഗങ്ങള്‍, ചിത്രശലഭം, ചെക്ക്, ഡോട്ട് എന്നിവയാണ് ത്രിഡി ഡിസൈനിംഗ് കുടകളില്‍ പ്രിന്റ് ചെയ്തിരിക്കുന്നത്. മിക്‌സഡ് കളറുകളിലുള്ള ഈ കുടകള്‍ക്ക് 400 രൂപ മുതലാണ് വില.

Write A Comment

 
Reload Image
Add code here