ട്രെന്‍ഡ് ആയി മുളയാഭാരണങ്ങള്‍

Tue,Jun 14,2016


ഓടക്കുഴല്‍ ഉണ്ടാക്കാനും തൊട്ടിലുകള്‍ ഉണ്ടാക്കാനും മാത്രമല്ല മുളകള്‍ ഉപയോഗിക്കുക, വയനാട് ജില്ലയിലെ തൃക്കൈപറ്റയിലുള്ള ഉറവ് എന്ന സംഘടനയില്‍ ചെന്നാല്‍ നമുക്കത് മനസിലാകും. ഇവിടെ മുളകളില്‍ ആദിവാസികള്‍ കല വിരിയിക്കുകയാണ്.നല്ല ഭംഗിയായി ചീകിയൊതുക്കി മിനുക്കുപണികളൊക്കെ ചെയ്ത മുളന്തണ്ടുകളുകളില്‍ മനോഹരമായ ആഭരണങ്ങള്‍ വിരിയുന്നു. കണ്ടാല്‍ ഒരിക്കലും പറയില്ല ആ ആഭരണങ്ങള്‍ ഒരിക്കല്‍ പാഴ്‌വസ്തുവായിരുന്ന മുളയില്‍ നിന്നും ഉണ്ടായതാണ് ഈ ആഭരണങ്ങള്‍ എന്ന്. ഇപ്പോഴും ഒരേ പോലെയുള്ള വളകളും മാലയും മോതിരവും ഇട്ടു മടുത്ത സുന്ദരമാരുടെ സൗന്ദര്യ ചെപ്പിലേക്ക് ഈ മുളയാഭാരണങ്ങളും സ്ഥാനം പിടിച്ചു കഴിഞ്ഞു. ഹെയര്‍ ക്ലിപ്പ് മുതല്‍ ചെരിപ്പു വരെയുള്ള മുളയാഭരണങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. സംസ്‌കരിച്ച മുള ചീകി നാരുകളാക്കിയാണ് ആഭരണങ്ങള്‍ നിര്മ്മിക്കുന്നത്. ശേഷം, മനോഹരമായ നിറങ്ങള്‍ നല്കി ഇതിനെ കൂടുതല്‍ അഴകുള്ളതാക്കും. സാരിക്കൊപ്പവും ട്രെന്‍ഡി വസ്ത്രങ്ങള്‍ക്കൊപ്പവും ധരിക്കാവുന്ന റീ ആഭരണങ്ങള്‍ക്ക് വളരെ ചെറിയ വിലയെ ഉള്ളൂ എന്നതാണ് മറ്റൊരു പ്രധാന കാര്യം. അതുകൊണ്ട് തന്നെ ഫാഷന്‍ ലോകത്ത് മുളയാഭരണങ്ങള്‍ക്ക് സ്ഥാനവുമുണ്ട്. മുളയില്‍ തീര്‍ത്ത മാല, വള, കമ്മല്‍, മോതിരം, ഹെയര്‍ ക്ലിപ്പ്, ബാഗ്, പഴ്‌സ്, മൊബൈല്‍ പൗച്ച്, ചെരിപ്പ് ഇങ്ങനെ ഒരു നീണ്ട നിര തന്നെയുണ്ട് മുളന്തണ്ടില്‍ വിരിയുന്ന ഫാഷന്‍ ആക്‌സസറീസിന്റെ. മുളയാഭരണങ്ങളില്‍ പ്രിയം കൂടുതല്‍ മുത്തുകള്‍ പതിപ്പിച്ചവയ്ക്കാണ്. നേര്‍ത്ത മുള സംസ്‌കരിച്ച് ചെറുതായി മുറിച്ചാണ് ബാംബു മുത്തുകള്‍ നിര്‍മിക്കുന്നത്. ഇനി കുറച്ചു കൂടി സ്‌റ്റൈല്‍ ആഗ്രഹിക്കുന്നു എങ്കില്‍ മുത്തുകള്‍ക്കൊപ്പം ചിപ്പിയും ഗ്ലാസും സ്വീക്വന്‍സുമൊക്കെ പിടിപ്പിച്ച ആഭരണങ്ങളും റെഡി. മുളന്തണ്ട് ചെറുതാക്കി പല നിറത്തില്‍ ബാംബൂ ബീഡ്‌സ് പിടിപ്പിച്ചാണ് സ്റ്റഡ് ആയും ഹാങിങ്ങായും ബാംബു കമ്മലുകള്‍ ഇറങ്ങുന്നത്. വളകള്‍ ആകട്ടെ, മുളകള്‍ സാന്‍ഡ് പേപ്പര്‍ കൊണ്ട് ഉരച്ച് മിനുസപ്പെടുത്തിയാണ് നിര്‍മിക്കുന്നത്. പല ആകൃതിയിലും വളകള്‍ നിര്‍മ്മിക്കുന്നു. ഇവയില്‍ പിന്നീടു മുത്തും കല്ലുകളുമൊക്കെ പിടിപ്പിച്ചു കൂടുതല്‍ ഭംഗിയുള്ളതാക്കുന്നു. 30 മുതല്‍ 35 രൂപ വരെ വില വരുന്ന മോതിരങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ഉറവിലെ തൊഴിലാളികളുടെ കരകൗശലം ബാഗുകളിലും പേഴ്‌സുകളിലും മൊബൈല്‍ പൗച്ചുകളിലും കൂടി നമുക്ക് കാണാനാകും. പെര്‍ഫക്റ്റ് ഫിനിഷിംഗ് എന്നതാണ് മുള ബാഗുകളുടെ പ്രത്യേകത. മുളകളില്‍ തീര്‍ത്ത രഥങ്ങള്‍, പൂക്കള്‍ എന്നിവയും ഉറവില്‍ സുലഭം. മറ്റു പല സ്ഥലങ്ങളിലും മുളയില്‍ നിന്നും ആഭരണങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട് എങ്കിലും ഉറവില്‍ നിര്‍മ്മിക്കുന്ന ആഭരണങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടുതലാണ് എന്നത് അതിനെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. അതിനുള്ള കാരണം ആദിവാസികളുടെ കരവിരുത് തന്നെ.

Write A Comment

 
Reload Image
Add code here