ഇത് പലാസോ കാലം

Tue,Jun 14,2016


ഒറ്റനോട്ടത്തില്‍ പാന്റാസാണോ അതോ, പാവാടയാണോ എന്ന് തിരിച്ചറിയാന്‍ ആകാത്ത രൂപം. സൂക്ഷിച്ചു നോക്കിയാല്‍ മനസിലാകും പാന്റു തന്നെ. ഇനി പാന്റ്‌സ് എന്നങ്ങാനും പറഞ്ഞു പോയാലോ, അപ്പോള്‍ വരും ന്യൂജെന്‍ വക തിരുത്ത്, ഇത് പാന്റ്‌സ് അല്ല പലാസോയാണ്. അതെ, മഴക്കാലം ആരംഭിച്ചതോടെ ലെഗ്ഗിന്‍സിനും ജീന്‍സിനും എല്ലാം പെണ്‍കുട്ടികള്‍ പതുക്കെ അവധി കൊടുത്ത് തുടങ്ങി. ഇപ്പോള്‍ അരങ്ങു വാഴുന്നത് ട്രൗസറുകളും പലാസോയുമാണ്. പഴയ ബെല്‍ബോട്ടം രീതിയിലുള്ള പാന്റ്‌സുകള്‍ ആണ് ഇന്നത്തെ പലാസോകള്‍. കോട്ടണ്‍, ഷിഫോണ്‍, ലിനന്‍, ക്രേപ് തുടങ്ങി പല മെറ്റീരിയലുകളിലും പലാസോ ലഭ്യമാണ്. ഇടാന്‍ എളുപ്പം, നനഞ്ഞാല്‍ ഉണങ്ങാന്‍ എളുപ്പം, ഇനി മഴവെള്ളം ആണ് പ്രശ്‌നമെങ്കില്‍ അല്പം പൊക്കിപിടിക്കുകയുമാകാം. ഇതൊക്കെയാണ് മഴക്കാലത്ത് പലാസോ തരംഗമാകാന്‍ കാരണം. എന്നാല്‍, ഇതൊന്നുമല്ല കളര്‍ഫുള്‍ ലുക്ക് ആണ് പലാസോയിലേക്ക് തങ്ങളെ ആകര്‍ഷിച്ചത് എന്ന് കാമ്പസ് താരങ്ങള്‍. ഫെമിനിന്‍ ലുക്ക് നല്‍കുന്ന വസ്തമാണ് പലാസോ എന്നതില്‍ ഭിന്നാഭിപ്രായമില്ല. ബെയ്ജ്, കാക്കി, വെള്ള, കറുപ്പ് തുടങ്ങിയ ന്യൂട്രല്‍ നിറങ്ങളിലെ പലാസോയ്ക്കാണ് ആവശ്യക്കാര്‍ ഏറെ . എന്ന് കരുതി, നമ്മുടെ പ്രിന്റെഡ് പലാസോകള്‍ വെറുതെയാണ് എന്നല്ല കേട്ടോ. വരുന്നതിലും വേഗത്തിലാണ് കടകളില്‍ നിന്നും പലാസോകള്‍ വിറ്റുപോകുന്നത് എന്ന് കൊച്ചിയിലെ കടകള്‍ സാക്ഷ്യപ്പെടുത്തുന്നു. ടെയ്‌ലേഡ് ഷര്‍ട്ടുകളോ ഫിറ്റഡ് ടോപ്പുകളോ ബോഡി ഹഗ്ഗിങ് ടീഷര്‍ട്ടുകളോ ആണ് പലാസോയ്ക്ക് ഒപ്പം ചേരുന്നത്. അയവുള്ള ടോപ്പുകള്‍ ഇതിനൊപ്പം ചേരില്ല. കോളേജിലെ പെണ്‍കൊടികളെ കൂടുതല്‍ ആകര്‍ഷിക്കുന്നതാകട്ടെ സ്ലീവ്‌ലെസ്സ് ടോപ്പുകളും. ഉയരമുള്ളവര്‍ക്കാണ് പലാസോ കൂടുതല്‍ ചേരുക. ഇനി ഉയരം അല്പം കുറഞ്ഞു എന്ന് കരുതി പലാസോ ധരിക്കാനുള്ള ആഗ്രഹം ഉപേക്ഷിക്കണ്ട. ടക് ഇന്‍ ചെയ്ത ടോപ്പുകള്‍ക്കൊപ്പം ധരിച്ചാല്‍ ഈ പ്രശ്‌നം പരിഹരിക്കാം. ഒരേ സമയം മോഡേണ്‍ ലുക്കും പരമ്പരാഗത ലുക്കും നല്കുന്നു എന്നതാണ് പലാസോയുടെ മറ്റൊരു പ്രത്യേകത.

Write A Comment

 
Reload Image
Add code here