അഴകിന്റെ പര്യായമായി ജിമുക്കി

Tue,May 24,2016


സ്വര്‍ണ ജിമുക്കികള്‍ മലയാളി പെണ്‍കൊടിമാരുടെ അഴകിന്റെ പര്യായമാണെന്ന വിശ്വാസം പണ്ടുമുതലേ ഉണ്ട്. വലിയ കുടപോലുള്ള ജിമുക്കികളായിരുന്നു എഴുപതുകളിലെ യുവതികളുടെ ഹരം. എണ്‍പതുകളിലാകട്ടെ നെറ്റ് ജിമുക്കികള്‍ രംഗത്തെത്തി. തത്തക്കൂടുപോലുള്ള ജിമുക്കികളും കല്ലു പതിച്ച ജിമുക്കികളും തൊണ്ണൂറുകളിലും രണ്ടായിരത്തിലും രംഗം കീഴടക്കി. തുടര്‍ന്നു സ്വര്‍ണക്കമ്മലുകള്‍ക്കായി ഡിമാന്റ്. എന്നാല്‍ അടുത്ത കാലത്തായി മാര്‍ക്കറ്റില്‍ ജിമുക്കികള്‍ വീണ്ടും സജീവമായി. വിവാഹവേളകളില്‍ യുവതികള്‍, സ്വര്‍ണജിമുക്കികളും ഡയമണ്ട് ജിമുക്കികളും അണിഞ്ഞെത്തി. 2016 ലും താരറാണി ജിമുക്കി തന്നെ. കല്ലുവച്ച സ്വര്‍ണജിമുക്കികളും വൈരക്കല്ലുപതിപ്പിച്ച ജിമുക്കികളും ഒരു ഗ്രാം സ്വര്‍ണത്തിലെ തങ്കം തോല്‍ക്കുന്ന ജിമുക്കികളും യഥേഷ്ടം. ന്യൂജന്‍ പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്നത് ബ്ലാക്ക് മെറ്റല്‍, വൈറ്റ് മെറ്റല്‍ ജിമുക്കികളാണ്. പല നിറത്തിലെ മുത്തുകള്‍ അറ്റത്തു പതിപ്പിച്ച ഇത്തരം മൈറ്റല്‍ ജിമുക്കികള്‍ മോഡേണ്‍ വസ്ത്രങ്ങള്‍ക്കൊപ്പവും സാരിക്കൊപ്പവും അണിയാവുന്നതാണ്. ഇതുപോലെ ഇനാമല്‍ ജിമുക്കികളും യുവതലമുറയുടെ ഇഷ്ട ആഭരണമാണ്. വാട്ടര്‍ പ്രൂഫ് ആണ് ഇനാമല്‍ കമ്മലുകള്‍ എന്നതും വലിയൊരു പ്ലസ് പോയിന്റാണ്. വെട്ടിത്തിളങ്ങുന്ന സ്വര്‍ണനിറത്തിലെ ജിമുക്കികള്‍ക്കു പകരം അല്‍പം മങ്ങിയ സ്വര്‍ണ നിറത്തിലെ (ഡള്‍ ഗോള്‍ഡ്) മെഹന്തി ജിമുക്കികളും ഇന്നു വിപണിയില്‍ ധാരാളമാണ്.
പല നിരകളിലുള്ള തട്ടു ജിമുക്കികള്‍, തൊങ്ങലുകള്‍ പതിപ്പിച്ച ജിമുക്കികള്‍, ജിമുക്കിയുടെ നടുവില്‍ നിന്നും മുത്തുകള്‍ തൂങ്ങിക്കിടക്കുന്ന മാതൃകകള്‍ എന്നിവയ്ക്കും ഡിമാന്‍ഡുണ്ട്. വലിയ റിംഗുകളുടെ അറ്റത്ത് തൂക്കിയിട്ട രീതിയിലെ ജിമുക്കികള്‍ ടീനേജ് പെണ്‍കുട്ടികളെ ആകര്‍ഷിക്കുന്നവയാണ്. പഴയ ആഭരണപ്പെട്ടിയുടെ മാതൃകയില്‍, പിരമിഡിന്റെ മാതൃകയില്‍, ചതുരപ്പലകയുടെ മാതൃകയില്‍ അങ്ങനെ വ്യത്യസ്തതയാര്‍ന്ന നിരവധി ഡിസൈനുകള്‍ ഉണ്ട്. സ്റ്റഡുകള്‍ ഉള്ളതും, ഹാംഗിംഗ് ജിമുക്കികളും തരാതരം തെരഞ്ഞെടുക്കാം. വിവിധ ഡിസൈനുകളിലുള്ള അണിയുന്ന വസ്ത്രങ്ങള്‍ക്കു യോജിച്ച നിറത്തിലെ കല്ലു ജിമുക്കികള്‍ വാങ്ങാവുന്നതാണ്. പേള്‍, ക്രിസ്റ്റല്‍, പലയിനം മുത്തുകള്‍ എന്നിവ പതിച്ച ജിമുക്കികള്‍ പ്രായഭേദമില്ലാതെ എല്ലാവര്‍ക്കും ഉപയോഗിക്കാം. ഇടക്കാലത്ത് ട്രെന്‍ഡിയായിരുന്ന കളിമണ്‍ നിര്‍മാതാക്കളായ ജിമുക്കികള്‍, കല്‍ക്കട്ടാ ജിമുക്കികള്‍ എന്നിവയും ഇന്നും ഫാന്‍സി കടകളില്‍ ലഭ്യമാണ്. നിറം മങ്ങാത്ത മൈക്രോപ്ലേറ്റഡ് ജിമുക്കികള്‍, അലര്‍ജി വരാത്ത മാറ്റ് ഫിനിഷിംഗ് ഉള്‍പ്പെടെയുള്ള ജിമുക്കികള്‍ എന്നിവയ്ക്കും വന്‍ ഡിമാന്റാണ്. പരമ്പരാഗത ഡിസൈനുകളായ ആന്റിക്ക് കളക്ഷന്‍സ്, ക്ഷേത്ര മാതൃകയിലുള്ള ടെമ്പിള്‍ കളക്ഷന്‍സ്, അമേരിക്കന്‍ ഡയമണ്ട് ജിമുക്കികള്‍ എന്നിവയ്ക്കു 1500 മുതല്‍ 2500 വരെ വിലവരും. ചെറു ജിമുക്കികള്‍ക്കു 30 രൂപ മുതല്‍ 2500 രൂപ വരെയാണ് വില.

Write A Comment

 
Reload Image
Add code here