കണ്ണിന് ന്യൂജെൻ ലുക്ക്

Mon,May 09,2016


കാഴ്ചയ്ക്ക് മങ്ങലേൽക്കുമ്പോൾ മാത്രം കണ്ണട തപ്പി നടക്കുന്ന കാലം മാറി. ഫാഷനും ട്രെൻഡും ഇപ്പോൾ കണ്ണടകൾക്കുമുണ്ട്. മാറി മാറി വരുന്ന ഫാഷനു പിന്നാലെ പായുന്ന ന്യൂജെൻ അല്പം ഗ്‌ളാമറസ്സാകാൻ കണ്ണടകൾക്ക് പിന്നാലെയും പോയിത്തുടങ്ങി. വസ്ത്രങ്ങൾക്കും ആഘോഷങ്ങൾക്കും ഇണങ്ങുന്ന രീതിയിൽ പുതു ഫാഷനിൽ വിവിധ മോഡലുകളിൽ ഇപ്പോൾ കണ്ണടകൾ കിട്ടാനുണ്ട്. ഹെയർ സ്‌റ്റൈലിനനുസരിച്ച് പാകമായ കണ്ണടകളും സുഭലമാണിപ്പോൾ. കണ്ണട വാങ്ങുന്നവരുടെ എണ്ണം വർദ്ധിച്ചതോടെ വിവിധ മോഡലുകളിലുള്ള കണ്ണടകളാണ് വിപണിയിൽ ഇറങ്ങുന്നത്. ഉപഭോക്താക്കളുടെ ഡിമാൻഡ് കൂടിയതോടെ യു. എസ്., യു. കെ., തുടങ്ങിയ രാജ്യങ്ങളിൽ നിന്നുപോലും ലെൻസും ഫ്രെയിമും ഇറക്കുമതി ചെയ്യുന്നുണ്ട്. പ്‌ളാസ്റ്റിക്കിലും മെറ്റലിലും തീർത്ത കണ്ണടകളോടാണ് ന്യൂജനിനും പ്രിയം. ഈ കണ്ണടകൾ ഉപയോഗിക്കുന്നത് വ്യത്യസ്ത സമയങ്ങളിലുമാണ്. ഓഫീസ് മീറ്റിംഗുകളിലും മറ്റ് പ്രധാന പരിപാടികളിൽ പങ്കെടുക്കുന്നവർ എക്‌സിക്യൂട്ടിവ് ലുക്കിനായി മെറ്റലിൽ രൂപകല്പന ചെയ്ത കണ്ണടകളാണ് ഉപയോഗിക്കുന്നത്.
എന്നാൽ പ്ലാസ്റ്റിക് ഫ്രെയിമുകളിൽ രൂപകല്പന ചെയ്ത കണ്ണടകൾ കൂടുതലായും ഫാഷൻ ലുക്കാണ് നൽകുന്നത്. ആയതിനാൽ ഇത്തരത്തിലുള്ള കണ്ണടകൾ യുവാക്കളുടെ ഇടയിൽ ഹരമായി മാറിക്കഴിഞ്ഞു. അതിനിടെ പ്രായമായവർ ഉപയോഗിക്കുന്ന ബ്ലാക്ക് ഫ്രെയിം കണ്ണടകൾക്കും പുതുതലമുറയിൽ ആവശ്യക്കാർ ഏറെ. മൂന്നു തരത്തിലാണ് കണ്ണടകളുടെ ഫ്രെയിമുകൾ നിർമിച്ചിരിക്കുന്നത്. പ്രായവും പക്വതയും കൂട്ടാൻ കറുപ്പിനൊപ്പം മറ്റൊന്നിനുമാവില്ല. ഇതിൽ ഫുൾ ഫ്രെയിം, ഹാഫ് ഫ്രെയിം, ഫ്രെയിം ലസ്സ് എന്നിവ പ്രത്യേകം ചോദിച്ചു വാങ്ങുന്നവരുണ്ട്. ഫുൾഫ്രെയിം കണ്ണടകളിൽ വലിപ്പം കൂടിയ കണ്ണടയ്ക്കാണ് കൂടുതൽ ആവശ്യക്കാരുള്ളത്. ഇത് കൂടുതലായും യുവാക്കളാണ് വാങ്ങുന്നത്. ക്യാറ്റ് ഐ വിഭാഗത്തിൽ രൂപകല്പന ചെയ്ത കണ്ണടകളോടാണ് സ്ത്രീകൾക്ക് പ്രിയം. എന്നാൽ പുരുഷന്മാർ ചതുരത്തിലും വൃത്തത്തിലുമുള്ള കണ്ണടകളാണ് കൂടുതലായും ഉപയോഗിക്കുന്നത്. അതിൽ തന്നെ ലെൻസിനും ഫ്രെയിമിനും വലിപ്പം കൂടുതലായിരിക്കും. ഫ്രെയിമുകളുടെ നിറത്തിലും വ്യത്യാസമുണ്ട്. കൂടാതെ ലെൻസ് പവർ കൂടുതലുള്ളവർക്ക് എച്ച്. ഡി. ലെൻസുകൾ വരെ വിപണിയിൽ ലഭ്യമാണ്. കാഴ്ചയിൽ പവറുള്ള കണ്ണടയാണെന്ന് മനസ്സിലാക്കാൻ പറ്റാത്ത രീതിയിലാണ് ഇവയുടെ നിർമാണം. പ്രമുഖ കമ്പനികളുടെ എല്ലാത്തരം കണ്ണടകളും ഇന്ന് വിപണിയിൽ ലഭ്യമാണ്. 500 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള കണ്ണടകളുടെ ശ്രേണിയാണ് ഒരുക്കിയിട്ടുള്ളത്. പൈസ കൂടുന്നതിനനുസരിച്ച് കണ്ണടയുടെ സവിശേഷതയിലും മാറ്റമുണ്ട്. ഷെൽ മോഡലിലുള്ള കണ്ണടകൾക്ക് 900 മുതൽ 4000 വരെയാണ് വില. ഇതിൽ 4000 രൂപയുടെ കണ്ണട ഭാരം കുറവും കൂടാതെ ഉപയോഗിക്കുന്ന ആൾക്ക് ഈ കണ്ണട മൂലം അലർജി ഉണ്ടാകില്ലെന്ന് കമ്പനി അവകാശപ്പെടുന്നു. സാധാരണ കണ്ണടകൾക്ക് പുറമേ സൺഗ്ലാസുകളോടുള്ള പ്രിയം വേറെതന്നെയാണ്. യാത്ര ചെയ്യുന്നവരിൽ കൂടുതലായും സൺ ഗ്‌ളാസുകൾ ഉപയോഗിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഇവർക്കായി വിവിധതരത്തിലുള്ള സൺഗ്‌ളാസുകൾ വിപണിയിൽ ലഭ്യമാണ്. ആവശ്യക്കാരന്റെ ഇഷ്ടാനുസരണം വിവിധ നിറങ്ങളിലുള്ള ലെൻസുകളും ഫ്രെയിമുകളും തിരഞ്ഞെടുക്കാം. വിലിപ്പം കൂടിയതും കറുത്ത ഫ്രെയിമിലും ലെൻസിലും നിർമിച്ച സൺ ഗ്‌ളാസുകളാണ് കൂടുതലായും വാങ്ങുന്നത്. ഇതിൽ പ്‌ളാസ്റ്റിക് മെറ്റൽ ഫ്രെയിമുകളിലുള്ള സൺഗ്‌ളാസുകളും ഉണ്ട്.

Write A Comment

 
Reload Image
Add code here